തൊഴില്‍ വിപണിയില്‍ പുരോഗതി നിരീക്ഷിച്ചതായി സര്‍വേ

തൊഴില്‍ വിപണിയില്‍ പുരോഗതി നിരീക്ഷിച്ചതായി സര്‍വേ

ഐടി/ഐടിഇഎസ്, ആരോഗ്യപരിപാലനം, ഫാര്‍മ, കസ്റ്റമര്‍ റീട്ടെയ്ല്‍, ബിഎഫ്എസ്‌ഐ, പ്രൊഫഷണല്‍ സര്‍വീസസ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന ഏകദേശം 68 ശതമാനം പ്രൊഫഷണലുകളാണ് മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷകാലയളവിനിടെ തൊഴില്‍ വിപണിയില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന വിശ്വാസം പങ്കുവെച്ചത്

ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തൊഴില്‍ വിപണിയില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇക്കണോമിക് പോളിസി റിസര്‍ച്ചും ടാലന്റ്എഡ്ജും ചേര്‍ന്ന് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാകര്യം വ്യക്തമാക്കുന്നത്.

ഐടി/ഐടിഇഎസ്, ആരോഗ്യപരിപാലനം, ഫാര്‍മ, കസ്റ്റമര്‍ റീട്ടെയ്ല്‍, ബിഎഫ്എസ്‌ഐ, പ്രൊഫഷണല്‍ സര്‍വീസസ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന ഏകദേശം 68 ശതമാനം പ്രൊഫഷണലുകളാണ് മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷകാലയളവിനിടെ തൊഴില്‍ വിപണിയില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന വിശ്വാസം പങ്കുവെച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് പാരിസ്ഥിതിയില്‍ കാര്യമായ പരിണാമം സംഭവിച്ചിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍വേയുടെ ഭാഗമായ ജീവനക്കാരില്‍ 66 ശതമാനം പുരുഷന്മാരും 60 ശതമാനം സ്ത്രീകളും ഈ മാറ്റത്തെ അംഗീകരിക്കുന്നവരാണ്. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മേഖല ധാരാളം സംരംഭകത്വ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തിക വളര്‍ച്ചയും പ്രൊഫഷണല്‍ വളര്‍ച്ചയും ഒരുപോലെ കുതിക്കുന്ന ഒരു പരിസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നത്. സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങള്‍ പുതിയ തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് വഴിയൊരുക്കുകയും കൂടുതല്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക് പോളിസി റിസര്‍ച്ച് ഡയറക്റ്റര്‍ ഡോ. സുഭാഷ് ശര്‍മ പറഞ്ഞു.

സമീപ ഭാവിയില്‍ തങ്ങള്‍ക്ക് മികച്ച കരിയര്‍ അവസരങ്ങളുണ്ടാകുമെന്നാണ് സര്‍വേയുടെ ഭാഗമായ 70 ശതമാനം പേരുടെയും അഭിപ്രായം. ഡിജിറ്റല്‍വല്‍ക്കരണം തങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും നിലവിലുള്ള ജോലിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും 75 ശതമാനം പേര്‍ വിശ്വാസിക്കുന്നുണ്ട്.

ഒരു മില്യണിലധികം യുവ പ്രൊഫഷണലുകളില്‍ നിന്നും ടാലന്റ് എഡ്ജ് പതിവായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സിപിഇആറുമായി സഹകരിക്കാനുള്ള അവസരമായാണ് ഈ സര്‍വേയെ കാണുന്നതെന്നും ടാലന്റ്എഡ്ജ് സിഇഒ ആദിത്യ മാലിക് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ കരിയറില്‍ കുറഞ്ഞത് ഒരു അനുകൂല മുന്നേറ്റമെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് സര്‍വേയുടെ ഭാഗമായ 68 ശതമാനം പേര്‍ പറയുന്നത്.

എല്ലാ യോഗ്യതയിലുള്ളവര്‍ക്കും തൊഴില്‍ വിപണിയില്‍ കാര്യമായ അവസരങ്ങളുണ്ടായിട്ടുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, കൂടുതല്‍ ബിരുദമുള്ള പ്രൊഫഷണലുകള്‍ക്ക് ഇതിലും മികച്ച അവസരങ്ങള്‍ വിപണിയിലുണ്ട്. ഡിജിറ്റല്‍വല്‍ക്കരണ തരംഗത്തില്‍ രാജ്യം മുന്നോട്ടുകുതിക്കുമ്പോള്‍ തൊഴില്‍ വിപണിയിലെ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് 70 ശതമാനം പ്രൊഫഷണലുകളും പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News
Tags: Job market