ഹ്യുണ്ടായ് വെന്യൂ ? എങ്കിലിതാ ഇക്കോസ്‌പോര്‍ട് ‘തണ്ടര്‍’

ഹ്യുണ്ടായ് വെന്യൂ ? എങ്കിലിതാ ഇക്കോസ്‌പോര്‍ട് ‘തണ്ടര്‍’

ടൈറ്റാനിയം പ്ലസ് വേരിയന്റിന് താഴെയായിരിക്കും തണ്ടര്‍ വേരിയന്റിന് സ്ഥാനം. ടൈറ്റാനിയം വേരിയന്റിനേക്കാള്‍ അല്‍പ്പം ഉയര്‍ന്ന വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം

ന്യൂഡെല്‍ഹി : ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ പുതിയ വേരിയന്റ് വിപണിയിലെത്തുന്നു. ‘തണ്ടര്‍’ എന്നുപേരായ വേരിയന്റ് ഉടന്‍ വരും. ഹ്യുണ്ടായ് വെന്യൂ വിപണിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ പുതിയ വേരിയന്റ് എഴുന്നള്ളുന്നത്. സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായ് വെന്യൂ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ലെന്ന് തിരിച്ചറിയുകയാണ് മറ്റ് വാഹന നിര്‍മ്മാതാക്കള്‍. ഫോഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ വേരിയന്റ് അടുത്ത മാസം വിപണിയിലെത്തും.

ടൈറ്റാനിയം പ്ലസ് വേരിയന്റിന് താഴെയായിരിക്കും തണ്ടര്‍ വേരിയന്റിന് സ്ഥാനം. കൂടുതല്‍ മോടി പിടിപ്പിച്ചായിരിക്കും പുതിയ വേരിയന്റ് പുറത്തിറക്കുന്നത്. ഹുഡിലും വശങ്ങളിലും റൂഫിലും മാറ്റ് ബ്ലാക്ക് ഡിക്കാളുകള്‍, ടെയ്ല്‍ഗേറ്റില്‍ സ്‌പെയര്‍ ടയര്‍ കവര്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് ചോര്‍ന്നുകിട്ടിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ ക്രോം അലങ്കാരങ്ങളും ഗ്ലോസ് ബ്ലാക്കിന് വഴിമാറിയിരിക്കുന്നു. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളിലായിരിക്കും പുതിയ വേരിയന്റ് വരുന്നത്.

വാഹനത്തിനകത്ത്, തുണി കൊണ്ടുള്ള അപ്‌ഹോള്‍സ്റ്ററി ഓപ്ഷനായിരിക്കും. ബാക്കി എല്ലാ ഫീച്ചറുകളും ടൈറ്റാനിയം വേരിയന്റില്‍ ഉള്ളതുതന്നെ. ഇബിഡി സഹിതം എബിഎസ്, ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് കാമറ & സെന്‍സറുകള്‍ തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍. ടൈറ്റാനിയം വേരിയന്റില്‍ ഉള്ളതുതന്നെയാണ് ഇവ.

100 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 123 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഫോഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ വേരിയന്റിന് കരുത്തേകുന്നത്. ടൈറ്റാനിയം വേരിയന്റിനേക്കാള്‍ അല്‍പ്പം ഉയര്‍ന്ന വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto