കടത്തില്‍ കുടുങ്ങി ടാറ്റ മൂല്യത്തില്‍ മുന്നേറി എച്ച്ഡിഎഫ്‌സി

കടത്തില്‍ കുടുങ്ങി ടാറ്റ മൂല്യത്തില്‍ മുന്നേറി എച്ച്ഡിഎഫ്‌സി
  • ടാറ്റയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി എച്ച്ഡിഎഫ്‌സി ഗ്രൂപ്പ്
  • എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 11.66 ലക്ഷം കോടി രൂപ; ടാറ്റയുടേത് 11.64 ലക്ഷം കോടി
  • ടാറ്റ മോട്ടേഴ്‌സിന്റെ കടം 14 ബില്യണ്‍ ഡോളറായി ഉയര്‍ന്നു; ചൈനയിലെ മാന്ദ്യവും തിരിച്ചടി

ന്യൂഡെല്‍ഹി: വിപണി മൂല്യത്തില്‍ രാജ്യത്തെ ഒന്നാം സ്ഥാനം ദീര്‍ഘകാലമായി കൈയടക്കിയിരുന്ന ടാറ്റാ ഗ്രൂപ്പിന് തിരിച്ചടി. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം ടാറ്റയില്‍ നിന്ന് എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് പിടിച്ചെടുത്തു. അഞ്ച് വര്‍ഷത്തിനിടെ വിപണി മൂലധനം ഒന്നര ഇരട്ടി വര്‍ധിപ്പിച്ചാണ് എച്ച്ഡിഎഫ്‌സി ഗ്രൂപ്പിനു കീഴിലുള്ള അഞ്ച് കമ്പനികള്‍ ടാറ്റയെ പിന്നിലാക്കിയത്. മേയ് 20 വരെയുള്ള കണക്കനുസരിച്ച് എച്ച്ഡിഎഫ്‌സി ഗ്രൂപ്പിനു കീഴിലുള്ള, ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അഞ്ച് കമ്പനികളുടെ (എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സിലൈഫ്, എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഗൃഹ് ഫിനാന്‍സ്) എന്നിവയുടെ സംയുക്ത വിപണി മൂല്യം 11.66 ലക്ഷം കോടി രൂപയാണ്. ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള 29 കമ്പനികളുടെ സംയുക്ത വിപണി മൂല്യം 11.64 ലക്ഷം കോടി രൂപയും. ടിസിഎസ് അടക്കം മിക്ക കമ്പനികളും മികച്ച വളര്‍ച്ച കൈവരിച്ചെങ്കിലും ടാറ്റ മോട്ടേഴ്‌സിനേറ്റ തിരിച്ചടിയാണ് കമ്പനിക്കാതെ പരിക്കേല്‍പ്പിച്ചത്.

മറുവശത്ത് സ്ഥിരമായ മുന്നറ്റമാണ് എച്ച്ഡിഎഫ്‌സി കാഴിച വെച്ചിരുന്നതെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കാര്യമായ മുന്നേറ്റമുണ്ടാക്കിയതാണ് ഗുണം ചെയ്തത്. ഒന്നര വര്‍ഷം മുന്‍പ് വരെ ഇരു കമ്പനികളുടെയും വിപണി മൂല്യത്തില്‍ സാരമായ അന്തരമുണ്ടായിരുന്നു. 2018 ജനുവരിയിലെ കണക്കനുസരിച്ച് എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന്റെ മൂല്യം 8.4 ലക്ഷം കോടിയും ടാറ്റാ ഗ്രൂപ്പിന്റേത് 9.6 ലക്ഷം കോടി രൂപയുമാണ്. 3.26 ലക്ഷം കോടി രൂപ എച്ച്ഡിഎഫ്‌സി കൂട്ടിച്ചേര്‍ത്തപ്പോള്‍ ടാറ്റയുടെ മൂല്യത്തിലുണ്ടായ വര്‍ധന 2.04 കോടി രൂപയാണ്.

സാമ്പത്തിക സേവന മേഖലയില്‍ നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചത് വിപണി മൂല്യത്തില്‍ ടാറ്റയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ എച്ച്ഡിഎഫ്‌സി ഗ്രൂപ്പിനെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 18 മാസകാലയളവില്‍ ടാറ്റാ ഗ്രൂപ്പിന്റെ ഐടി സേവന വിഭാഗമായ ടിസിഎസും ടൈറ്റാന്‍ കമ്പനിയും ഒഴിച്ച് മറ്റ് ഭൂരിഭാഗം കമ്പനികളും വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. ടിസിഎസ് ഓഹരികളില്‍ 60 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ജനുവരിയില്‍ 5.1 ലക്ഷമായിരുന്ന ടിസിഎസിന്റെ മൂല്യം മേയ് 20 ആയപ്പോഴേക്കും എട്ടു ലക്ഷമായിട്ടാണ് ഉയര്‍ന്നത്. അതേ സമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും പുതിയതായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്നിവയുടെയും മികച്ച പ്രകടനവും എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന് നേട്ടമായി.

ഉപ്പുതൊട്ട്-വ്യോമയാന വിപണി വരെ വ്യാപിച്ചു കിടക്കുന്ന 150 വര്‍ഷത്തിലേറെ ബിസിനസ് പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് ഡിസംബര്‍ തൊട്ട് തുടര്‍ച്ചയായ മൂന്നു പാദത്തിലും നഷ്ടം നേരിട്ടിരുന്നു. ടാറ്റ മോട്ടേഴ്‌സിന്റെ കടബാധ്യതയാണ് ഗ്രൂപ്പ് നേരിടുന്ന വലിയ പ്രശ്‌നം. ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മാതാക്കായ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ (ജെഎല്‍ആര്‍) ഏറ്റെടുത്ത ഇടപാടും ഗ്രൂപ്പിനെ തുണച്ചിട്ടില്ല. 2008 ല്‍ 2.3 ബില്യണ്‍ ഡോളറിനാണ് ജാഗ്വാറിനെ ടാറ്റ സ്വന്തമാക്കുന്നത്. കഴിഞ്ഞയാഴ്ച്ച 151 ദശലക്ഷം ഡോളറിന്റെ അറ്റാദായം ജാഗ്വാര്‍ നേടിയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിലെ വില്‍പ്പന മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടം 14 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 37 ബില്യണ്‍ ഡോളറാണ് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത കടബാധ്യത.

Categories: FK News, Slider
Tags: HDFC, Tata