നമോസുനാമി

നമോസുനാമി

ഇന്ത്യയുടെ വിജയം: മോദി

ഒരുമിച്ച് നമുക്ക് വളരാം. ഒരുമിച്ച് നമുക്ക് പുരോഗതി നേടാം. കരുത്തുറ്റ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ നമുക്കൊരുമിച്ച് നിര്‍മിക്കാം. ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു

ന്യൂഡെല്‍ഹി: അഞ്ചു വര്‍ഷത്തേക്ക് കൂടി രാജ്യത്തിന്റെ താക്കോല്‍ ചൗക്കിദാറെ വിശ്വസിച്ചേല്‍പ്പിച്ച് ഇന്ത്യന്‍ ജനത. 2014 ല്‍ വീശിയടിച്ചത് മോദി തരംഗമായിരുന്നെങ്കില്‍ ഇത്തവണത്തേത് സുനാമിയാണ്. മഹാഗഢ്ബന്ധനുകളെയും രാഷ്ട്രീയ ദുരാരോപണങ്ങളെയും തച്ചുതകര്‍ത്തു നേടിയ വിജയം മോദി-ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്യം അരക്കിട്ടുറപ്പിക്കുന്നതാണ്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 282 സീറ്റുകള്‍ ഇത്തവണ 296 ലേക്ക് ബിജെപി ഉയര്‍ത്തി. എന്‍ഡിഎ മുന്നണി 346 സീറ്റുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളികളായ യുപിഎ 90 സീറ്റുകളിലൊതുങ്ങി. 2014 ല്‍ നേടിയ 44 സീറ്റുകള്‍ 51 ലേക്ക് മെച്ചപ്പെടുത്തിയതിനപ്പുറം രാഹുല്‍-പ്രിയങ്ക സഖ്യം നയിച്ച കോണ്‍ഗ്രസിന്റെ പ്രകടനം അങ്ങേയറ്റം നിരാശാജനകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യക്തിപരമായി അഴിച്ചുവിച്ച അഴിമതിയാരോപണം ജനം മുഖവിലക്കെടുത്തില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജിഎസ്ടിക്കും നോട്ട് അസാധുവാക്കലിനും എതിരെ നടത്തിയ ആക്ഷേപങ്ങളും വിലപ്പോയില്ല.

ബിജെപിക്ക് കനത്ത തിരിച്ചടിയേല്‍ക്കുമെന്ന് പ്രവചിക്കപ്പെട്ട ഹിന്ദി ഹൃദയഭൂമി പാര്‍ട്ടിയെ ഇത്തവണയും കൈവിട്ടില്ല. നിസാര നഷ്ടമുണ്ടാക്കിയതിനപ്പുറം എസ്പി-ബിഎസ്പി മഹാഗഢ്ബന്ധന്‍ യുപിയില്‍ മോദിയുടെ വഴിമുടക്കിയായില്ല. കഴിഞ്ഞ തവണ 73 സീറ്റുകള്‍ നേടിയ യുപിയില്‍ ഇത്തവണ എന്‍ഡിഎ സീറ്റുകള്‍ 58 ആയാണ് കുറഞ്ഞത്. ജാതി സമവാക്യങ്ങളിലൂന്നി രൂപീകരിച്ച എസ്പി-ബിഎസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ട് 21 സീറ്റുകളില്‍ ഒതുങ്ങി. സീറ്റ് കുറഞ്ഞെങ്കിലും മോദി സുനാമിയില്‍ 50 ശതമാനത്തിലേറെ വോട്ട് ബിജെപി നിലനിര്‍ത്തി. ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും അടിതെറ്റി. എന്‍ഡിഎ 36 സീറ്റ് പിടിച്ചപ്പോള്‍ നാല് സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. യുപിയിലെ നഷ്ടം ബംഗാളിലും ഒഡീഷയിലും തീര്‍ക്കുമെന്ന ഷായുടെ അവകാശവാദവും വിണ്‍വാക്കായില്ല. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ 42 ല്‍ 19 സീറ്റുകളാണ് ബിജെപി നേടിയത്. 2014 ല്‍ രണ്ട് സീറ്റുകളാണ് ലഭിച്ചിരുന്നത്. തൃണമൂല്‍ 22 ഉം കോണ്‍ഗ്രസ് ഒരു സീറ്റും നേടി. ഒഡീഷയില്‍ ആറ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. ഗുജറഫാത്ത് (26-0), രാജസ്ഥാന്‍ (25-0), ഹരിയാന (10-0), ഡെല്‍ഹി (7-0), ഉത്തരാഖണ്ഡ് (5-0), ഹിമാചല്‍ പ്രദേശ് (4-0) എന്നിവിടങ്ങളാണ് എതിരാളികളെ ‘പൂജ്യരാ’ക്കി ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് അടുത്തിടെ അധികാരം പിടിച്ച മധ്യപ്രദേശ് (28-1), ഛത്തീഡ്ഗഢ് (9-2) എന്നിവിടങ്ങളിലും ബിജെപി നേട്ടമുണ്ടാക്കി. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 41-6 നാണ് കോണ്‍ഗ്രസ്-എന്‍സിപി മുന്നണിയെ തകര്‍ത്തത്.

