ഒമാന്‍ ചരിത്രം പറഞ്ഞ സെലസ്റ്റിയല്‍ ബോഡീസിന് മാന്‍ ബുക്കര്‍ പുരസ്‌കാരം

ഒമാന്‍ ചരിത്രം പറഞ്ഞ സെലസ്റ്റിയല്‍ ബോഡീസിന് മാന്‍ ബുക്കര്‍ പുരസ്‌കാരം

മാന്‍ എഴുത്തുകാരിയിലൂടെ മാന്‍ ബുക്കര്‍ പുരസ്‌കാരം ആദ്യമായി ഗള്‍ഫ് മണ്ണില്‍

ജോഖ അല്‍ഹാത്തി . മാന്‍ ബുക്കര്‍ പുരസ്‌കാരത്തെ അറബിനാട്ടിലെത്തിച്ച ആദ്യ വനിത. അറബിക് നോവലിനെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത ആദ്യ ഒമാന്‍ എഴുത്തുകാരി. ‘സെലസ്റ്റിയല്‍ ബോഡീസ്’ എന്ന സാഹിത്യരചനയെ തേടി മാന്‍ ബുക്കര്‍ പുരസ്‌കാരം മണലാരണ്യങ്ങളുടെ നാട്ടിലെത്തുമ്പോള്‍ ജോഖ അല്‍ഹാത്തിയെന്ന കഥാകാരിയെ ലോകം അറിഞ്ഞുതുടങ്ങുകയാണ്. ഒപ്പം അവര്‍ വെട്ടിപ്പിടിച്ച നേട്ടങ്ങളും.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അല്‍ഹാത്തി ഈഡന്‍ബര്‍ഗില്‍ ക്ലാസിക്കല്‍ അറബിക് പോയട്രിയില്‍ പിഎച്ച്ഡി ചെയ്യുന്ന കാലം. അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാനിലെ മൂന്ന് സഹോദരിമാരുടെ ജീവിതത്തിന്റെയും ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ നോവല്‍ രചിക്കണമെന്ന ആശയം അല്‍ഹാത്തിയുടെ ഉള്ളിലുണ്ടായി. പശ്ചാത്തലവും കഥാപാത്രങ്ങളും സംബന്ധിച്ച ഭാഗിക ചിത്രം മനസിലുണ്ടായിരുന്നെങ്കിലും നാടിനോടുള്ള ഗൃഹാതുരതയാണ് സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലെഴുത്തിന് തുടക്കം നല്‍കിയതെന്ന് അല്‍ഹാത്തി പറയുന്നു. അങ്ങനെ ഒമാനിലെത്തി ഈ മൂന്ന് സഹോദരിമാരെ കുറിച്ച് എഴുതിത്തുടങ്ങി.

ഒടുവില്‍ സെലസ്റ്റിയല്‍ ബോഡീസിനെ തേടി മാന്‍ ബുക്കര്‍ പുരസ്‌കാരം

നോവല്‍ എഴുതുമ്പോള്‍ ഈ രചനയെ തേടി ഒരു അന്താരാഷ്ട്ര പുരസ്‌കാരം വന്നെത്തുമെന്ന് അല്‍ഹാത്തി ഒരിക്കലും ചിന്തിച്ചിരുന്നില്ല. കാരണം ഇതെഴുതുമ്പോള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത നോവലുകള്‍ക്കായി 50,000 പൗണ്ട് അവാര്‍ഡ് തുക അടക്കം മാന്‍ ബുക്കര്‍ പ്രൈസ് എന്ന പുരസ്‌കാരം ഇന്നത്തെ അവസ്ഥയില്‍ നിലവിലുണ്ടായിരുന്നില്ല.

