എതിരാളികളെ വിറപ്പിച്ച് ഹ്യുണ്ടായ് വെന്യൂ എത്തി

എതിരാളികളെ വിറപ്പിച്ച് ഹ്യുണ്ടായ് വെന്യൂ എത്തി

6.50 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം പ്രാരംഭ വില

ന്യൂഡെല്‍ഹി : ഇന്ത്യയിലെ എസ്‌യുവി വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായ് വെന്യൂ ഒടുവില്‍ അവതരിച്ചു. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഗ്ലോബല്‍ ലോഞ്ചാണ് ഇന്ത്യയില്‍ നടന്നത്. 6.50 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം പ്രാരംഭ വില. ഇന്ത്യയില്‍ തരംഗമാകുമെന്ന് കരുതുന്ന സബ് 4 മീറ്റര്‍ എസ്‌യുവി ഇതുവരെ 15,000 ലധികം ബുക്കിംഗ് നേടിക്കഴിഞ്ഞു. ഈ മാസം ഡെലിവറി ചെയ്തുതുടങ്ങും. 2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഹ്യുണ്ടായ് കാര്‍ലിനോ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് വെന്യൂ നിര്‍മ്മിച്ചത്. എന്നാല്‍ പ്രൊഡക്ഷന്‍ വേര്‍ഷനിലെത്തിയപ്പോള്‍ പുതിയ ഹ്യുണ്ടായ് മോഡലുകളുടെ ഡിസൈന്‍ ഭാഷ പ്രചോദനമായി.

ഇന്ത്യയിലെ ആദ്യ ഫുള്ളി കണക്റ്റഡ് എസ്‌യുവിയാണ് ഹ്യുണ്ടായ് വെന്യൂ. ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ) എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. ഡെനിം ബ്ലൂ, ലാവ ഓറഞ്ച്, പോളാര്‍ വൈറ്റ്, ഡീപ്പ് ഫോറസ്റ്റ്, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാര്‍ ഡസ്റ്റ്, ഫിയറി റെഡ് എന്നീ ഏഴ് നിറങ്ങള്‍ കൂടാതെ ലാവ ഓറഞ്ച് ഡുവല്‍ ടോണ്‍, ഡെനിം ബ്ലൂ ഡുവല്‍ ടോണ്‍, പോളാര്‍ വൈറ്റ് ഡുവല്‍ ടോണ്‍ എന്നീ മൂന്ന് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഹ്യുണ്ടായ് വെന്യൂ ലഭ്യമാണ്.

കണക്റ്റഡ് കാര്‍ എന്ന വിശേഷണത്തോടെയാണ് ഹ്യുണ്ടായ് വെന്യൂ ഇന്ത്യയിലെത്തുന്നത്. ഹ്യുണ്ടായുടെ ബ്ലൂലിങ്ക് സാങ്കേതികവിദ്യ വെന്യൂ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു. വോഡഫോണ്‍-ഐഡിയയുടെ എംബെഡ്ഡഡ് ഇ-സിം കണക്റ്റഡ് ആവശ്യങ്ങള്‍ക്ക് ഉപകരിക്കും. റിമോട്ട് സ്റ്റാര്‍ട്ട്, ക്ലൈമറ്റ് കണ്‍ട്രോള്‍, ജിയോ-ഫെന്‍സിംഗ്, എസ്ഒഎസ് അലര്‍ട്ട്, ഇന്ത്യന്‍ ഇംഗ്ലീഷ് മനസ്സിലാക്കാന്‍ കഴിയുന്ന വോയ്‌സ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയവ ഫീച്ചറുകളാണ്.

ഇലക്ട്രിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ആര്‍കമിസ് സൗണ്ട് സിസ്റ്റം, എയര്‍ പ്യൂരിഫൈര്‍, വയര്‍ലെസ് ചാര്‍ജിംഗ്, വീല്‍ എയര്‍ കര്‍ട്ടന്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഇന്ത്യയില്‍ വില്‍ക്കുന്ന വെന്യൂ എസ്‌യുവിയില്‍ മാത്രമായിരിക്കും റിയര്‍ എസി വെന്റുകള്‍ നല്‍കുന്നത്.