എന്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവെന്ന താങ്കളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള മഹത്തായ സൗഹൃദത്തെ കരുത്തുറ്റതാക്കുന്നത് നമുക്ക് തുടരാം

-ബെഞ്ചമിന്‍ നെതന്യാഹു, ഇസ്രയേല്‍ പ്രധാനമന്ത്രി

രാജ്യത്തിന്റെ വലിപ്പം (ജനങ്ങള്‍+ഭൂവിസ്തൃതി) X സമ്പദ് വ്യവസ്ഥയുടെ വലിപ്പം X ജനവിധിയുടെ വലിപ്പം = നേതാവിന്റെ ശക്തി. ഈ സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി മാറുകയാണ് നരേന്ദ്ര മോദി

-ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍

ജിഡിപി വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ പുതിയ സര്‍ക്കാര്‍ സ്വീകരിക്കണം. നമ്മുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് ലോകത്തില്‍ വെച്ച് ഏറ്റവും ഉയര്‍ന്നതാണ്. ഇത് കുറയ്ക്കണം

-ആദി ഗോദ്‌റെജ്, ഗോദ്‌റെജ് ഗ്രൂപ്പ് ചെയര്‍മാന്‍

ധീരമായ പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ മുഴുവനായി പരിവര്‍ത്തനം ചെയ്യാനുള്ള സമയമാണിത്. ബിസിനസുകള്‍ക്കും സംരംഭകര്‍ക്കും ആരോഗ്യകരമായ ആവാസവ്യവസ്ഥ സര്‍ക്കാര്‍ സൃഷ്ടിക്കണം

-അരവിന്ദ് പനഗരിയ, നിതി ആയോഗ് മുന്‍ ഉപാധ്യക്ഷന്‍

വന്‍ വിജയങ്ങള്‍

  • വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
  • അഹമ്മദാബാദില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ
  • ലക്‌നൗവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്
  • നാഗ്പൂരില്‍ നിതിന്‍ ഗഡ്കരി – നാനാ പടോളെ
  • പട്‌നാ സാഹിബില്‍ രവിശങ്കര്‍ പ്രസാദ്

ഞെട്ടിക്കുന്ന തോല്‍വികള്‍

പരമ്പരാഗത കുടുംബ മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വി ഞെട്ടിക്കുന്നതായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50,000 ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിച്ച സീറ്റില്‍ രാഹുലിനെ ബിജെപിയുടെ താര സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനിയാണ് വോട്ടിന് പരാജയപ്പെടുത്തിയത്. വയനാട്ടിലെ റെക്കോഡ് വിജയത്തിനിടയിലും അമേഠിയിലെ തോല്‍വി രാഹുലിനും കോണ്‍ഗ്രസിനും വന്‍ തിരിച്ചടിയാണ്. ഈ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിച്ച സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ വോട്ടുകള്‍ നേടി. കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ലമെന്റില്‍ രാഹുലിന്റെ വലംകൈയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ തോല്‍വിയും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. മധ്യപ്രദേശിലെ ഗുണയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഡോ. കെ പി യാദവിനോടാണ് സിന്ധ്യ തോറ്റത്. മാലേഗാവ് സ്‌ഫോടന കേസില്‍ കുറ്റവിമുക്തയായ സാധ്വി പ്രഗ്യാ സിംഗ് ഥാക്കൂറിനോട് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദിഗ് വിജയ് സിംഗും അടിയറവ് പറഞ്ഞു. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ബിജെപിയുടെ ഡോ. ഉമേഷ് യാദവിനോട് പരാജയപ്പെട്ടതും അപ്രതീക്ഷിതമായി.

യുഡിഎഫ് തരംഗം

കൊച്ചി: ദേശീയ തരംഗത്തോട് ചേര്‍ന്നു നില്‍ക്കാന്‍ ഒരിക്കല്‍ കൂടി കേരളം വിമുഖത കാട്ടിയതോടെ കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം. വയനാട്ടില്‍ മത്സരിച്ച എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 20 ല്‍ 19 സീറ്റുകളും നേടിയാണ് യുഡിഎഫ് കേരളം പിടിച്ചത്. കഴിഞ്ഞ തവണത്തെ എട്ട് സീറ്റുകളില്‍ നിന്ന് ആലപ്പുഴയിലേക്ക് എല്‍ഡിഎഫ് ചുരുങ്ങിയപ്പോള്‍ എന്‍ഡിഎക്ക് ഇത്തവണയും എക്കൗണ്ട് തുറക്കാനായില്ല. രാഷ്ട്രീയ കൊലപാതകങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും ഒപ്പം മോദി വിരുദ്ധ പ്രചാരണവും മുഖ്യ വിഷയങ്ങളാക്കിയ യുഡിഎഫിന് വന്‍ വോട്ടുവര്‍ധനയാണ് ഉണ്ടാക്കാനായത്. ശബരിമലയെ ചുറ്റിപ്പറ്റിയുണ്ടായ സംഘര്‍ഷങ്ങളും വിവാദവും എല്‍ഡിഎഫിന് തിരിച്ചടിയായെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമായില്ല. യുഡിഎഫിനാണ് ഇതിന്റെയും പ്രയോജനെ ലഭിച്ചതെന്ന് വിലയിരുത്തപ്പെടുന്നു

ഭൂരിപക്ഷത്തില്‍ ലക്ഷപ്രഭുക്കളായി 10 പേര്‍; എംഎല്‍എമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍, എഎം ആരിഫ്, അടൂര്‍ പ്രകാശ് എന്നിവര്‍ ഇനി എംപിമാര്‍

Categories: FK News, Slider