ഫ്രാന്‍സ്, സ്പാനിഷ്, ജര്‍മന്‍, പോളിഷ് ഭാഷകളിലുള്ള അഞ്ച് എഴുത്തുകാരോട് മത്സരിച്ചാണ് അല്‍ഹാത്തി മാന്‍ ബുക്കര്‍ പ്രൈസ് സ്വന്തമാക്കിയത്. അവാര്‍ഡ് തുക നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത മര്‍ലിന്‍ ബൂത്തുമായി പങ്കുവെക്കാനാണ് അല്‍ഹാത്തിയുടെ തീരുമാനം. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പുരസ്‌കാരം തന്റെ നോവലിനെ തേടിയെത്തിയത് അല്‍ഹാത്തിയുടെ ജീവിതത്തില്‍ വലിയൊരു നാഴികക്കല്ലാകും. കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം നേടിയ പോളിഷ് എഴുത്തുകാരി ഒല്‍ഗ തോക്കര്‍സൂക്കിന്റെ ‘ഫ്‌ളൈറ്റ്‌സ്’ എന്ന പുസ്തകത്തിന്റെ വില്‍പ്പന അവാര്‍ഡ് നേടിയതിന് ശേഷം 692 ശതമാനമാണ് വര്‍ധിച്ചത്. ഇത്തവണയും ഒല്‍ഗയുടെ ‘ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദ ബോണ്‍സ് ഓഫ് ദ ഡെഡ്’ എന്ന നോവല്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിരുന്നു.

അല്‍ഹാത്തിയുടെ ഈ നേട്ടം അറബിനാട്ടിനൊന്നാകെയും അഭിമാനമാണ്. ആഗോളതലത്തില്‍ അറബിക്, ഗള്‍ഫ് സാഹിത്യത്തിന്റെ പേരും പെരുമയും ഇരട്ടിക്കാന്‍ ഈ അവാര്‍ഡ് സഹായകമാകും. സെലസ്റ്റിയല്‍ ബോഡീസ് കൂടുതലായി വായിക്കപ്പെടുമെന്നതില്‍ ഏറെ സന്തോഷവതിയാണെന്നും അതേസമയം അറബിക് സാഹിത്യവും ഗള്‍ഫില്‍ നിന്നുള്ള മറ്റ് എഴുത്തുകാരും വായിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും അല്‍ഹാത്തി പറഞ്ഞു. ഒമാന്‍ സാഹിത്യം കൂടുതല്‍ വായനക്കാരിലേക്ക് എത്താനും പ്രോത്സാഹിക്കപ്പെടാനുമുള്ള അവസരം കൂടിയാണിതെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കോട്ട്‌ലന്‍ഡിലെ പ്രശസ്ത പ്രസാധകരായ സാന്‍ഡ്‌സ്റ്റോണ്‍ പ്രസ് ഇംഗ്ലീഷ് പരിഭാഷയ്ക്കായി തെരഞ്ഞെടുത്തതോടെയാണ് സെലസ്റ്റിയല്‍ ബോഡീസ് അറിയപ്പെടാന്‍ തുടങ്ങിയത്. ആഗ്ലോ ഒമാനി സൊസൈറ്റിയില്‍ നിന്നും പരിഭാഷയ്ക്ക് അനുമതി ലഭിച്ച ശേഷമാണ് മെര്‍ലിന്‍ ബൂത്ത് മൊഴിമാറ്റം ആരംഭിച്ചത്. പ്രതിഭാധനയായ ഈ എഴുത്താകാരിയെ യൂറോപ്പിനും ലോകമൊന്നാകെയും പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സാന്‍ഡ്‌സ്റ്റോണിലെ മാനേജിംഗ് ഡയറക്റ്റര്‍ റോബര്‍ട്ട് ഡേവിഡ്‌സണ്‍ പറഞ്ഞു .

ദീര്‍ഘകാലം മുമ്പെഴുതിയ നോവലിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ടി വരുന്നത് വിചിത്രമായാണ് അല്‍ഹാത്തി കരുതുന്നത്. കാലം മാറുന്നതനുസരിച്ച് എല്ലാ എഴുത്തുകാരിലും മാറ്റങ്ങളുണ്ടാകും. അന്ന് എഴുതിയത് പോലെ ആയിരിക്കണമെന്നില്ല ഇന്ന് ആ നോവല്‍ എഴുതുക. എന്നാല്‍ ആ നോവലിലും അതിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അന്തര്‍ദേശീയശ്രദ്ധയിലും അഭിമാനമുണ്ടെന്ന് അല്‍ഹാത്തി പറയുന്നു.

ഒമാന്‍ ചരിത്രം പറയുന്ന നോവല്‍

സെലസ്റ്റിയല്‍ ബോഡീസിലെ മയ്യ, അസ്മ, ഖവ്‌ല എന്നീ സഹോദരിമാര്‍ 2019ല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അത്ഭുതകരമായ ഒന്നായി അല്‍ഹാത്തി കരുതുന്നു. അവരിപ്പോള്‍ സന്തോഷവതികളായെന്ന് കരുതുന്നു. പക്ഷേ നോവലില്‍ സ്‌നേഹം കൊണ്ടും സ്വാതന്ത്ര്യം കൊണ്ടും സങ്കീര്‍ണ്ണത കൊണ്ടും ശക്തി കൊണ്ടും വളരെ വ്യത്യസ്തരാണ് ഈ സഹോദരിമാര്‍. ഒമാനിലെ സ്ത്രീകളുടെ യഥാര്‍ത്ഥ അവസ്ഥയാണതെന്ന് അല്‍ഹാത്തി പറയുന്നു.

