നായിഡു നാട്ടിലെത്തിയപ്പോള്‍ കണ്ടത്…

നായിഡു നാട്ടിലെത്തിയപ്പോള്‍ കണ്ടത്…

ബിജെപി ഇതര സര്‍ക്കാരിനുവേണ്ടിയുള്ള ശ്രമം പാഴായി

ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡി ഉയര്‍ത്തിയ വെല്ലുവിളിക്കുമുമ്പില്‍ നിലവിലുള്ള മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു നിരുപാധികമായാണ് കീഴടങ്ങിയത്. തെരഞ്ഞെടുപ്പിനു മുന്‍പുള്ള കണക്കുകള്‍ പ്രകാരവും ജഗന്‍ തന്നെ ആയിരുന്നു മുന്നില്‍. തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രി പദത്തിലിരുന്ന നായിഡുവിനെതിരെ ഭരണവിരുദ്ധ വികാരം ഉയരുന്നത് അദ്ദേഹത്തിനു തന്നെ ബേധ്യപ്പെട്ടിരുന്നു. അതിനു പരാഹാരമെന്ന നിലയിലായിരുന്നു നായിഡു ആന്ധ്രക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യമുന്നയിച്ച് എന്‍ഡിഎയില്‍ നിന്നും പുറത്തുവന്നത്. ആന്ധ്രാപ്രദേശിലെ ജനങ്ങളെ വൈകാരികമായി കൈയ്യിലെടുക്കാനുള്ള അദ്ദേഹത്തിന്റെ നീക്കവും പാളിയതായാണ് ഇപ്പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍ ഇപ്പോള്‍ ജഗനായി. അതിനുദാഹരണമായിരുന്നു അദ്ദേഹം നടത്തിയ പദയാത്രയിലെ ജനസാന്നിധ്യം. നായിഡുവാകട്ടെ ദേശീയതലത്തില്‍ എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള ശ്രമം മാത്രമായി മുന്നേറി. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ ശ്രമം നടത്തി. രാഹുല്‍ ഗാന്ധിക്ക് പിന്തുണ നേടിക്കൊടുക്കാന്‍ ആവുന്നത്ര ശ്രമിച്ചു. അതിനായി ഇന്ത്യയിലെ പ്രാദേശിക കക്ഷി നേതാക്കളെ എല്ലാം അദ്ദേഹം പറന്നു നടന്ന് കണ്ടു. എങ്കിലും ഒരു സമന്വയത്തിലെത്തിക്കാന്‍ സാധിച്ചില്ല. അവസാനം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ കേസുകൊടുത്തു. അതും തള്ളിപ്പോയി. ഇതെല്ലാം ചെയ്തത് എന്നും അധികാരത്തിനൊപ്പം നിന്നു ശീലമുള്ള ഒരാള്‍ക്ക് അതില്ലാതെ പറ്റില്ല എന്നതിനാലായിരുന്നു.

ഈ സമയങ്ങളിലെല്ലാം ജഗന്‍ മോഹന്‍ ആന്ധ്രയിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു. പല പരിപാടികളിലും അദ്ദേഹം അവരോടൊപ്പം സമയം ചെലവഴിച്ചു. ആന്ധ്രക്കായി പല പദ്ധതികളും തയ്യാറാക്കി. കൂട്ടുകൂടാന്‍ വന്ന മുന്നണിണികള്‍ക്കുമുമ്പില്‍ അദ്ദേഹം അത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍നിന്നും ജഗന്‍ അകന്നു നിന്നു. അച്ഛന്‍ വൈ എസ് രാജശേഖരറെഡ്ഡിയുടെ മരണത്തിനുശേഷം കോണ്‍ഗ്രസ് തന്നോട് അനുവര്‍ത്തിച്ച നയങ്ങള്‍ അദ്ദേഹത്തിന് മറക്കാനാവില്ല. കൂടാതെ കേസില്‍ കുടുക്കുകയും മാസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നു. അന്ന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിന് മൗനാനുവാദം നല്‍കുകയായിരുന്നുവെന്നാണ് ജഗന്റെ പക്ഷം.

ഇന്ന് സ്ഥിതി മാറി. കോണ്‍ഗ്രസ് ഇപ്പോള്‍ സംസ്ഥാനത്ത് ഒന്നുമല്ലാതായിമാറിക്കഴിഞ്ഞു. അതില്‍ ജഗന്റെ വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള പങ്ക് ചെറുതല്ല. ഇപ്പോള്‍ ലോക്‌സഭയിലേക്കും നിയസഭയിലേക്കും മൃഗീയ വിജയവിജയം നേടിയ ജഗന്‍ ഇന്ന്ചാരിതാര്‍ത്ഥ്യത്തിലാണ്. രണ്ടു സഭകളിലും എതിരാളിയായ ടിഡിപിയുടെ അടിത്തറയാണ് വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടി തോണ്ടിയത്. ഇനി ഈ ആഘാതത്തില്‍നിന്ന് ടിഡിപി പുറത്തുവരാന്‍തന്നെ സമയമെടുക്കും എന്നുറപ്പാണ്. ടിഡിപി ഭരണത്തിലിരുന്നപ്പോള്‍ നിരവധി ആക്രമണങ്ങള്‍ ജഗന്റെ കുടുംബത്തിനുനേരെ ഉണ്ടായി. ബന്ധുക്കള്‍ പലരും അസ്വാഭാവികമായി മരണപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ടിഡിപിയാണെന്ന് മുന്‍പു തന്നെ ആരോപണമുണ്ടായതാണ്. ഇതിനെതിരെ അന്വേഷണമുണ്ടാകുമോ എന്നും ടിഡിപി നേതൃത്വം ഇപ്പോള്‍ ഭയപ്പെടുന്നുണ്ട്.

എന്‍ഡിഎ നേതൃത്വം തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്തു തന്നെ ജഗനുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാനത്തിനു പ്രദ്യേക പദവി വാഗ്ദാനം ചെയ്യണമെന്ന് അന്ന് വൈഎസ്ആര്‍ സിപി ആവശ്യമുന്നയിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടതിനുശേഷം സംസ്ഥാനത്തിന്റെ ഉന്നമനത്തിനായാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ എന്‍ഡിഎ നേതൃത്വത്തിന്റെ മറുപടി എന്തെന്ന് വ്യക്തമല്ല. എന്തായാലും ഇനി ജഗന്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ആന്ധ്രാപ്രദേശില്‍ ടിഡിപിയും കോണ്‍ഗ്രസും വെവ്വേറെ മത്സരിച്ചശേഷം ദേശീയതലത്തില്‍ ഒന്നുചേരാമെന്ന സ്ാധ്യതയായിരുന്നു നിലനിന്നിരുന്നത്. ഇത് ആന്ധ്രയില്‍ കോണ്‍ഗ്രസിന് വ്യക്തമായ അടിത്തറ ഇല്ല എന്നതിനാലായിരുന്നു. അവസാനം ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റി. ദേശീയ തലത്തില്‍ ബിജെപിയെ ഒറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിന് നായിഡു തന്നെ നേതൃത്വത്വം ഏറ്റെടുത്തുവെങ്കിലും 21 പ്രതിപക്ഷ പാര്‍ട്ടികളെ പോലും ഒന്നിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുപ്പുകയായിരുന്നു.

Comments

comments

Categories: FK News