ഇടുക്കിയില്‍ നിന്നും ഒരു സുഗന്ധവ്യഞ്ജന വിജയഗാഥ

ഇടുക്കിയില്‍ നിന്നും ഒരു സുഗന്ധവ്യഞ്ജന വിജയഗാഥ

കുരുമുളകും ഏലവും ജാതിയുമെല്ലാം കേരളത്തിന്റെ അടുക്കളപ്പുറങ്ങളില്‍ നിന്നും ആഗോളതലത്തിലേക്ക് സഞ്ചരിച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായി. ദൈവത്തിന്റെ സ്വന്തം നാടിന്റെ പേരും പ്രശസ്തിയും കടല്‍ കടത്തുന്നതില്‍ നിര്‍ണായകമായ സ്ഥാനം വഹിച്ചവയാണ് ഇവിടുത്തെ സുഗന്ധവ്യഞ്ജനങ്ങള്‍. എന്നിരുന്നാലും വിശിഷ്ടമായ സുഗന്ധവ്യഞ്ജനങ്ങള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. ഈ തിരിച്ചറിവില്‍ നിന്നുമാണ് ഡി സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ പിറവി. ഉയര്‍ന്ന ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള 150 ല്‍ പരം വസ്തുക്കള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിച്ച് ഓണലൈന്‍ വിപണിയിലൂടെ വില്‍പ്പനക്കെത്തിക്കുകയാണ് ഇടുക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ സ്ഥാപനം. വര്‍ഷങ്ങളായി സോഫ്റ്റ്‌വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുമളി സ്വദേശിയായ രാജേഷ് എസ് എന്ന യുവസംരംഭകന്റെ ആശയമാണ് ഡി സ്‌പൈസസ്. പ്രവര്‍ത്തനമാരംഭിച്ച് ആദ്യമാസം തന്നെ 1200 ല്‍ പരം ഉപഭോക്താക്കളെ കണ്ടെത്താന്‍ ഈ സംരംഭത്തിന് കഴിഞ്ഞു.

ഒരു കര്‍ഷകന്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെന്തെന്ന് അറിയണമെങ്കില്‍ മണ്ണില്‍ നേരിട്ടിറങ്ങി വിത്തുവിതച്ചു നോക്കണം. വിപണിയില്‍ നിന്നും നേരിടുന്ന പലവിധ ചൂഷണങ്ങളില്‍ തുടങ്ങി, വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ കലര്‍ത്തപ്പെടുന്ന മായം വരെ പല കാര്യങ്ങളും ഒരു കര്‍ഷന്റെ സ്ഥായിയായ നിലനില്‍പ്പിനെ ബാധിക്കുന്നു. രാജ്യത്തെ വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പിന്നില്‍ പ്രധാനകാരണമായി പരോക്ഷമായി നടക്കുന്ന ഇത്തരം കര്‍ഷക ആത്മഹത്യകളുമുണ്ടായിരിക്കും. ഇടുക്കി ജില്ലയില്‍ നടക്കുന്ന ഇത്തരം കര്‍ഷകചൂഷണ നടപടികള്‍ നേരില്‍ കണ്ടതിന്റെ ഭാഗമായാണ് എസ് രാജേഷ് എന്ന യുവാവ് കാര്‍ഷിക വികസനത്തിനായി സാങ്കേതിക വിദ്യയെ കൂട്ട് പിടിച്ചത്. സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ രാജേഷ് ആരംഭിച്ച ഡി സ്‌പൈസസ് എന്ന ഓണ്‍ലൈന്‍ വില്‍പന ശാല വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നത്.

ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച രാജേഷ് കൃഷിയും കാര്‍ഷികവൃത്തിയും നേരില്‍ കണ്ടാണ് വളര്‍ന്നത്. സ്വന്തമായി കൃഷി ചെയ്യുകയും അതില്‍ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ട് പഠിക്കുകയും ചെയ്തിരുന്ന ഒരുകാലം രാജേഷിനുണ്ടായിരുന്നു. അതിനാല്‍ തന്നെയാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് കണ്ടറിയാന്‍ രാജേഷിനു സാധിച്ചതും. പഠിച്ചത് എംസിഎ ആയിരുന്നു എങ്കിലും രാജേഷിന്റെ മനസ്സ് ഇപ്പോഴും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് സഞ്ചരിച്ചിരുന്നത്. തന്റെ ജില്ലയെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതോടെയാണ് എന്തുകൊണ്ട് കാര്‍ഷിക വിപണിയുടെ മുന്നേറ്റത്തിലായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൂടാ എന്ന ചിന്തയുണ്ടാകുന്നത്.

