ഫൂഡ്പാണ്ടയുടെ വിതരണം ഒല നിര്‍ത്തുന്നു, നിരവധി പേരെ പിരിച്ചുവിട്ടു

ഫൂഡ്പാണ്ടയുടെ വിതരണം ഒല നിര്‍ത്തുന്നു, നിരവധി പേരെ പിരിച്ചുവിട്ടു

ക്ലൗഡ് കിച്ചണിലേക്കും ഇന്‍ ഹൗസ് ബ്രാന്‍ഡുകളിലേക്കും ബിസിനസ് ചുരുക്കി

ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ ഫൂഡ്പാണ്ടയുടെ പ്രവര്‍ത്തനം എഎന്‍ഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചുരുക്കുന്നു. റെയ്ഡ് ഹെയ്‌ലിംഗ് പ്ലാറ്റ് ഫോമായ ഒലയുടെ ഉടമകളായ എഎന്‍ഐ ടെക്‌നോളജീസ് 18 മാസങ്ങള്‍ക്ക് മുന്‍പാണ് ഫൂഡ് പാണ്ടയെ ഏറ്റെടുത്തത്. ഭക്ഷണ വിതരണ ബിസിനസ് അവസാനിപ്പിച്ച് ക്ലൗഡ് കിച്ചണ്‍ ബിസിനസും ഇന്‍ഹൗസ് ബ്രാന്‍ഡുകളിലെ വിതരണവും മാത്രം ഫൂഡ്പാണ്ടയിലൂടെ നടത്താനാണ് കമ്പനിയുടെ തീരുമാനം.

1500ഓളം ഭക്ഷണ വിതരണ എക്‌സിക്യൂട്ടിവുകളുടെ കരാര്‍ റദ്ദാക്കിയ കമ്പനി 40ഓളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്. ഫൂഡ്പാണ്ട പ്ലാറ്റ്‌ഫോമില്‍ നിന്ന് മിക്ക റെസ്റ്റോറന്റുകളും നീക്കം ചെയ്തു കഴിഞ്ഞു. എന്നാല്‍ ഒല ആപ്ലിക്കേഷനില്‍ ഇവയില്‍ പലതിന്റെയും വിവരം ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ അതില്‍ ക്ലിക്ക് ചെയ്ത് ഫൂഡ് പാണ്ടയിലേക്ക് ചെല്ലുമ്പോള്‍ പ്രസ്തുത റെസ്റ്റോറന്റ് ലഭ്യമല്ല എന്ന വിവരമാണ് ലഭിക്കുന്നത്.

ഭക്ഷണ വിതരണ രംഗത്തെ ഒലയുടെ രണ്ടാമത്തെ സംരംഭമാണ് ഫൂഡ് പാണ്ട. നേരത്തേ 2015ല്‍ ഒല കഫെ എന്ന പേരില്‍ ഒരു സംരംഭത്തിന് തുടക്കമിട്ടെങ്കിലും അടുത്ത വര്‍ഷം തന്നെ അത് അവസാനിപ്പിച്ചു. സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികള്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി വിപണിയില്‍ മുന്നേറുന്നതിനിടെയാണ് ഇപ്പോള്‍ ഫൂഡ് പാണ്ടയില്‍ നിന്നുള്ള പിന്മാറ്റം. വന്‍ തോതിലുള്ള ഡിസ്‌കൗണ്ടുകളിലൂടെ കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്തുന്നതിനൊപ്പം കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള നടപടികളും സ്വിഗ്ഗിയും സൊമാറ്റോയും സജീവമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇവയുമായി മല്‍സരിക്കുന്നതിനോ വളരുന്നതിനോ കഴിഞ്ഞ ഏതാനും മാസങ്ങളായി ഫൂഡ് പാണ്ടയ്ക്ക് സാധിക്കുന്നില്ല. യുബര്‍ ഈറ്റ്‌സാണ് ഈ മേഖലയില്‍ സജീവമായി നില്‍ക്കുന്ന മറ്റൊരു ബ്രാന്‍ഡ്.

പ്ലാറ്റ്‌ഫോമിലെ വ്യാപാരികളുടെ ഉല്‍പ്പന്നങ്ങള്‍ വന്‍ ഡിസ്‌കൗണ്ടില്‍ വിതരണം ചെയ്യാനായി എതിരാളികളെ പോലെ വലിയ നിക്ഷേപം നടത്താനാകില്ലെന്ന് ഒല തിരിച്ചറിഞ്ഞിരിക്കുകയാണ്. മുംബൈ ആസ്ഥാനമായ ഹോലഷെഫ് കഴിഞ്ഞ ഒക്‌റ്റോബറില്‍ ഏറ്റെടുത്തതിനു ശേഷമാണ് ക്ലൗഡ് കിച്ചണ്‍ ബിസിനസിലേക്ക് ഫൂഡ്പാണ്ട നീങ്ങിയത്. ഇനി പ്രധാനമായും ഇതിലായിരിക്കും ഫൂഡ് പാണ്ട ശ്രദ്ധ കേന്ദ്രീകരിക്കുക. ഗ്രേറ്റ് കിച്ചഡി എക്‌സ്പിരിമെന്റ്, എഫ്എല്‍ആര്‍ടി എന്നീ ബ്രാന്‍ഡുകള്‍ കമ്പനിക്ക് ഈ വിഭാഗത്തിലുണ്ട്.

Comments

comments

Categories: Business & Economy
Tags: Food panda, Ola