പ്രത്യേക വായ്പാ ജാലക പദ്ധതിയോട് ആര്‍ബിഐക്ക് വിയോജിപ്പ്

പ്രത്യേക വായ്പാ ജാലക പദ്ധതിയോട് ആര്‍ബിഐക്ക് വിയോജിപ്പ്

അമിതമായ വായ്പാ വിതരണമാണ് പല എന്‍ബിഎഫ്‌സികളെയും പ്രതിസന്ധിയിലാക്കിയതെന്ന് കേന്ദ്രബാങ്ക് വിലയിരുത്തല്‍

മുംബൈ: എന്‍ബിഎഫ്‌സികളുടെ (ബാങ്കിംഗ് ഇതര സാമ്പത്തിക സേവന സ്ഥാപനങ്ങള്‍) സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കമ്പനികളും നിതി ആയോഗും മുന്നോട്ട് വെച്ച പ്രത്യേക വായ്പാ ജാലക പദ്ധതിയോട് ആര്‍ബിഐക്ക് വിയോജിപ്പെന്ന് സൂചന. പ്രസ്തുത പദ്ധതി ആവശ്യമില്ലെന്നാണ് അഭിപ്രായപ്പെട്ട് കേന്ദ്ര ബാങ്ക് ബോര്‍ഡിന്റെ അഭിപ്രായമെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. പണ ലഭ്യതയിലുണ്ടായ കുറവ് എന്‍ബിഎഫ്‌സി മേഖലയില്‍ മാത്രമുണ്ടായ ഒരു പ്രതിഭാസമല്ലെന്നും അമിതമായ വായ്പാ വിതരണമാണ് പല എന്‍ബിഎഫ്‌സികളെയും പ്രതിസന്ധിയിലാക്കിയതെന്നുമാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. കേന്ദ്രബാങ്കില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്ന എന്‍ബിഎഫ്‌സികള്‍ക്ക് തിരിച്ചടിയാണ് നിലപാട്.

ചൊവ്വാഴ്ച അവസാനിച്ച ആര്‍ബിഐയുടെ ദ്വിദിന ബോര്‍ഡ് യോഗം രാജ്യത്തെ എന്‍ബിഎഫ്‌സി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഭാവിയില്‍ ഇത്തരം അപകടങ്ങളുണ്ടാവുന്നത് തടയാന്‍ 5,000 കോടി രൂപയ്ക്കുമേല്‍ ആസ്തിയുള്ള എന്‍ബിഎഫ്‌സികള്‍ സ്ഥാപനത്തിലെ റിസ്്ക് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ചീഫ് റിസ്‌ക് ഓഫീസറെ നിയമിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് നല്‍കിയത്.

ഐഎല്‍&എഫ്എസ് തകര്‍ച്ചയ്ക്കുശേഷം എന്‍ബിഎഫ്‌സികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ വൈമുഖ്യം കാണിക്കുന്നുണ്ട്. ഡിഎച്ച്എഫ്എല്‍, ഇന്ത്യാബുള്‍സ് ഫിനാന്‍സ് തുടങ്ങിയ രാജ്യത്തെ ഭൂരിഭാഗം എന്‍ബിഎഫ്‌സികളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് അവരുടെ കടപ്പത്രങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് നയിച്ചിട്ടുണ്ട്. എന്‍ബിഎഫ്‌സി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച ഒരു ലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങളും (നിക്ഷേപം നേടുന്നതിനായി കമ്പനി പുറത്തിറക്കുന്ന ഔദ്യോഗിക രേഖ, ഒരു വര്‍ഷം വരെയാണ് ഇവയുടെ സമയപരിധി) അടുത്ത മൂന്നു മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നുള്ളതും ആശങ്കയുണര്‍ത്തുന്നതാണ്.

Categories: FK News, Slider
Tags: NBFC