ആഗോള, പ്രാദേശിക സമ്പദ് വ്യവസ്ഥകളില്‍ ശുഭ പ്രതീക്ഷകളുമായി യുഎഇ നിക്ഷേപകര്‍

ആഗോള, പ്രാദേശിക സമ്പദ് വ്യവസ്ഥകളില്‍ ശുഭ പ്രതീക്ഷകളുമായി യുഎഇ നിക്ഷേപകര്‍

ഓഹരിവിപണികളിലും എമിറാറ്റി നിക്ഷേപകര്‍ ശുഭ പ്രതീക്ഷകള്‍ പുലര്‍ത്തുന്നു

ദുബായ്: യുഎഇയിലെ ഭൂരിഭാഗം നിക്ഷേപകരും പ്രാദേശിക, അന്തര്‍ദേശീയ സമ്പദ് വ്യവസ്ഥകളെ സംബന്ധിച്ച് ശുഭ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നവരാണെന്ന് സ്വിസ്സ് ബാങ്കായ യുബിഎസിന്റെ പഠന റിപ്പോര്‍ട്ട്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ള നിക്ഷേപകര്‍ എമിറാറ്റികളാണെന്നും യുബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുബിഎസിലെ ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റ് ടീം നടത്തിയ പാദാടിസ്ഥാനത്തിലുള്ള നിക്ഷേപക വികാരം സംബന്ധിച്ച ഏറ്റവും പുതിയ പഠനത്തിലാണ് 83 ശതമാനം യുഎഇ നിക്ഷേപകരും പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ ശുഭാപ്തി വിശ്വാസമുള്ളവരാണെന്ന കണ്ടെത്തലുള്ളത്. എമിറാറ്റികളില്‍ 78 ശതമാനം പേര്‍ക്ക് ആഗോള സമ്പദ് വ്യവസ്ഥ സംബന്ധിച്ചും ശുഭപ്രതീക്ഷകളാണ് ഉള്ളത്. യുഎഇ ഉള്‍പ്പടെ 17 രാജ്യങ്ങളിലായി യുബിഎസ് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ സര്‍വ്വേയില്‍ 3,600 സമ്പന്നരായ നിക്ഷേപകരും സംരംഭകരും പങ്കെടുത്തു.

യുഎഇയിലെ നിക്ഷേപകരില്‍ ശുഭാപ്തി വിശ്വാസവും നിക്ഷേപം നടത്താനുള്ള തീവ്രമായ ആഗ്രഹവും ഉണ്ടെന്നുള്ള വസ്തുത പ്രോത്സാഹജനകമാണെന്ന് യുബിഎസ് ഗ്ലോബല്‍ വെല്‍ത്ത് മാനേജ്‌മെന്റിലെ സെന്‍ട്രല്‍, ഈസ്‌റ്റേണ്‍ യൂറോപ്പ്, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക വിഭാഗം മേധാവി അലി ജനൗദി അഭിപ്രായപ്പെട്ടു. യുബിഎസ് ബിസിനസ് വളര്‍ച്ച പ്രതീക്ഷിക്കുന്ന മേഖലകളിലൊന്നാണ് യുഎഇ എന്നും അദ്ദേഹം പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ശരിയായ പാതയിലെത്തുമെന്ന നിക്ഷേപക പ്രതീക്ഷകള്‍ക്ക് തുരങ്കം വെക്കുന്നതാണ് കഴിഞ്ഞിടെ നടന്ന അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തില്‍ മെയ് 10ന് 200 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ അമേരിക്ക 25 ശതമാനമായി ഉയര്‍ത്തിയിരുന്നു. അമേരിക്ക-ചൈന വ്യാപാര തര്‍ക്കത്തിനിടയിലും 2018 അവസാനത്തെ തകര്‍ച്ചയില്‍ നിന്നും 2019 ആദ്യപാദത്തില്‍ വിപണിയിലുണ്ടായ ഉണര്‍വ്വ് കണക്കിലെടുത്ത് നിക്ഷേപങ്ങള്‍ക്കുള്ള അവസരം തേടുകയാണ് ആഗോളതലത്തില്‍ ഒരു വിഭാഗം ബിസിനസ് ഉടമകളും സമ്പന്നരും.