സെലസ്റ്റിയല്‍ ബോഡീസില്‍ പ്രതിപാദിക്കുന്ന കുടുംബചരിത്രം ഒമാന് സംഭവിച്ച മാറ്റങ്ങളുടെ നേര്‍ചിത്രമാണ്് വായനക്കാര്‍ക്ക് നല്‍കുന്നത്. ബുക്കര്‍ പ്രൈസ് ലഭിച്ചതിന് ശേഷം സെലസ്റ്റിയല്‍ ബോഡീസ് വായിക്കുന്ന പാശ്ചാത്യ വായനക്കാര്‍ 1970കളില്‍ മാത്രമാണ് ഒമാനില്‍ അടിമത്തം അവസാനിച്ചത് എന്ന് മനസിലാക്കുന്നതില്‍ അത്ഭുതമില്ല. അടിമത്തം പോലെ വിലക്കപ്പെട്ട വിഷയങ്ങള്‍ കഥാതന്തുവാക്കിയതില്‍ ഒമാനിലെ ചില വായനക്കാരെങ്കിലും സന്തോഷിക്കുമെന്ന് അല്‍ഹാത്തി അവകാശപ്പെടുന്നു. എന്നാല്‍ ഞാനിത് എഴുതരുതായിരുന്നു എന്നാണ് ബാക്കിയുള്ളവര്‍ പറയുക, പക്ഷേ ഈ നോവലില്‍ പ്രതിപാദിക്കുന്ന വിഷയത്തെ കുറിച്ച് എഴുതണമെങ്കില്‍ ചരിത്രത്തെ അഭിമുഖീകരിക്കുക തന്നെ വേണമെന്ന് അല്‍ഹാത്തി പറയുന്നു.

”എത്രത്തോളം അനുഭവങ്ങള്‍ക്ക് എഴുത്തിലൂടെ ശബ്ദം നല്‍കാന്‍ കഴിയും എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയായിരുന്നു. അവിടെയാണ് കാല്‍പ്പനിക സാഹിത്യത്തിന്റെ ശക്തി. നല്ല കഥകളിലൂടെ ചരിത്രം അനുഭവഭേദ്യമാകാന്‍ അത് വായനക്കാരെ സഹായിക്കും. അനുഭവങ്ങള്‍ പ്രകടമാക്കുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ് സാഹിത്യം,” അല്‍ഹാര്‍ത്തി പറയുന്നു.

ജോഖ അല്‍ഹാത്തി

ഒമാന്‍ സാഹിത്യകാരിയും പണ്ഡിതയുമായ ജോഖ അല്‍ഹാര്‍ത്തി മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ അറബിക് സാഹിത്യകാരിയാണ്. ഇതുവരെ മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നോവലുകളും അല്‍ഹാത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യരചകളോടൊപ്പം നിരവധി പ്രബന്ധങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ ‘ലേഡീസ് ഓഫ് ദ മൂണ്‍’ ആദ്യ നോവല്‍. 2016ല്‍ പ്രസിദ്ധീകരിച്ച ‘ബിറ്റര്‍ ഓറഞ്ച്’ ഏറ്റവും ഒടുവിലത്തേതും. അല്‍ഹാത്തിയുടെ രചനകള്‍ ഇംഗ്ലീഷ്, സെര്‍ബിയന്‍, കൊറിയന്‍, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. ഒമാന്‍, യുകെ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അല്‍ഹാത്തി സുല്‍ത്താന്‍ ഖബൂസ് സര്‍വ്വകലാശാലയില്‍ അറബിക് ഡിപ്പാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രഫസറാണ്. ബിറ്റര്‍ ഓറഞ്ച് എന്ന നോവലിന് സാംസ്‌കാരിക കലാ സാഹിത്യത്തിനുള്ള സുല്‍ത്താന്‍ ഖബൂസ് അവാര്‍ഡ് അല്‍ഹാത്തി നേടി.

Comments

comments

Categories: Arabia