അങ്ങനെ ചിന്തിച്ചപ്പോള്‍ ആദ്യം രാജേഷിന്റെ മനസിലേക്ക് ഓടിയെത്തിയത് സുഗന്ധവ്യഞ്ജന കര്‍ഷകരുടെ ചിത്രമാണ്. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിന് പ്രഥമ സ്ഥാനം വഹിച്ച ഒന്നാണ് ഏലവും കുരുമുളകും ഇഞ്ചിയും ജാതിക്കയും ഉള്‍പ്പെടുന്ന സുഗന്ധവ്യജ്ഞനങ്ങളുടെ നീണ്ട നിര.എന്നാല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാകട്ടെ ഇതിന്റെ ഗുണങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. ഇതിനുള്ള പ്രധാന കാരണം ഇടനിലക്കാരുടെ ചൂഷണമാണ്. പ്രാദേശിക വിപണിയില്‍ കുറഞ്ഞ വിലക്ക് വില്‍ക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ മായം കലര്‍ത്തി ഗുണനിലവാരം ഇല്ലാതാക്കിയശേഷം കൂടിയ വിലക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.ഇതിനുള്ള പരിഹാരമെന്നവണ്ണമാണ് ഡി സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ തുടക്കം

എല്ലാം ഓണ്‍ലൈനില്‍ ലഭ്യം

ഇത് ഓണ്‍ലൈന്‍ വിപണിയുടെ കാലമാണ്. പച്ചക്കറികള്‍ തുടങ്ങി പലചരക്കുസാധനകളും മരുന്നുകളും എല്ലാംതന്നെ ഓണലൈനില്‍ ലഭ്യമാണ്. പിന്നെ എന്തിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ മാത്രം ലഭ്യമല്ലാതിരിക്കണം. ഈ തോന്നലില്‍ നിന്നുമാണ് ഡി സ്‌പൈസസിന്റെ തുടക്കം. സംസ്ഥാനത്തെ ഓര്‍ഗാനിക് കര്‍ഷകരില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങിയശേഷം തരാം തിരിക്കുന്നു. ഗുണമേന്മയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ തരം തിരിക്കുന്നത്. അതിനു ശേഷം ഈ ഉല്‍പ്പന്നങ്ങള്‍ പാക്കറ്റുകളിലാക്കി വില്‍പ്പനക്കെത്തിക്കുന്നു. വെബ്‌സൈറ്റില്‍ ഇതിനോടകം 150 ലേറെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കായി എത്തിച്ചു കഴിഞ്ഞു. ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ പൂര്‍ണമായും വിനിയോഗിച്ചുകൊണ്ടാണ് ഡി സ്‌പൈസസ് പ്രവര്‍ത്തിക്കുന്നത്. വില്‍ക്കുന്നതത്രയും മായം ചേര്‍ക്കാത്ത, ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങളായിരിക്കും എന്ന ഉറപ്പ് മാത്രമാണ് ഡി സ്‌പൈസസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

