ഷോപ്പ് ക്ലൂസ് ഏറ്റെടുക്കുന്നതിനുള്ള സ്‌നാപ്ഡീലിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

ഷോപ്പ് ക്ലൂസ് ഏറ്റെടുക്കുന്നതിനുള്ള സ്‌നാപ്ഡീലിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ഫഌപ്കാര്‍ട്ടും ആമസോണും ഉയര്‍ത്തിയ കടുത്ത വിരണി മല്‍സരത്തില്‍ പിന്തള്ളപ്പെട്ടുപോയ രണ്ട് പ്ലാറ്റ്‌ഫോമുകളാണ് സ്‌നാപ്ഡീലും ഷോപ്പ് ക്ലൂസും. ഷോപ്പ് ക്ലൂസ് ഏറ്റെടുക്കുന്നതിനുള്ള താല്‍പ്പര്യം നേരത്തേ തന്നെ സ്‌നാപ് ഡീല്‍ പ്രകടമായിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ പലപ്പോഴും ചില അഭിപ്രായ വ്യത്യാസങ്ങളില്‍ തട്ടി അവസാനിക്കുകയായിരുന്നു. ഇടപാടിലെ സാമ്പത്തിക മാനദണ്ഡങ്ങള്‍ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് പ്രധാനമായും പ്രതിബന്ധമായത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവര പ്രകാരം തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇരു കമ്പനികളും കരാറിലേക്ക് നീങ്ങുകയാണ്.

നിലവില്‍ ധാരണയിലേക്ക് നീങ്ങുന്ന പദ്ധതി പ്രകാരം ലയനം നടപ്പായാല്‍ ഷോപ്പ് ക്ലൂസിലെ നിക്ഷേപകര്‍ക്ക് തങ്ങളുടെ 9 ഓഹരികള്‍ക്ക് പകരമായി സ്‌നാപ്ഡീലിന്റെ ഒരു ഓഹരി ലഭിക്കും. ലയന സംരംഭത്തില്‍ 10 ശതമാനത്തിനടുത്ത് പങ്കാളിത്തമാണ് ഷോപ്പ് ക്ലൂസിലെ നിക്ഷേപകര്‍ക്ക് മൊത്തമായി ലഭിക്കുകയെന്നും സ്‌നാപ്ഡീലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 30 ശതമാനം വരെയുള്ള പങ്കാളിത്തമാണ് ഷോപ്പ് ക്ലൂസ് ആവശ്യപ്പെട്ടിരുന്നത്. ഇത് നടപ്പാകാനിടയില്ല. ഷോപ്പ് ക്ലൂസ് സ്ഥാപകരായ രാധിക അഗര്‍വാള്‍, സഞ്ജയ് സേതി എന്നിവര്‍ പണത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടപാടിലൂടെ ലയന സംരംഭത്തില്‍ നിന്ന് പുറത്തുപോകുമെന്നും ചര്‍ച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധികം വൈകാതെ കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനാകുമെന്നാണ് ഇരു കമ്പനികളും പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy