അരങ്ങേറുന്നത് ഒരു പുതിയ തരം ശീതയുദ്ധം

അരങ്ങേറുന്നത് ഒരു പുതിയ തരം ശീതയുദ്ധം

ആഗോളതലത്തില്‍ സാമ്പത്തികശക്തിയാര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് പ്രഹരമേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക. ഇപ്പോള്‍ അരങ്ങേറുന്ന വ്യാപാര യുദ്ധം അതിന് തെളിവാണ്. വാവെയ് എന്ന ചൈനീസ് ടെലികോം കമ്പനിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിലൂടെ ചൈന 5ജി രംഗത്തുനടത്തുന്ന മുന്നേറ്റത്തെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുകയാണ്. ഇനി ഹിക്ക് വിഷന്‍ എന്ന വീഡിയോ സര്‍വൈലന്‍സ് സ്ഥാപനത്തെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് അമേരിക്കയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സെമികണ്ടക്ടര്‍ മുതല്‍ സബ്മറീന്‍ (മുങ്ങിക്കപ്പല്‍) വരെയും, ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മുതല്‍ ചാന്ദ്ര പര്യവേക്ഷണം (lunar exploration) വരെയുമായി അമേരിക്കയും ചൈനയും എല്ലാ മേഖലകളിലും ഇന്നു മത്സരിക്കുകയാണ്. മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്ന ട്രേഡ് വാര്‍ അഥവാ വ്യാപാരത്തിന്റെ പേരിലുള്ള യുദ്ധം ഇതിന്റെ പകുതി പോലും വരുന്നില്ലെന്നതാണു യാഥാര്‍ഥ്യം. ഏതെങ്കിലുമൊരു വിധത്തില്‍ പ്രയോജനകരമാകുന്നൊരു സാഹചര്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് രണ്ട് മഹാശക്തികളായ ചൈനയും അമേരിക്കയും. ഇന്ന് ജയം എന്നത് മറ്റൊരാളുടെ തോല്‍വിയെന്നു കൂടി അര്‍ഥമുള്ളതായി കാണപ്പെടുന്നുമുണ്ട്. തോല്‍വിയെന്നു പറയുമ്പോള്‍ അത് അമേരിക്കന്‍ നേതൃത്വത്തിനു വിധേയമാകേണ്ടി വരുന്ന ചൈനയെന്നോ, വെസ്റ്റേണ്‍ പസഫിക്കില്‍നിന്നും (Western Pacific) പിന്‍മാറുന്ന അമേരിക്കയെന്നോ വിശേഷിപ്പിക്കാം. ഇതില്‍ ഏതു തന്നെ സംഭവിച്ചാലും ആത്യന്തികമായി അത് വിജയികളെ സമ്മാനിക്കുന്നില്ലെന്നതാണു വാസ്തവം. (പസഫിക്, ഓഷ്യാന, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ന്ന പ്രദേശമാണു വെസ്റ്റേണ്‍ പസഫിക്ക് എന്നു പറയുന്നത്. 1.7 ബില്യന്‍ ജനങ്ങളാണ് ഈ പ്രദേശത്ത് വസിക്കുന്നത്). ടെക്‌നോളജി മോഷ്ടിച്ചു ചൈന തങ്ങളെ വഞ്ചിക്കുകയാണെന്ന് അമേരിക്ക ആരോപിക്കുന്നു. മാത്രമല്ല, കാനഡ, സ്വീഡന്‍ തുടങ്ങിയ ജനാധിപത്യരാജ്യങ്ങളെ ചൈന ഭീഷണിപ്പെടുത്തുകയാണെന്നും അമേരിക്ക ആരോപിക്കുന്നു. ആഗോള സമാധാനത്തിന് ഇത് ഭീഷണിയാകുന്നതായും അമേരിക്ക പരാതിപ്പെടുന്നു. മറുവശത്ത് ചൈനയാകട്ടെ, ഏഷ്യയില്‍ ഒരു പ്രധാന സ്ഥാനം അലങ്കരിക്കാമെന്ന സ്വപ്‌നവുമായി മുന്നേറുകയാണ്. എന്നാല്‍ ഇതില്‍ അസൂയയുള്ള അമേരിക്ക, തങ്ങളുടെ വളര്‍ച്ച തടസപ്പെടുത്തുമെന്നും ചൈന ഭയക്കുന്നുണ്ട്. സോവിയറ്റ് യൂണിയനെ ബഹിഷ്‌കരിച്ചതു പോലെ, ചൈനയെ ബഹിഷ്‌കരിക്കാനാണ് അമേരിക്കയുടെ ശ്രമം. ലോകമെങ്ങും 5ജി ടെലികോം കിറ്റ് വിതരണം ചെയ്യുന്ന വാവെയ് എന്ന ചൈനീസ് കമ്പനിയെ മാത്രമല്ല, ചൈനീസ് ടെക്‌നോളജിയെ തന്നെ ഒന്നടങ്കം ഇല്ലാതാക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. എങ്കിലും, ചൈനയ്‌ക്കെതിരേയുള്ള ഇത്തരം നടപടി വലിയ റിസ്‌ക്ക് തന്നെയായിരിക്കും. ഇനി ഈ നടപടിയുമായി അമേരിക്ക മുന്നേറുകയാണെങ്കില്‍ തന്നെ വിനാശകരമായ കാലാവസ്ഥയായിരിക്കും ഇതിലൂടെ സംജാതമാകുക. അത്തരമൊരു സാഹചര്യം ഇല്ലാതാക്കാന്‍ ഏതു പോളിസി മേക്കേഴ്‌സും അഥവാ നയകര്‍ത്താക്കളും ശ്രമിക്കുമെന്നതും ഉറപ്പാണ്.

ഹിക്ക് വിഷനും വാവെയുടെ ഗതിയോ ?

ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളാണ് അമേരിക്കയും ചൈനയും. ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ അരങ്ങേറുന്ന വ്യാപാര യുദ്ധത്തില്‍ ലോകം ആശങ്കപ്പെട്ടിരിക്കുമ്പോള്‍, ആ ആശങ്കയ്ക്ക് വീണ്ടും തീവ്രതയേകുന്ന നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. യുഎസ് സാങ്കേതികവിദ്യ വാങ്ങുന്ന ചൈനീസ് വീഡിയോ സര്‍വൈലന്‍സ് സ്ഥാപനമാണ് ഹിക്ക് വിഷന്‍. ഹിക്ക് വിഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാവെയ് എന്ന ചൈനീസ് ടെലികോം കമ്പനിയെ പോലെ ഹിക്ക് വിഷനെയും ട്രംപ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ ഹിക്ക് വിഷന് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ യുഎസ് കമ്പനികള്‍ക്കു സര്‍ക്കാരിന്റെ അനുമതി

^

വാങ്ങേണ്ടതായി വരും. കഴിഞ്ഞയാഴ്ച ചൈനീസ് കമ്പനിയായ വാവെയുമായി ഇടപാടുകള്‍ നടത്തുന്നതിനു യുഎസ് കമ്പനികള്‍ക്കു വിലക്കേര്‍പ്പെടുത്തി കൊണ്ടു യുഎസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണു മറ്റൊരു ചൈനീസ് കമ്പനിയായ ഹിക്ക് വിഷനെതിരേ നടപടിയെടുക്കാന്‍ യുഎസ് തയാറെടുക്കുന്നത്.

പരമ്പരാഗത നിരീക്ഷണ ഉപകരണങ്ങളെ പുതിയ ടെക്‌നോളജികളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്പീച്ച് മോണിറ്ററിംഗ്, ജനറ്റിക്ക് ടെസ്റ്റിംഗ് എന്നിവയിലൂടെ സംയോജിപ്പിച്ചത് ഇന്നു നിരീക്ഷണ ശൃംഖലകളെ ഫലപ്രദമാക്കി തീര്‍ത്തിരിക്കുകയാണ്.വീഡിയോ സര്‍വൈലന്‍സ് ഉപകരണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ മാനുഫാക്ച്ചറര്‍മാരാണു ഹിക്ക് വിഷന്‍. സര്‍വൈലന്‍സ് സംവിധാനങ്ങളുടെ ആഗോള എക്‌സ്‌പോര്‍ട്ടറെന്ന പദവിയിലേക്കു ചൈനയെ ഹിക്ക് വിഷന്‍ നയിക്കുമെന്നും കരുതുന്നുണ്ട്. എന്നാല്‍ ഇനി മുതല്‍ ഹിക്ക് വിഷന് ടെക്‌നോളജിയോ ഉപകരണങ്ങളോ വില്‍പ്പന നടത്തണമെങ്കില്‍ അമേരിക്കന്‍ കമ്പനികള്‍ക്കു സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിലപാടെടുക്കുന്നതോടെ ഹിക്ക് വിഷന്റെ വളര്‍ച്ച ഇടിയുമെന്നത് ഉറപ്പാണ്. സാമ്പത്തിക, സാങ്കേതിക, ഭൗമരാഷ്ട്രീയ തലത്തില്‍ ചൈന അമേരിക്കയ്ക്കു ഭീഷണിയാകുന്നുവെന്ന വിശ്വാസത്തിന്റെ പുറത്താണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ചൈനീസ് കമ്പനികള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ആദ്യം വാവെയ് എന്ന ടെലികോം കമ്പനിക്കെതിരേ ട്രംപ് നടപടിയെടുത്തു. ഇനി വീഡിയോ സര്‍വൈലന്‍സ് കമ്പനിയായ ഹിക്ക് വിഷനെതിരേയും നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്. ചൈനയില്‍ സിന്‍ജിയാങ് എന്ന പ്രവിശ്യയില്‍ ഉഗിര്‍ എന്ന വിഭാഗത്തെ നിരീക്ഷിക്കാന്‍ ഭരണകൂടം തീരുമാനിച്ചപ്പോള്‍, ഹിക്ക് വിഷന്റെ സര്‍വൈലന്‍സ് സംവിധാനമാണു ഉപയോഗിച്ചത്. ഒരു പ്രത്യേക വിഭാഗത്തെ നിരീക്ഷിക്കാന്‍ ചൈനയെടുത്ത തീരുമാനം മനുഷ്യാവകാശ ധ്വംസനമായി വിശേഷിപ്പിച്ചിരുന്നു. അത് അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തകയും ചെയ്തിരുന്നു. ഇതേ നിരീക്ഷണ സംവിധാനം ഇക്വഡോര്‍, സിംബാബ്‌വേ, പാകിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്കു ചൈന നല്‍കുകയും ചെയ്തിരുന്നു. ഈ നടപടി യുഎസിനെ പ്രകോപിച്ച സംഭവം കൂടിയാണ്. ലോകമെങ്ങുമുള്ള ശൃംഖലകളില്‍ ചൈന സാന്നിധ്യം ഉറപ്പിക്കുകയാണെന്നും ഓരോ പൗരന്റെയും വിവരങ്ങള്‍ ചൈന ഇതിലൂടെ ശേഖരിക്കുകയാണെന്നും ഈ മാസം രണ്ടിന് ഫോക്‌സ് ചാനലുമായി നടന്ന അഭിമുഖത്തില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ അഭിപ്രായപ്പെടുകയുണ്ടായി. ഹിക്ക് വിഷനു മേല്‍ യുഎസ് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് കമ്പനിയെ എപ്രകാരമായിരിക്കും ബാധിക്കുകയെന്നത് ഇപ്പോള്‍ പറയാനാകില്ല. യുഎസില്‍നിന്നും ഹിക്ക് വിഷന്‍ വളരെ കുറച്ച് ഉപകരണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വാങ്ങുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ സാന്നിധ്യം വിപുലപ്പെടുത്തുകയാണു ഹിക്ക് വിഷന്‍. ആഗോളതലത്തില്‍ ഹിക്ക് വിഷന്‍ 34,000 ജീവനക്കാരെയാണു നിയോഗിച്ചിരിക്കുന്നത്. ബിജീംഗ് ഒളിംപിക്‌സ്, ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയ കായിക പരിപാടികള്‍ക്കു ഹിക്ക് വിഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇറ്റലിയിലെ മിലാനിലുള്ള ലിനറ്റ് എയര്‍പോര്‍ട്ടിലും ഹിക്ക് വിഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.

Categories: Top Stories