എയര്‍ ഇന്ത്യ അടുത്ത മാസം പുതിയ ആഭ്യന്തര അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ ആരംഭിക്കും

എയര്‍ ഇന്ത്യ അടുത്ത മാസം പുതിയ ആഭ്യന്തര അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ ആരംഭിക്കും

ഭോപ്പാല്‍-പുണെ-ഭോപ്പാല്‍ റൂട്ടിലും വാരാണസി-ചെന്നൈ-വാരാണസി റൂട്ടിലും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു

ന്യൂഡെല്‍ഹി: വേനല്‍ക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടുത്ത മാസം മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ജൂണ്‍ ഒന്നുമുതല്‍ മുംബൈ-ദുബായ്-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 3,500 അധിക സീറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. കൂടാതെ, ഡെല്‍ഹി-ദുബായ്-ഡെല്‍ഹി റൂട്ടിലും ആഴ്ചയില്‍ 3,500 സീറ്റുകള്‍ അധികമായി നല്‍കും. ഇതിനായി ബി 787 ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചു പുതിയ രണ്ട് ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തും.

2019 ജൂലൈ 31 വരെ ഡെല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ദുബായിലേക്ക് 7777 രൂപ ആയിരിക്കും വണ്‍ വേ ഇക്കോണമി ക്ലാസ് പ്രമോഷണല്‍ ഓഫര്‍ എന്ന് എയര്‍ലൈന്‍സ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഭോപ്പാല്‍-പുണെ-ഭോപ്പാല്‍ റൂട്ടിലും വാരാണസി-ചെന്നൈ-വാരാണസി റൂട്ടിലും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഡല്‍ഹി-ഭോപ്പാല്‍-ഡല്‍ഹി റൂട്ടില്‍ ആഴ്ചയില്‍ 14 വിമാനങ്ങള്‍ ആണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇത് 20 ആയി ഉയര്‍ത്തും. അതോടൊപ്പം തന്നെ ഡെല്‍ഹി-റായ്പൂര്‍-ഡെല്‍ഹി റൂട്ടില്‍ ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ എന്നത് 14 സര്‍വീസുകളായി ഉയര്‍ത്തും.

ഡെല്‍ഹി-ബംഗളൂരു-ഡെല്‍ഹി, ഡെല്‍ഹി-അമൃത്‌സര്‍-ഡെല്‍ഹി, ചെന്നൈ-അഹമ്മദാബാദ്-ചെന്നൈ, ചെന്നൈ-കൊല്‍ക്കത്ത-ചെന്നൈ റൂട്ടുകളില്‍ ആഴ്ചയില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. ഡെല്‍ഹി-വഡോദര-ഡെല്‍ഹി റൂട്ടിലും മുംബൈ-വിശാഖപട്ടണം-മുംബൈ റൂട്ടിലും പ്രതിവാര ഫ്ളൈറ്റുകളുടെ എണ്ണം കൂട്ടും.

ഫണ്ടുകളുടെ അഭാവം മൂലം ജെറ്റ് എയര്‍വേയ്സ് ഏപ്രില്‍ 17 മുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു, ഇതോടെ ആഭ്യന്തര സ്ലോട്ട് ലഭിക്കാനും അന്താരാഷ്ട്ര പറക്കല്‍ അവകാശങ്ങള്‍ നേടിയെടുക്കാനും മറ്റ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ശക്തമായ മത്സരത്തില്‍ ആയിരുന്നു.

ജെറ്റ് എയര്‍വെയ്സിന്റെ അന്താരാഷ്ട്ര സര്‍വീസ് അവകാശത്തിന് മറ്റു ഇന്ത്യന്‍ എയര്‍ലൈനുകള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ ‘മുന്‍ഗണന’ എയര്‍ ഇന്ത്യയ്ക്ക് ആയതിനാല്‍ ചില റൂട്ടുകള്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കിയെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി എസ് എസ് ഖരോല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജെറ്റ് എയര്‍വെയ്സ് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഒരു മാസത്തിലേറെ ആയതിനാല്‍ വിവിധ ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളിലൂടെയും നിരക്ക് വര്‍ധിച്ചിട്ടുണ്ട്. സിവില്‍ വ്യോമയാന മന്ത്രാലയം ജെറ്റ് എയര്‍വെയ്സിന്റെ 50 ശതമാനം ആഭ്യന്തര സ്ലോട്ടുകള്‍ മറ്റു എയര്‍ലൈനുകള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നല്‍കി. ഇതോടൊപ്പം അന്താരാഷ്ട്ര സര്‍വീസിനുള്ള അവകാശവും മറ്റു എയര്‍ലൈനുകള്‍ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Air India