വെല്‍ഡിംഗ് പുക ശ്വാസകോശാര്‍ബുദം വര്‍ധിപ്പിക്കും

വെല്‍ഡിംഗ് പുക ശ്വാസകോശാര്‍ബുദം വര്‍ധിപ്പിക്കും

വെല്‍ഡിംഗ് തൊഴിലാളികളില്‍ ശ്വാസകോശാര്‍ബുദം വര്‍ധിക്കാനുള്ള സാധ്യത മറ്റു പുകജന്യ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരേക്കാള്‍ തുലോം ഏറെയെന്ന് റിപ്പോര്‍ട്ട്. പുകവലിക്കാരിലും ആസ്ബറ്റോസ് നിര്‍മാണ തൊഴിലാളികളിലുമാണ് ഇത് ഏറെ ബാധിക്കുന്നതായി കണ്ടെത്തിയത്. വെല്‍ഡിംഗ് പുകയെ ആര്‍ബുദസാധ്യതയുള്ള ഘടകങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 45 മില്യണ്‍ പേര്‍ പങ്കെടുത്തിരുന്ന 45 പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. വെല്‍ഡിംഗ് പുകയ്ക്ക് ശ്വാസകോശ കാന്‍സര്‍ ഉണ്ടാക്കാന്‍ 43 ശതമാനത്തോളം അധിക സാധ്യതയുണ്ട്. പുകവലിക്കാരിലും ആസ്ബറ്റോസ് നിര്‍മാണ തൊഴിലാളികളിലും നിന്നു ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ വെല്‍ഡിംഗുമായി ബന്ധപ്പെട്ട് 17 ശതമാനം ശ്വാസകോശ കാന്‍സര്‍ സാധ്യത കൂടുതലായിരുന്നു. അതിനാല്‍ കാന്‍സര്‍ സാധ്യതാ ഘടകം എന്ന നിലയില്‍ നിന്നു കാന്‍സര്‍കാരിയെന്ന് നിലയിലേക്ക് വെല്‍ഡിംഗ് പുകയെ ഉയര്‍ത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ലോകവ്യാപകമായി ഏകദേശം 110 മില്ല്യണ്‍ തൊഴിലാളികള്‍ വെല്‍ഡിംഗ് പുക ശ്വസിക്കുന്നുവെന്നാണ് കണക്ക്. ലോഹങ്ങള്‍ ഉരുകുമ്പോള്‍ അവയുടെ ദ്രവണാങ്കത്തിനു മുകളില്‍ ചൂടാക്കുകയും അന്തരീക്ഷത്തില്‍ ഖരകണങ്ങളായി പടരുകയുമാണ് ചെയ്യുന്നത്. ഈ നീരാവിയില്‍ ഹാനികരമായ രാസവസ്തുക്കളുടെ സംഗമമമാണ് നടക്കുന്നത്. ഇത് ലോഹങ്ങളുടെ തരം, വെല്‍ഡിംഗ് പ്രക്രിയ, ജോലി ചെയ്യുന്ന പ്രവര്‍ത്തനമേഖല എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് സ്റ്റയിന്‍ലെസ് സ്റ്റീല്‍ വെല്‍ഡ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന നിക്കല്‍ സംയുക്തങ്ങളും ക്രോമിയവും ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്നവയാണ്. വെല്‍ഡിംഗ് പുകയുടെ സാന്നിധ്യം കുറയ്ക്കുന്നതിനായി തൊഴില്‍ സ്ഥലങ്ങളിലെ സുരക്ഷാ നടപടികളുടെ പ്രാധാന്യം പഠനം അടിവരയിടുന്നു. തൊഴിലാളികളും തൊഴിലുടമകളും വെല്‍ഡിംഗ് പുക അമിതമായി ശ്വസിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health