”വിപണിയിലെ ചൂഷണം മൂലം ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ട വില ലഭിക്കാതെ നിരവധി കര്‍ഷക കുടുംബങ്ങളാണ് ദാരിദ്ര്യമനുഭവിക്കുന്നത്. ഈ അവസ്ഥക്കുള്ള ഒരു പരിഹാരമാണ് ഡി സ്‌പൈസസ്. ഞങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും ഓര്‍ഡര്‍ ലഭിച്ചാലും കൃത്യം 48 മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നം വിതരണം ചെയ്തിരിക്കണം എന്നതാണ് ഞങ്ങളുടെ പോളിസി. നാളിത്‌വരെ അതനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. വിപണിയില്‍ ഞങ്ങള്‍ കാണിക്കുന്ന തുറന്ന സമീപനവും കൃത്യനിഷ്ഠയുമാണ് വളര്‍ച്ചയുടെ ആധാരം. പ്രവര്‍ത്തനമാരംഭിച്ച ആദ്യമാസം തന്നെ 1200 ഉപഭോക്താക്കളെയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇവരില്‍ ഭൂരിഭാഗവും ഞങ്ങളുടെ റിപ്പീറ്റ് കസ്റ്റമേഴ്‌സ് ആയി കഴിഞ്ഞു എന്നിടത്താണ് ഞങ്ങളുടെ വിജയം. മായം ചേര്‍ക്കാത്ത സുഗന്ധവ്യഞ്ജനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിച്ചു തുടങ്ങിയപ്പോഴാണ് ഇത്രയും വലിയ ഒരു വിപണി ഉണ്ടെന്ന യഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. അതോടെ സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം തേന്‍, തേന്‍ നെല്ലിക്ക, കാപ്പിപ്പൊടി , മസാലക്കൂട്ട് തുടങ്ങിയ കൂടി വില്‍പ്പനക്കായി എത്തിച്ചത്. ഈ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം തന്നെ മികച്ച വിപണിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്” ഡി സ്‌പൈസസ് ഉടമ രാജേഷ് പറയുന്നു.

നിലവില്‍ 35 കര്‍ഷകരാണ് ഡി സ്‌പൈസസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. സാധാരണ പ്രാദേശിക വിപണിയില്‍ ഉല്‍പ്പന്നം വില്‍ക്കുന്നതിനേക്കാള്‍ മികച്ച ലാഭം കര്‍ഷകര്‍ക്ക് നല്‍കുവാന്‍ ഡി സ്‌പൈസസിന് സാധിക്കുന്നുണ്ട് . അതിനാല്‍ കേട്ടറിഞ്ഞുകൊണ്ട് ഡി സ്‌പൈസസിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനും ഓണ്‍ലൈന്‍ വിപണിയുടെ ഭാഗമാകുന്നതിനുമായി നിരവധികര്‍ഷകര്‍ എത്തുന്നുണ്ട്. ഓണ്‍ലൈന്‍ വിപണിയുടെ വിശ്വാസ്യതയും വിജയവുമാണ് ഇത് വെളിവാക്കുന്നത്. നിലവില്‍ കുരുമുളക്, ഇഞ്ചി, ഗ്രാമ്പൂ, പട്ട, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാണ് കൂടുതലായും വിറ്റു പോകുന്നത്. ഇതിനു പുറമെയാണ് വിവിധതരം കാപ്പിപ്പൊടികള്‍, തേയില, തേന്‍ , എന്നിവയുടെയെല്ലാം വില്‍പ്പന.

തുടക്കം അഞ്ചുലക്ഷം രൂപയില്‍ നിന്നും

അഞ്ചു ലക്ഷം രൂപ മൂലധനനിക്ഷേപത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമായിട്ടാണ് ഡി സ്‌പൈസസ് ആരംഭിച്ചത്. എന്നാല്‍ ഇതില്‍ നിന്നും മികച്ച വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ സംരംഭകത്വം എന്ന ചിന്തക്ക് ഒരു അടിസ്ഥാനമുണ്ടായി. കേരളത്തിലെ ഒട്ടുമിക്ക കാര്‍ഷിക കേന്ദ്രങ്ങളില്‍ നിന്നും വില്‍പ്പനക്കായി സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നുണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ കര്‍ഷക പങ്കാളിത്തമുള്ളത് ഇടുക്കി, വയനാട് പ്രദേശങ്ങളില്‍ നിന്നാണ്. 90 ദിവസത്തെ ഷെല്‍ഫ് ലൈഫാണ് സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഡി സ്‌പൈസസ് ഉറപ്പു നല്‍കുന്നത്. നിലവില്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിലൂടെയാണ് മാര്‍ക്കറ്റിങ് നടക്കുന്നത്.

