ഇന്ത്യയില്‍ 42 നിലകളുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ കരാര്‍ അറബ്‌ടെകിന്

ഇന്ത്യയില്‍ 42 നിലകളുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ കരാര്‍ അറബ്‌ടെകിന്

രഹേജ ഡെവലപ്പേഴ്‌സിന്റെ ഡെല്‍ഹിയിലുള്ള ആഡംബര പാര്‍പ്പിട പദ്ധതിയാണ് നവിന്‍ മിനാര്‍

ദുബായ്: ന്യൂഡെല്‍ഹിയിലെ നവിന്‍ മിനാര്‍ പാര്‍പ്പിട സമുച്ചയത്തിനുള്ള നിര്‍മാണ കരാര്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാണ കമ്പനി അറബ്‌ടെക് ഹോള്‍ഡിംഗ് നേടി. രഹേജ ഡെവലപ്പേഴ്‌സില്‍ നിന്നുമാണ് 59.6 മില്യണ്‍ ഡോളറിന്റെ കെട്ടിട നിര്‍മാണ പദ്ധതി അറബ്‌ടെക് കണ്‍സ്ട്രക്ഷന്‍ നേടിയത്.

42 നിലകളുള്ള പാര്‍പ്പിട സമുച്ചയം, നാല് അനുബന്ധ കെട്ടിടങ്ങള്‍, സ്വിമ്മിംഗ്പൂള്‍, ക്ലബ്ബ്ഹൗസ്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി തുടങ്ങി അനുബന്ധ സൗകര്യങ്ങള്‍,15 നിലകള്‍ വീതമുള്ള 15 കമ്മ്യൂണിറ്റി ഹൗസിംഗ് ടവറുകള്‍ എന്നിവയുടെ നിര്‍മാണ ചുമതലയാണ് അറബ്‌ടെകിനുള്ളത്. ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് പട്ടേല്‍ നഗറിലെ 214,000 ചതുരശ്രയടി ഭൂമിയിലാണ് ആഡംബര പാര്‍പ്പിട സമുച്ചയം പണിയുന്നത്.

കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അറബ്‌ടെക് അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിനായി കരാറില്‍ 36 മാസങ്ങളാണ് അനുവദിച്ചിരിക്കുന്നത്. നവിന്‍ മിനാര്‍ പ്രോജക്ടിലൂടെ രഹേജ ഡെവലപ്പേഴ്‌സുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി അറബ്‌ടെക് നിയുക്ത സിഇഒ പീറ്റര്‍ പൊള്ളാര്‍ഡ് പറഞ്ഞു.

അറബ്‌ടെക് ലാഭത്തില്‍ ഇടിവുണ്ടായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ കമ്പനി സിഇഒ ആയിരുന്ന ഹമീഷ് തൈര്‍വിറ്റ് പദവി രാജിവെച്ച് കമ്പനിയില്‍ നിന്നും പുറത്തുപോയിരുന്നു. ഈ വര്‍ഷം ആദ്യപാദത്തില്‍ അറബ്‌ടെകില്‍ 31.8 ബില്യണ്‍ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം ഇതേപാദത്തില്‍ 63 മില്യണ്‍ ദിര്‍ഹമായിരുന്നു കമ്പനിയുടെ ലാഭം. 2019ലെ ആദ്യപാദ വരുമാനം 2 ബില്യണ്‍ ദിര്‍ഹമായിരുന്നു. പക്ഷേ 14.8 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്ക് സാധിച്ചില്ല.

Comments

comments

Categories: Arabia
Tags: Arabtech