ഇന്ത്യയില്‍ വന്‍ വികസന പദ്ധതിയുമായി ലുലു ഗ്രൂപ്പ്

ഇന്ത്യയില്‍ വന്‍ വികസന പദ്ധതിയുമായി ലുലു ഗ്രൂപ്പ്
  • രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും ടേബിള്‍സ് എം ഡി
  • ഇന്ത്യയിലെ വിപണി വിഹിതം നാലിരട്ടിയാക്കാനാണ് പദ്ധതി

അബുദാബി: ലുലു ഗ്രൂപ്പിന്റെ ടേബിള്‍സ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. ഇന്ത്യയിലെ വിപണി വിഹിതം നാലിരട്ടിയാക്കാനാണ് ടേബിള്‍സിന്റെ ശ്രമം. മലയാളി വ്യവസായി എം എ യൂസഫലിയുടെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റെര്‍നാഷ്ണലിന്റെ റീറ്റെയ്ല്‍ വിഭാഗമാണ് ടേബിള്‍സ്.

2019 അവസാനത്തോടെ ഇന്ത്യയില്‍ 100 സ്‌റ്റോറുകള്‍ തുടങ്ങാനാണ് ടേബിള്‍സിന്റെ പദ്ധതി. 2020ല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തി ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം 150ല്‍ അധികമായി വര്‍ധിപ്പിക്കുമെന്ന് അറേബ്യന്‍ ബിസിനസിന് നല്‍കിയ അഭിമുഖത്തില്‍ ടേബിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് പറഞ്ഞു. ഭക്ഷണപാനീയം, സ്‌പെഷ്യാലിറ്റി റീറ്റെയ്ല്‍ ,ഫാഷന്‍ മേഖലകളിലായി നിലവില്‍ ഇന്ത്യയില്‍ 40 സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.

ഇന്ത്യയില്‍ കമ്പനിയുടെ റീറ്റെയ്ല്‍ ബിസിനസ് അസാമാന്യ വളര്‍ച്ചയാണ് കാഴ്ചവെക്കുന്നതെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനതലത്തില്‍ സ്റ്റോറുകള്‍ ബ്രേക്ക് ഇവനാകുമെന്നാണ് പ്രതീക്ഷയെന്നും അദീബ് പറഞ്ഞു. ഈ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 75 മില്യണ്‍ ഡോളര്‍ മൂലധന നിക്ഷേപം നടത്താന്‍ കമ്പനി ആലോചിക്കുന്നത്. റീറ്റെയ്ല്‍ സ്‌റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും വിപണനവും വര്‍ധിപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

ലുലു ഗ്രൂപ്പ് ഇന്റെര്‍നാഷ്ണലിന്റെ നിക്ഷേപക സ്ഥാപനമായ ട്വെന്റി14ഹോള്‍ഡിംഗ്‌സ് എംഡിയും കൂടിയാണ് അദീബ്. ഓഹരി വില്‍പ്പനയിലൂടെയും വായ്പയിലൂടെയുമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നിക്ഷേപം സമാഹരിക്കാന്‍ ആലോചിക്കുന്നത്. വികസന ഫണ്ട് രൂപീകരിക്കുന്നതിനായി സ്വകാര്യ നിക്ഷേപ ഫണ്ടുകളും പ്രയോജനപ്പെടുത്തുമെന്ന് അദീബ് വ്യക്തമാക്കി.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഇന്ത്യയില്‍ കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനും ടേബിള്‍സ് പദ്ധതിയിടുന്നുണ്ട്. കൊറിര്‍, ദേസിഗ്വള്‍, ഗോസ്‌പോര്‍ട്ട്,യോയോസോ, ഓഷ്‌കോഷന്‍ഡ് തുടങ്ങി അഞ്ച് പുതിയ ബ്രാന്‍ഡുകള്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കും. 2019 അവസാനത്തോടെ ഇന്ത്യയില്‍ കമ്പനി മാര്‍ക്കറ്റ് ചെയ്യുന്ന റീറ്റെയ്ല്‍ ബ്രാന്‍ഡുകളുടെ എണ്ണം 13 ആയി വര്‍ധിപ്പിക്കാനാണ് ശ്രമമെന്ന് അദീബ് പറഞ്ഞു. നിലവില്‍ ടോയ്‌സ് ‘ആര്‍’അസ്, ബേബീസ് ‘ആര്‍’ അസ്, ഗലിറ്റോസ്, സ്പ്രിംഗ്ഫീല്‍ഡ്, വിമണ്‍സ് സീക്രട്ട്, ബില്‍ഡ് എ ബെയര്‍ തുടങ്ങിയ അന്താരാഷ്ട്ര റീറ്റെയ്ല്‍ ബ്രാന്‍ഡുകളാണ് ടേബിള്‍സ് ഇന്ത്യന്‍ വിപണിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. തദ്ദേശീയ ബ്രാന്‍ഡുകളായ ബ്ലൂംസ്ബറീസും കോള്‍ഡ് സ്‌റ്റോണ്‍ ക്രീമെറിയും ടേബിള്‍സ് ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്.

ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, പൂനെ, അഹമ്മദാബാദ്, ഡെല്‍ഹി, ചണ്ഡിഗഢ്, ലഖ്‌നൗ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ വര്‍ഷം ടേബിള്‍സ് പുതിയ റീറ്റെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ പദ്ധയിടുന്നത്. രണ്ടും മൂന്നും തട്ടുകളിലുള്ള ഇന്ത്യയിലെ അമൃത്സര്‍, മൊഹാലി, മൈസൂര്‍, വിജയവാഡ, കോയമ്പത്തൂര്‍,നാസിക്, നാഗ്പൂര്‍, ബറോഡ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും വികസന പദ്ധതികള്‍ ആലോചിക്കുന്നതായി അഹമ്മദ് വ്യക്തമാക്കി.

റീറ്റെയ്ല്‍ ശൃംഖലയുടെ വികസന പദ്ധതികള്‍ക്കപ്പുറമായി ഇന്ത്യയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ തിരക്കില്‍ കൂടിയാണ് ടേബിള്‍സ്. ഇതിന്റെ ഭാഗമായി എല്ലാ ബ്രാന്‍ഡുകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന അതുല്യവും മികവേറിയതുമായ ഒരു പദ്ധതി രൂപീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് കമ്പനി. ഇന്ത്യയില്‍ കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച് ശുഭ കാഴ്ചപ്പാടുകളാണ് ഉള്ളതെന്നും ഒന്നിലധികം മാര്‍ഗങ്ങളിലൂടെയുള്ള(ഒമ്‌നി ചാനല്‍) റീറ്റെയ്ല്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണെന്നും അദീബ് പറഞ്ഞു.

Comments

comments

Categories: Arabia
Tags: Lulu group