ക്രിബ്‌കോയിലെ 76 ശതമാനം ഓഹരികള്‍ ഡിപി വേള്‍ഡ് ഏറ്റെടുത്തു

ക്രിബ്‌കോയിലെ 76 ശതമാനം ഓഹരികള്‍ ഡിപി വേള്‍ഡ് ഏറ്റെടുത്തു

റെയില്‍വേ ചരക്ക് നീക്ക രംഗത്തുള്ള ക്രിബ്‌കോയിലെ ഓഹരികള്‍ ഏറ്റെടുത്ത് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് ഡിപി വേള്‍ഡ്

ദുബായ്: ഇന്ത്യയിലെ റെയില്‍ ലോജിസ്റ്റിക്‌സ് കമ്പനിയായ ക്രിബ്‌കോ ഇന്‍ഫ്രാസ്ട്രക്ചറിലെ 76 ശതമാനം ഓഹരികള്‍ ആഗോള തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് ഏറ്റെടുത്തു. ഇന്ത്യയുടെ സൊവറീന്‍ വെല്‍ത്ത് ഫണ്ടുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ഡിപി വേള്‍ഡ് ക്രിബ്‌കോയിലെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തത്. ഇന്ത്യയിലെ നാഷ്ണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫണ്ടിന്റെയും(എന്‍ഐഐഎഫ്) ഡി പി വേള്‍ഡിന്റെയും സംയുക്ത സംരംഭമായ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡിന് 90 ശതമാനം ഉടമസ്ഥതയുള്ള കോണ്ടിനന്റല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനാണ് ക്രിബ്‌കോ ഓഹരികള്‍ വാങ്ങിയതെന്ന് ഡി പി വേള്‍ഡ് അറിയിച്ചു. ശേഷിക്കുന്ന 24 ശതമാനം ഓഹരികള്‍ ക്രിബ്‌കോ നിലനിര്‍ത്തി.

വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഉള്‍നാടന്‍ ചരക്ക്‌നീക്ക വിപണിയില്‍ നിര്‍ണായകസ്ഥാനം നേടാന്‍ ക്രിബ്‌കോയിലെ ഓഹരി ഏറ്റെടുക്കല്‍ ഡിപി വേള്‍ഡിന് നേട്ടമാകുമെന്ന് ഡിപി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സുലയെം പ്രതീക്ഷ പ്രകടിപ്പിച്ചു. ക്രിബ്‌കോയിലെ ഓഹരികള്‍ ഏറ്റെടുക്കുന്നതോടെ ഇന്ത്യയിലെ അഞ്ചോളം തുറമുഖങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ഡി പി വേള്‍ഡിന് സ്വന്തം ടെര്‍മിനലുകളില്‍ നിന്നും ചരക്കുകള്‍ റെയില്‍ മാര്‍ഗം രാജ്യത്തെ വിവിധ ഇടങ്ങളിലെത്തിക്കാന്‍ സാധിക്കും. നിലവില്‍ ഇന്ത്യയിലെ മുണ്ഡ്ര, നവി മുംബൈ, കൊച്ചി, ചെന്നൈ, വിശാഖ പട്ടണം എന്നിവിടങ്ങളിലെ തുറമുഖങ്ങളുടെ നടത്തിപ്പ് ചുമതലയാണ് ഡിപി വേള്‍ഡിനുള്ളത്. 2009ല്‍ സ്ഥാപിതമായ ക്രിബ്‌കോ ഇന്‍ഫ്രാസ്‌ട്രെക്‌സചറിന് ഇന്ത്യയിലുടനീളമുള്ള ചരക്ക് തീവണ്ടികളുടെ നടത്തിപ്പ് ചുമതലയോടൊപ്പം ഹരിയാനയിലെ പാലി, ഉത്തര്‍പ്രദേശിലെ മോഡിനഗര്‍, ഗുജറാത്തിലെ ഹസീറ എന്നിവിടങ്ങളില്‍ മൂന്ന് പ്രധാന കണ്ടെയ്‌നര്‍ ഡിപ്പോകളുടെയും സ്വകാര്യ ചരക്ക് ടെര്‍മിനലുകളുടെയും പ്രവര്‍ത്തനച്ചുമതല ഉണ്ട്.