യുഎഇ നിക്ഷേപകര്‍ക്ക് ഓഹരിവിപണിയിലും വലിയ പ്രതീക്ഷകളാണുള്ളത്. യുബിഎസ് സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം എമിറാറ്റികളും പ്രാദേശിക ഓഹരിവിപണികളില്‍ പ്രതീക്ഷയര്‍പ്പിച്ചു. ലാറ്റിനമേരിക്കക്കാര്‍(66 ശതമാനം) കഴിഞ്ഞാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നവരും എമിറാറ്റികളാണ് (62 ശതമാനം).

ആഗോളതലത്തില്‍ സര്‍വെയില്‍ പ്രതികരിച്ച 51 ശതമാനം ആളുകള്‍ ലോക സമ്പദ് വ്യവസ്ഥ സംബന്ധിച്ച് ശുഭ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുമ്പോള്‍ 21 ശതമാനം പേര്‍ക്ക് ഇതിന് നേര്‍വിപരീതമായ കാഴ്ചപ്പാടാണുള്ളത്. ഓഹരിവിപണികളിലും നിക്ഷേപകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. 56 ശതമാനം പേര്‍ അവരുടെ മേഖലകളിലുള്ള ഓഹരിവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചപ്പോള്‍ 49 ശതമാനം പേര്‍ ആഗോള സ്വത്തുവകകളില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സര്‍വ്വേയില്‍ പ്രതികരിച്ച നാലില്‍ മൂന്ന് വിഭാഗം ആളുകളും വിപണിയില്‍ അടുത്തകാലത്തുണ്ടായ ഉണര്‍വ്വ് നിക്ഷേപം നടത്തുന്നതിനുള്ള അവസരമായിട്ടാണ് കാണുന്നത്. അതേസമയം 67 ശതമാനം ആളുകള്‍ കഴിഞ്ഞ വര്‍ഷം നാലാംപാദത്തില്‍ വിപണിയിലുണ്ടായ പ്രശ്‌നങ്ങളില്‍ ആശങ്കയുള്ളവരാണ്.

പത്തില്‍ നാലുപേര്‍ (42 ശതമാനം) അടുത്ത ആറ് മാസങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുമ്പോള്‍ 17 ശതമാനം പേര്‍ കുറച്ച് നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നത്. സുസ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപകര്‍ കൂടുതലായി ആകൃഷ്ടകരാകുന്നതായും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പ്രകടമാണ്. അഞ്ച് വര്‍ഷം മുമ്പ് 22 ശതമാനം പേരാണ് സുസ്ഥിര നിക്ഷേപങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് 27 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

മാതൃരാജ്യത്തെ നിക്ഷേപ അന്തരീക്ഷം സംബന്ധിച്ചുള്ള ആശങ്കകളില്‍ 44 ശതമാനം രാജ്യത്തെ രാഷ്ട്രീയവും 40 ശതമാനം പേര്‍ രാജ്യത്തെ പൊതുകടവും നിക്ഷേപ വിരുദ്ധ ഘടകങ്ങളായി ചൂണ്ടിക്കാട്ടി. യുഎഇയില്‍ ആഗോള വ്യാപാര യുദ്ധത്തിനുള്ള സാധ്യത, വിപണിയിലെ അസ്ഥിരത, പണപ്പെരുപ്പം എന്നിവയിലാണ് നിക്ഷേപകരുടെ ആശങ്ക.

തീരുവകളിലുണ്ടായ വര്‍ധനവ് ഈ വര്‍ഷം അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 0.2 ശതമാനവും ചൈനയുടേതില്‍ 0.4 ശതമാനവും കുറവുണ്ടാക്കുമെന്നാണ് യുബിഎസ് പറയുന്നത്. ആഗോളതലത്തില്‍ പണം കൈവശം വെക്കാനുള്ള നിക്ഷേപകരുടെ പ്രവണതയും അധികമാണ്. ഏഷ്യയിലും ലാറ്റിനമേരിക്കയിലും ഉള്ളവരാണ് ഏറ്റവുമധികം പണം കൈവശം വെക്കുന്നത്. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപകരിക്കുന്നതിന് പണം സുരക്ഷിതമായൊരു ആസ്തിയാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം കൂടുതല്‍ കൈയില്‍ വെക്കുന്നത് ഫലം തരില്ല. ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ ഉയര്‍ന്ന തോതിലുള്ള പണം കാണുന്നുണ്ട്. നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുന്നതിന് പറ്റിയ സമയമാണിത്.

Comments

comments

Categories: Arabia