അമേരിക്കന്‍ യുവാക്കളില്‍ ആത്മഹത്യാനിരക്ക് കൂടുന്നു

അമേരിക്കന്‍ യുവാക്കളില്‍ ആത്മഹത്യാനിരക്ക് കൂടുന്നു

ഒരു ദശകമായി യുഎസില്‍ വര്‍ഷാവര്‍ഷം ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ നിരക്കില്‍ വന്‍ വര്‍ധന

പിന്നിട്ട ഒരു ദശകത്തിലേറെ യു എസ് യുവാക്കളില്‍ ആത്മഹത്യാനിരക്ക് വര്‍ധിച്ചുവരികയാണ്. പെണ്‍കുട്ടികളിലാണ് ആത്മഹത്യാനിരക്ക് ഏറ്റവും ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യ ചെയ്ത 10 നും 19 നും ഇടയില്‍ പ്രായമുള്ള 85,000 ചെറുപ്പക്കാരുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. 2007-2016 കാലഘട്ടത്തില്‍ വര്‍ഷാവര്‍ഷം 10 നും 14 നും ഇടയില്‍ പ്രായമുള്ള 13% പെണ്‍കുട്ടികളും ഏഴു ശതമാനം ആത്മഹത്യ ചെയ്തു. ജാമ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ മരണനിരക്ക് കൂടുതലാണെന്നതാണ് പൊതുവേ കാണാറ്, എന്നാല്‍ സ്ത്രീകളിലാണ് ഉയര്‍ന്ന നിരക്കില്‍ ആത്മഹത്യാപ്രവണതയും ആത്മഹത്യകളും ഉണ്ടാകുന്നതെന്ന് പഠനം പറയുന്നു.

പെണ്‍കുട്ടികളുടെ മരണനിരക്ക് കൂടാന്‍ കാരണം അവര്‍ ആത്മഹത്യ ചെയ്യാന്‍ സ്വീകരിക്കുന്ന രീതികളെ ആശ്രയിച്ചിരിക്കുന്നു. 10 മുതല്‍ 19 വയസുവരെ പ്രായമുള്ളവരുടെ രണ്ടാമത്തെ പ്രധാന മരണകാരണം ആത്മഹത്യയാണ്. യുവാക്കളില്‍ ആത്മഹത്യാ പ്രവണതകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനായി, 1975 മുതല്‍ 2016 വരെ 10 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികളുടെ ആത്മഹത്യാനിരക്ക് ഗവേഷണസംഘം പരിശോധിക്കുകയുണ്ടായി. ഇക്കാലയളവില്‍ 85,051 യുവാക്കളാണ് ആത്മഹത്യ ചെയ്തത്, ഇവരില്‍ 80 ശതമാനം ആണ്‍കുട്ടികളായിരുന്നു. അതിനിടെ, 1993 മുതല്‍ 2007 വരെ 10 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളില്‍ ആത്മഹത്യ നിരക്ക് കുറഞ്ഞുവരുന്നതായി കണ്ടിരുന്നു.

വര്‍ഷത്തില്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെയാണ് ഈ കുറവെന്ന് ഗവേഷകര്‍ കണ്ടെത്തി. അതിനുശേഷം ഇതു വീണ്ടും ഉയര്‍ന്നു തുടങ്ങി. വര്‍ഷത്തില്‍ 10 നും 14 നും ഇടയില്‍ പ്രായമുള്ള 12.7 ശതമാനം പെണ്‍കുട്ടികളും 7.1 ശതമാനം ആണ്‍കുട്ടികളും എന്ന നിലയിലാണ് ആത്മഹത്യാനിരക്ക് ഉയര്‍ന്നത്. 15 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ക്കിടയിലും സമാനമായ പ്രവണതകള്‍ കണ്ടെത്തി, 2007 വരെ ആത്മഹത്യാനിരക്ക് കുറയുകയും പിന്നീട് ഉയരുകയുമാണുണ്ടായത്. പെണ്‍കുട്ടികളിലെ ആത്മഹത്യാനിരക്ക് 7.9 ശതമാനവും ആണ്‍കുട്ടികളിലേത് 3.5 ശതമാനവുമായാണ് വര്‍ദ്ധിച്ചത്.

എന്നാല്‍ ആത്മഹത്യാകാരണങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്കു കഴിഞ്ഞിട്ടില്ല. കുട്ടികളില്‍ ആത്മഹത്യാ പ്രവണതാലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. കുട്ടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഏറെ നേരം ദുഃഖിച്ചിരിക്കുന്നതും സുഹൃത്തുക്കള്‍ക്കിടയിലും സ്‌കൂളിലും അവര്‍ ഉള്‍വലിഞ്ഞു നില്‍ക്കുന്നതും അമിത ദേഷ്യമോ അക്രമപ്രവണതയോ പ്രകടിപ്പിക്കുന്നുണ്ടോ എന്നതൊക്കെ ആത്മഹത്യാപ്രവണതയുടെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണുന്ന പക്ഷം, കുട്ടിയെ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തു കൊണ്ടുപോകണം.

എന്നാല്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം പഠനത്തില്‍ പറയുന്നതിനേക്കാള്‍ ഏറെയായിരിക്കുമെന്നാണ് ആത്മഹത്യ വിദഗ്ധനും മനശാസ്ത്രജ്ഞനുമായ ഇയാന്‍ റോക്കറ്റ് വിലയിരുത്തുന്നത്. സ്ത്രീകളില്‍ മരുന്നുപയോഗമാണ് മുഖ്യ ആത്മഹത്യരീതി. എന്നാല്‍ ഇത് ആത്മഹത്യയായി കണക്കു കൂട്ടുന്നത് ചുരുക്കമായിരിക്കും. സത്യത്തില്‍ പഠനത്തിലെ ആണ്‍-പെണ്‍ വ്യത്യാസമാണ് കുറേക്കൂടി യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ ഇടയില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്നും റോക്കറ്റ് വിശ്വസിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആത്മഹത്യാനിരക്ക് വര്‍ധിക്കുന്നതില്‍ നെറ്റ്ഫഌക്‌സ് പരമ്പരയായ 13 റീസണ്‍സ് വൈ പോലുള്ള പരിപാടികളുടെ വലിയ സ്വാധീനമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ബഹുജന മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK News
Tags: suicide