റിസാറ്റ് 2ബി ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍

റിസാറ്റ് 2ബി ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍

എതു കാലാവസ്ഥയിലും, രാത്രിയിലും തെളിവാര്‍ന്ന ചിത്രങ്ങള്‍ നല്‍കുന്ന ഉപഗ്രഹം

ന്യൂഡെല്‍ഹി: ഭൗമനിരീക്ഷണത്തിന് സൈന്യത്തെ സഹായിക്കാനുദ്ദേശിച്ചുള്ള റിസാറ്റ് 2ബി ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ രാവിലെ 5.47 നായിരുന്നു സുപ്രധാനമായ വിക്ഷേപണം നടന്നത്. വിക്ഷേപിച്ച് 15 മിനിറ്റിനുള്ളില്‍ പിഎസ്എല്‍വിസി 46 റോക്കറ്റ്, റിസാറ്റ് 2ബിയെ ഭൂമിയില്‍ നിന്ന് 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. 2019 ലെ ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ വിജയകരമായ വിക്ഷേപണമാണ് ഇത്.

പാക്കിസ്ഥാനും ചൈനയ്ക്കും മേല്‍ ഇന്ത്യക്ക് നിര്‍ണായക നിരീക്ഷണ ശേഷി നേടിത്തരുന്നതാണ് റിസാറ്റ് 2ബി. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ നിരീക്ഷിക്കുകയാണ് പ്രധാന ഉദ്ദേശ്യം. മേഘാവൃതമായ കാലാവസ്ഥയിലും മിഴിവാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ ശേഷിയുണ്ട്. രാത്രിയും പകലും സങ്കീര്‍ണമായ കാലാവസ്ഥകളിലും നിരീക്ഷണം കാര്യക്ഷമമായിരിക്കും. ഏകദേശം അഞ്ചുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്. സൈനികാവശ്യത്തിന് പുറമെ കാര്‍ഷിക, വനപരിപാലന, ദുരന്ത നിവാരണ മേഖലകളിലും സേവനം നല്‍കും.

നിലവില്‍ 2009 ല്‍ വിക്ഷേപിച്ച റിസാറ്റ്-2 ഉപയോഗിച്ചാണ് പാക് അധീന കാശ്മീരില്‍ ഇന്ത്യ നിരീക്ഷണം നടത്തുന്നത്. ഒപ്റ്റിക്കല്‍ ഇമേജിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്‍ട്ടോസാറ്റും നിരീക്ഷണത്തിനായി ഉണ്ടെങ്കിലും മേഘാവൃതമായ അന്തരീക്ഷത്തില്‍ പ്രയോജനപ്പെടില്ല. ഈ സാഹചര്യത്തില്‍ എക്‌സ് ബാന്‍ഡ് റഡാര്‍ ഇമേജിംഗ് പ്രയോജനപ്പെടുത്തിയിരിക്കുന്ന റിസാറ്റ്-2ബിയുടെ വിക്ഷേപണം വലിയ നേട്ടമാണ്. റിസാറ്റ പരമ്പരയിലെ നാല് ഉപഗ്രഹങ്ങള്‍ കൂടി ഐഎസ്ആര്‍ഒ വൈകാതെ വിക്ഷേപിക്കും.

Categories: FK News
Tags: Satelite