2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാജ്യം ചര്‍ച്ച ചെയ്ത പ്രധാന സംഭവങ്ങള്‍

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാജ്യം ചര്‍ച്ച ചെയ്ത പ്രധാന സംഭവങ്ങള്‍

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത് ദേശീയത മുതല്‍ അഴിമതി വരെയും വാരണസി മുതല്‍ വയനാട് വരെയുമുള്ള കാര്യങ്ങളായിരുന്നു. ഇപ്രാവിശ്യം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത ചില സംഭവങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ദേശീയത

ഫെബ്രുവരിയില്‍ പുല്‍വാമയിലെ സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്കു നേരേ നടന്ന ഭീകരാക്രമണവും അതിനു ശേഷം പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആധിപത്യം നേടിയ വിഷയമായിരുന്നു. ഭീകരതയോടു സര്‍ക്കാരിനു സീറോ ടോളറന്‍സ് (സഹിഷ്ണുത ഇല്ലെന്ന നിലപാട്) സമീപനമാണുള്ളതെന്നു ബിജെപി സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചെങ്കിലും, ബലാകോട്ടില്‍ നടന്ന ആക്രമണത്തില്‍ തെളിവ് ചോദിച്ച് പ്രതിപക്ഷം രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പ് സംവാദം ചൂടുപിടിച്ചു. ഇന്ത്യയുടെ ആണവ ആയുധശേഖരം പ്രദര്‍ശനത്തിനുള്ളതല്ലെന്നും മോദി തെരഞ്ഞെടുപ്പ് റാലിക്കിടെ പാകിസ്ഥാനോട് പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇന്ത്യന്‍ സേനയെ കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ നേതാക്കള്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നിരവധി സന്ദര്‍ഭങ്ങളില്‍ തന്റെ പ്രസംഗങ്ങളില്‍ സൈന്യത്തെ കേന്ദ്രീകരിച്ചു മോദി പരാമര്‍ശം നടത്തിയെന്നും അതിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംവാദത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തില്‍ യുപിഎ ഭരണകാലത്ത് ഇത്തരം നിരവധി ആക്രമണങ്ങള്‍ (ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയതു പോലുള്ള) നടത്തിയുണ്ടെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറയുകയുണ്ടായി.

ദരിദ്രരുടെ ക്ഷേമങ്ങള്‍

മിനിമം ഇന്‍കം ഗ്യാരന്റി പ്ലാന്‍ അഥവാ ന്യായ് എന്ന നിര്‍ദ്ദിഷ്ട മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതിയെ കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്‍ഡിഎ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കര്‍ഷകരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും അവഗണിച്ചു സമ്പന്നരായ ബിസിനസുകാര്‍ക്കൊപ്പമാണു എന്‍ഡിഎ സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ബിജെപി തള്ളി കളഞ്ഞു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതി ഉയര്‍ത്തിക്കാണിച്ചു കര്‍ഷകരോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് പറയുകയും ചെയ്തു.

അഴിമതി

റാഫേല്‍ ജെറ്റ് കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പ്രചാരണത്തിനിടെ, പ്രധാനമന്ത്രി മോദി മുന്‍പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്നു വിളിക്കുകയുണ്ടായി. അഴിമതി, കൈക്കൂലി തുടങ്ങിയ വിവാദങ്ങളില്‍പ്പെട്ട ബോഫോഴ്‌സ് തോക്ക് കരാറിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു മോദി രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്നു വിളിച്ചത്.

സിഖ് വിരുദ്ധ കലാപം

1984-ലെ സിഖ് വിരുദ്ധ കലാപത്തെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ ‘ഹുവാ തോ ഹുവ’ (അതു സംഭവിച്ച, അങ്ങനെ സംഭവിച്ചു) എന്ന വാക്ക് രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയുണ്ടായി. ഈ സംഭവത്തെ തുടര്‍ന്നു മോദി കോണ്‍ഗ്രസ് നേതാക്കളെ ധിക്കാരികളെന്നു വിളിച്ചു. പിത്രോദയ്‌ക്കെതിരേ ബിജെപി രംഗത്തുവരികയും ചെയ്തു. ഈ പരാമര്‍ശത്തില്‍ പിത്രോദ പിന്നീട് മാപ്പ് പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതിന്റെ കാരണം തന്റെ ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനക്കുറവാണെന്നും പിത്രോദ പറഞ്ഞു.

വിവാദങ്ങള്‍

2008 മലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രഗ്യ സിംഗ് ഠാക്കൂറിനെ ഭോപ്പാല്‍ ലോക്‌സഭാ സീറ്റില്‍നിന്നും മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം വലിയ വിവാദങ്ങളാണ് ഉയര്‍ത്തിയത്. ജാമ്യത്തിലിറങ്ങിയിട്ടുള്ള 48-കാരിയായ പ്രഗ്യ സിംഗ് തെരഞ്ഞെടുപ്പ് കാലത്തുടനീളം വാര്‍ത്തകളിലിടം നേടുകയുണ്ടായി. അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പരാമര്‍ശം നടത്തിയതും എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ 2008-ല്‍ മുംബൈ തീവ്രവാദ ആക്രമണത്തിനിടെ വെടിയേറ്റ് മരിക്കാന്‍ കാരണം തന്റെ ശാപമേറ്റതു കൊണ്ടാണെന്നു പറഞ്ഞതിനെ തുടര്‍ന്നും ഇലക്ഷന്‍ കമ്മീഷന്‍ പ്രഗ്യ സിംഗിന് രണ്ട് കാരണം കാണിക്കല്‍ നോട്ടീസാണ് അയച്ചത്. കര്‍ക്കറെയായിരുന്നു മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ചത്. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക ഗോഡ്‌സേയെ ദേശസ്‌നേഹിയെന്നും പ്രഗ്യ സിംഗ് വിളിക്കുകയുണ്ടായി. ഇത് വിമര്‍ശനത്തിനു കാരണമായതോടെ, മാപ്പ് പറയുകയും ചെയ്തു.

പ്രിയങ്ക മത്സരിക്കുമോ ?

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പ്രിയങ്ക ഗാന്ധിയെ നിയമിക്കുകയും കിഴക്കന്‍ യുപിയുടെ ചുമതല നല്‍കുകയും ചെയ്തതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന ധ്വനിയുണ്ടായി. വാരണസി, അലഹാബാദ് തുടങ്ങിയ താരപരിവേഷമുള്ള മണ്ഡലങ്ങളില്‍ പ്രിയങ്ക മത്സരത്തിനിറങ്ങിയേക്കുമെന്ന വാര്‍ത്തയും പ്രചരിച്ചു. തന്റെ സഹോദരന്‍ രാഹുല്‍ പറഞ്ഞാല്‍ മത്സരത്തിനിറങ്ങുമെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ പ്രിയങ്ക മത്സരിക്കുമെന്നു പറഞ്ഞിരുന്ന വാരണസിയില്‍ പിന്നീട് കോണ്‍ഗ്രസ് അജയ് റായിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ പ്രിയങ്ക മത്സരിക്കുമെന്ന റിപ്പോര്‍ട്ട് പ്രചരിക്കുന്നതിന് അവസാനമാവുകയും ചെയ്തു.

എല്ലാ കണ്ണുകളും വയനാട്ടിലേക്ക്

ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലവും, യുപിയിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായി വിശേഷിപ്പിക്കുകയും ചെയ്യുന്ന അമേഠിക്കു പുറമേ വടക്കന്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുത്തതോടെ എല്ലാ ശ്രദ്ധയും വയനാട്ടിലേക്കു പതിഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ഉപകരിക്കുമെന്നു പൊതുവേ വിലയിരുത്തലുണ്ടായെങ്കിലും കേരളത്തിലെ ഇടത് നേതാക്കള്‍ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നു.

Comments

comments

Categories: Top Stories