3995 എംഎം നീളവും 1770 എംഎം വീതിയും 1590 എംഎം ഉയരവുമാണ് ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ അളവുകള്‍ സംബന്ധിച്ച വിവരം. 2500 മില്ലി മീറ്ററാണ് വീല്‍ബേസ്. വലിയ കാസ്‌കേഡിംഗ് ഗ്രില്‍, പ്രൊജക്റ്റര്‍ ലെന്‍സ് സഹിതം സ്പ്ലിറ്റ് ഹെഡ്‌ലാംപുകള്‍, ഹെഡ്‌ലാംപ് ക്ലസ്റ്ററിന് ചുറ്റും ചതുരാകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ മുന്‍വശത്ത് കാണാം. ബംപറുകളിലും വശങ്ങളിലും ക്ലാഡിംഗ് നല്‍കിയിരിക്കുന്നു.

1.2 ലിറ്റര്‍ കപ്പ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.4 ലിറ്റര്‍ യു2 ഡീസല്‍ എന്നിവയാണ് ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ 118 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, 6 സ്പീഡ് മാന്വല്‍ എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഇന്ത്യയില്‍ ഹ്യുണ്ടായ് ഇതാദ്യമായാണ് 7 സ്പീഡ് ഡിസിടി അവതരിപ്പിക്കുന്നത്. 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. അതേസമയം 1.4 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ മോട്ടോര്‍ 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഡീസല്‍-ഓട്ടോമാറ്റിക് ലഭ്യമല്ല. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 18.27 കിലോമീറ്ററും 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ 17.52 കിലോമീറ്ററും 1.4 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 23.70 കിലോമീറ്ററും ഇന്ധനക്ഷമത സമ്മാനിക്കും.

ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, റിവേഴ്‌സ് കാമറ സഹിതം റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ഹില്‍ ലോഞ്ച് അസിസ്റ്റ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്. ലുക്കില്‍ അര്‍ബനായ സബ് 4 മീറ്റര്‍ എസ്‌യുവി 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് വരുന്നത്. മാരുതി സുസുകി വിറ്റാര ബ്രെസ്സ, മഹീന്ദ്ര എക്‌സ്‌യുവി 300, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നിവയാണ് പ്രധാന എതിരാളികള്‍. ഇന്ത്യയില്‍ അവതരിപ്പിച്ചതോടെ ഇനി യുഎസ്, കാനഡ, ഓസ്‌ട്രേലിയ വിപണികളില്‍ പുറത്തിറക്കും. ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യും.

ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ബോങ് കില്‍ ഷിന്‍, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി & സിഇഒ എസ്എസ് കിം, ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി ഗവേഷണ വികസന വിഭാഗം മേധാവി ആല്‍ബര്‍ട്ട് ബിയര്‍മാന്‍, ഹ്യുണ്ടായ് ഗ്ലോബല്‍ ഡിസൈന്‍ സെന്റര്‍ മേധാവി എസ് വൈ ലീ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സെയില്‍സ് മേധാവി വികാസ് ജെയ്ന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഹ്യുണ്ടായ് വെന്യൂ പ്രാരംഭ വില–ഇന്ത്യ എക്‌സ് ഷോറൂം

എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ ഇ എസ് എസ്എക്‌സ് എസ്എക്‌സ്(ഒ)

1.2 കപ്പ പെട്രോള്‍ 5 എംടി 6.50 ലക്ഷം 7.20 ലക്ഷം —-

1.0 ടര്‍ബോ പെട്രോള്‍ 6 എംടി — – 8.21 ലക്ഷം 9.54 ലക്ഷം 10.60 ലക്ഷം

1.0 ടര്‍ബോ പെട്രോള്‍ 7 ഡിസിടി — – 9.35 ലക്ഷം —- 11.10 ലക്ഷം (എസ്എക്‌സ് പ്ലസ്)

1.4 യു2 ഡീസല്‍ 6 എംടി 7.75 ലക്ഷം 8.45 ലക്ഷം 9.78 ലക്ഷം 10.84 ലക്ഷം

Comments

comments

Categories: Auto