യുദ്ധ മേഖലയില്‍ കഴിഞ്ഞിരുന്ന മൃഗങ്ങള്‍ക്കു സുരക്ഷിത താവളമൊരുക്കി ജോര്‍ദ്ദാനിലെ വന്യജീവി സംരക്ഷണകേന്ദ്രം

യുദ്ധ മേഖലയില്‍ കഴിഞ്ഞിരുന്ന മൃഗങ്ങള്‍ക്കു സുരക്ഷിത താവളമൊരുക്കി ജോര്‍ദ്ദാനിലെ വന്യജീവി സംരക്ഷണകേന്ദ്രം

അമന്‍ (ജോര്‍ദ്ദാന്‍): സിറിയയിലെ യുദ്ധ മേഖലയില്‍ കഴിഞ്ഞിരുന്ന വന്യമൃഗങ്ങള്‍ക്കു ജോര്‍ദ്ദാനിലെ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ സുരക്ഷിത താവളമൊരുക്കിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമനില്‍നിന്നും 50 കിലോമീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന അല്‍ മാവ ഫോര്‍ നേച്ചര്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് സാന്‍ച്വറിയിലാണു സിറിയയിലെ യുദ്ധ മേഖലയില്‍നിന്നും ഇസ്രയേല്‍ അധിനിവേശപ്പെടുത്തിയിരിക്കുന്ന ഗാസ സ്ട്രിപ്പില്‍നിന്നും കൊണ്ടു വന്ന മൃഗങ്ങള്‍ക്ക് അഭയമൊരുക്കിയത്. പ്രിന്‍സസ് ആലിയ ഫൗണ്ടേഷനാണ് വന്യജീവി സംരക്ഷണകേന്ദ്രം സ്ഥാപിച്ചത്. സിറിയയില്‍ യുദ്ധം കൊടുമ്പിരി കൊണ്ട അലപ്പോയില്‍നിന്നും 2017-ലെ വേനല്‍ക്കാലത്ത് സുക്കര്‍, ലോസ് എന്നു പേരുള്ള രണ്ട് കരടികളെ (ഏഷ്യന്‍ ബ്ലാക്ക് ബിയര്‍) രക്ഷപ്പെടുത്തി ജോര്‍ദ്ദാനിലേക്കു കൊണ്ടുവന്നിരുന്നു. ഇവ ജോര്‍ദ്ദാനിലെത്തിയ ആദ്യ നാളുകളില്‍ വിമാനത്തിന്റെ ശബ്ദം കേട്ടാല്‍ പോലും പേടിച്ചു പതുങ്ങുമായിരുന്നെന്നു വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ പറഞ്ഞു. എട്ട് ആണ്‍ സിംഹങ്ങള്‍, 12 പെണ്‍ സിംഹങ്ങള്‍, രണ്ട് ബംഗാളി കടുവകള്‍, നാല് കരടികളടക്കം ഇവിടെ ഇപ്പോള്‍ 26 വന്യമൃഗങ്ങളാണുള്ളത്. ഇവയില്‍ ഭൂരിഭാഗത്തെയും 2011 ല്‍ സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ്. കുന്നിന്‍പ്രദേശത്ത് 1.4 ചതുരശ്ര കിലോമീറ്ററിലാണ് ഈ സംരക്ഷണ കേന്ദ്രം വ്യാപിച്ചു കിടക്കുന്നത്. യുദ്ധ മേഖലയില്‍നിന്നും ഇവയെ ജോര്‍ദ്ദാനിലെ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ ന്യൂ ഹോപ്പ് സെന്ററെന്ന വെറ്റിറനറി ക്ലിനിക്കില്‍ വിദഗ്ധ പരിശോധന നടത്തിയിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: Jordan