മൊബീല്‍ ആപ്പുവഴിയും സേവനം ലഭ്യമാണ്. വരും നാളുകളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സേവനം നടത്തുവാനുള്ള ഒരുക്കത്തിലാണ് ഡി സ്‌പൈസസ്. മറയൂര്‍ ശര്‍ക്കര പോലെ വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഡി സ്‌പൈസസ് വിപണിയിലെത്തിക്കുന്നുണ്ട്. വീട്ടാവശ്യത്തിനും മരുന്നു നിര്‍മാണത്തിനും മറയൂര്‍ ശര്‍ക്കരതന്നെ വേണമെന്നു നിര്‍ബന്ധമുള്ളവര്‍ ഒട്ടേറെയുണ്ട്. മറയൂരിലെയും കാന്തല്ലൂരിലെയും മണ്ണിന്റെയും കൃഷിക്കുപയോഗിക്കുന്ന വെള്ളത്തിന്റെയും ഗുണം, തണുത്ത കാലാവസ്ഥ, പരമ്പരാഗത കൃഷിരീതി, നാട്ടറിവിലൂന്നിയ സംസ്‌കരണം എന്നിവയാണ് മറയൂര്‍ ശര്‍ക്കരയുടെ മധുരത്തിനും പെരുമയ്ക്കും കാരണം.ഇക്കാര്യം നേരിട്ട് മനസിലാക്കിയാണ് ഡി സ്‌പൈസസ് അത്തരത്തില്‍ ശര്‍ക്കര വിപണിയില്‍ എത്തിക്കുന്നത്. അതുപോലെ തന്നെ വ്യത്യസ്തങ്ങളായ ചായകള്‍ വിപണിയില്‍ എത്തിക്കുന്നതിലും ഡി സ്‌പൈസസ് മുന്നിലാണ്. കട്ടന്‍ ചായ മുതല്‍ ഗ്രീന്‍ ടീ വരെ നീളുന്നു ആ ലിസ്റ്റ്. ഇതില്‍ ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട ഒന്നാണ് ഇഞ്ചിച്ചായ അഥവാ ജിഞ്ചര്‍ ടീ.വെറുതെ കുടിക്കാന്‍ മാത്രമല്ല ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇത്. അതിനാല്‍ ഇഞ്ചി ചായ, ഏലം ചായ തുടങ്ങി നിരവധി ചായകളും ഡി സ്‌പൈസസ് വിപണിയിലെത്തിക്കുന്ന.

”ഇന്ന് നാം കഴിക്കുന്ന ഒട്ടുമിക്ക ആഹാരത്തിലും നമ്മുടെ ശരീരത്തിന് ദോഷകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയട്ടുണ്ട് , ഇത്തരം ദോഷകരമായ പദാര്‍ത്ഥങ്ങള്‍ നമ്മളിലേക്ക് എത്തുന്നത് മായം കലര്‍ന്ന ചേരുവകള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കുമ്പോള്‍ ആണ് ഇന്ന് വര്‍ധിച്ചു വരുന്ന കാന്‍സര്‍ മുതലായ അസുഖങ്ങള്‍ക്ക് പ്രധാന കാരണം നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഇത്തരം മായം കലര്‍ന്ന ആഹാരങ്ങള്‍ തന്നെ ആണ്, അതുകൊണ്ട് ശുദ്ദവും ഗുണമേന്മയേറിയതുമായ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാവൂ അതുമാത്രമേ ഉള്ളു ഇതിനു ഒരു പ്രധിവിധി. ഞങ്ങള്‍ തുടക്കം മുതലേ തന്നെ പ്രാധാന്ന്യം നല്‍കുന്നത് , ശുദ്ധവും ഗുണമേന്മയേറിയതുമായ ഉത്പന്നങ്ങള്‍ ന്യായമായ നിരക്കില്‍ നിങ്ങളുടെ കൈകളിലേക്ക് എത്തിക്കുക എന്നതിനാണ്. ഇവിടെയാണ് ഞങ്ങളുടെ പ്രസക്തി” രാജേഷ് ഡി സ്‌പൈസസിന്റെ പ്രവര്‍ത്തന ഉദ്ദേശം വ്യക്തമാക്കുന്നു. www . Dspices.in എന്ന വെബ്‌സൈറ്റ് വഴിയാണ് വില്‍പന നടക്കുന്നത്.

Categories: FK Special, Slider