ഡിപി വേള്‍ഡിന്റെ ആകെ ആസ്തിമൂല്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രിബ്‌കോ ഓഹരികള്‍ക്കായി ചിലവഴിക്കുന്നതെന്ന് വ്യക്തമാക്കിയ ഡിപി വേള്‍ഡ് കൃത്യമായ ഇടപാട് മൂല്യം വെളിപ്പെടുത്തിയിട്ടില്ല. കാര്‍ഗോ ഉടമകള്‍ക്ക് വളരെ മികച്ച സേവനം ഉറപ്പാക്കുന്ന ഏകീകൃത ചരക്ക് നീക്ക സംവിധാനം സ്ഥാപിക്കുന്നതില്‍ ഇന്ത്യയില്‍ ഡിപി വേള്‍ഡ് ഏറെ ദൂരം മുന്നോട്ട് പോയിട്ടുണ്ടെന്ന് ബിന്‍ സുലയെം പറഞ്ഞു. കൂടുതല്‍ മികവോടെയുള്ള പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും സുലയെം കൂട്ടിച്ചേര്‍ത്തു. ചരക്ക് നീക്ക രംഗത്തുള്ള വളര്‍ച്ചാസാധ്യതകള്‍ ആവേശം പകരുന്നതാണെന്ന് ക്രിബ്‌കോ അറിയിച്ചു. കോണ്ടിനന്റല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം ക്രിബ്‌കോ പ്രവര്‍ത്തനങ്ങളുടെ മികവ് വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മൂല്യാധിഷ്ഠിത സേവനം ഉറപ്പാക്കുന്നതിനും കമ്പനിയിലെ ഓഹരിയുടമകള്‍ക്ക് ദീര്‍ഘകാല ഓഹരിമൂല്യം ഉറപ്പാക്കുന്നതിനും സഹായകമാകുമെന്ന് വിശ്വസിക്കുന്നതായും ക്രിബ്‌കോ ചെയര്‍മാന്‍ ചന്ദ്ര പാല്‍ സിംഗ് പറഞ്ഞു.

2018ലാണ് ഡിപി വേള്‍ഡും എന്‍ഐഐഎഫും തമ്മിലുള്ള സംയുക്ത സംരംഭം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനിയായ കോണ്ടിനന്റല്‍ വെയര്‍ഹൗസ് കോര്‍പ്പറേഷനിലെ 90 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത്. ഡിപി വേള്‍ഡും എന്‍ഐഐഎഫും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ നിക്ഷേപക സംരംഭമായ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡ് തുറമുഖങ്ങളിലും ചരക്ക് നീക്ക മേഖലയിലും അനുബന്ധ മേഖലകളിലും 3 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

കണ്ടെയ്‌നര്‍ ടെര്‍മിനലുകളിലെ പ്രവര്‍ത്തനങ്ങളില്‍ ഈ വര്‍ഷം ആദ്യപാദം നേരിയ ഇടിവുണ്ടായതായി കഴിഞ്ഞ മാസം ഡിപി വേള്‍ഡ് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചതെന്നിരിക്കെ ആഗോള സമ്പദ് വ്യവസ്ഥ സംബന്ധിച്ച അനിശ്ചിതത്വമാണ് ഈ വര്‍ഷത്തെ തിരിച്ചടിക്ക് കാരണമായി ഡി പി വേള്‍ഡ് ചൂണ്ടിക്കാണിച്ചത്. കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ ആകെ വലുപ്പത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.6 ശതമാനം കുറവുണ്ടായി.

ലോകമെമ്പാടുമുള്ള ടെര്‍മിനലുകളില്‍ 17.5 മില്യണ്‍ ടിഇയു ചരക്കുകളാണ് ആദ്യപാദത്തില്‍ ടി പി വേള്‍ഡ് കൈകാര്യം ചെയ്തത്. ടി പി വേള്‍ഡിന്റെ ആഗോള വിപണികളില്‍ ഏഷ്യ പസഫിക്, ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളില്‍ ചരക്കുകളുടെ വലുപ്പത്തില്‍ 3.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2018ല്‍ 10.2 ശതമാനം വര്‍ധനവുമായി ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ വാര്‍ഷിക ലാഭമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ ഇത് 1.13 ബില്യണ്‍ ഡോളര്‍ ആയിരുന്നു..

Comments

comments

Categories: Arabia
Tags: Kribhco