എന്തായിരിക്കണം പരിഷ്‌കരണ അജണ്ട

എന്തായിരിക്കണം പരിഷ്‌കരണ അജണ്ട

ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആര് ഭരിക്കണമെന്നത് നിശ്ചയിക്കപ്പെടും. എന്തായാരിക്കണം പുതിയ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കേണ്ട സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ എന്നതാണ് ബിസിനസ് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം

രാജ്യം ആര് ഭരിക്കണമെന്നത് ഇന്ന് തീരുമാനിക്കപ്പെടും. ഏത് പാര്‍ട്ടിയാണ് അധികാരത്തിലേറുന്നതെങ്കിലും അവരുടെ മുഖ്യ, ശ്രദ്ധാവിഷയങ്ങളിലൊന്ന് സാമ്പത്തികരംഗം തന്നെയാണ്. ഈ മേഖലയില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങളാണ് ഈ സമൂഹത്തിന്റെയും നാടിന്റെയും ഗതി നിര്‍ണയിക്കുക.

സ്വകാര്യവല്‍ക്കരണ പ്രക്രിയ ശക്തിപ്പെടുത്തുക, കയറ്റുമതി വര്‍ധിപ്പിക്കുക, തൊഴില്‍രംഗത്ത് പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളില്‍ മാറ്റം വരുത്തുക തുടങ്ങിയവയായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണനയിലുണ്ടാകേണ്ടതെന്ന് അടുത്തിടെ വിവിധ സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമെന്ന് തന്നെയാണ് മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. അതിന്റെ തേരിലേറി ഓഹരി വിപണികള്‍ കുതിപ്പ് പ്രകടമാക്കുകയും ചെയ്തു. വികസനത്തിന്റെ പേരില്‍ 2014ല്‍ അധികാരത്തിലേറിയ ബിജെപിക്ക് അഞ്ച് വര്‍ഷം കൊണ്ട് സാമ്പത്തികരംഗത്ത് ഘടനാപരമായ ചില പരിഷ്‌കരണങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്നത് മോദിയുടെ ഭരണകാലത്തെ ശ്രദ്ധേയ നേട്ടമായി വിലയിരുത്തപ്പെടുന്നുമുണ്ട്.
അതേസമയം വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള പല മേഖലകളിലും കാര്യമായ വിപ്ലവം കൊണ്ടുവരാന്‍ സാധിച്ചിട്ടുമില്ല. ഘടനാപരമായ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച ഇനിയുണ്ടാകുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. മാത്രമല്ല, തൊഴിലില്ലാത്ത വളര്‍ച്ചയെന്ന പരാതി മറികടക്കാന്‍ എന്ത് സാധിക്കുമെന്നതും കാണേണ്ടതുണ്ട്.

കയറ്റുമതിക്ക് പുതിയ വിപണികള്‍ കണ്ടെത്തേണ്ട പ്രക്രിയയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. മാത്രമല്ല സംരംഭങ്ങള്‍ക്കുള്ള നിയന്ത്രണ സംവിധാങ്ങള്‍ അത്ര കര്‍ക്കശമല്ലാതിരിക്കാനും ശ്രദ്ധിക്കണം. നിലവിലെ സാഹചര്യത്തില്‍ നിന്നും പരിഷ്‌കരണ പ്രക്രിയ വേഗത കൈവരിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

പരിഷ്‌കരണ നടപടികള്‍ ശരവേഗത്തിലാക്കിയാല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 10 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ രാജ്യത്തിന് സാധിക്കുമെന്നതാണ് വാസ്തവം. എന്നാല്‍ സാമ്പത്തിക പരിഷ്‌കരണം നടക്കാത്ത അവസ്ഥയിലേക്ക് പോയാല്‍ മൊത്തം ആഭ്യന്തര വളര്‍ച്ച അഞ്ച് ശഥമാനത്തിലേക്ക് താഴാനും സാധ്യതയുണ്ടെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാങ്കിംഗ്, കൃഷി തുടങ്ങിയ മേഖലകളില്‍ രൂക്ഷമായ പ്രതിസന്ധികളാണ് നിലവിലുള്ളത്. ഈ മേഖലകളിലെല്ലാം തന്നെ കൂടുതല്‍ ഫലപ്രദമായി എങ്ങനെ സ്വകാര്യവല്‍ക്കരണം നടപ്പാക്കാം എന്നതിനെക്കുറിച്ച് മാര്‍ഗരേഖ തയാറാക്കുന്നതിനും പുതിയ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കേണ്ടതുണ്ട്. കിട്ടാക്കടപ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന ബാങ്കിംഗ് രംഗത്ത് സമൂലമായ മാറ്റമാണ് വേണ്ടത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സജീവ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായെങ്കിലും ഇതുവരെയും മേഖലയ്ക്ക് കൃത്യമായ ദിശ കൈവന്നിട്ടില്ല. വായ്പാ വളര്‍ച്ചയിലെ പ്രശ്‌നങ്ങള്‍ വിപണിയിലെ പണമൊഴുക്കിനെ ബാധിക്കുന്നുമുണ്ട്. പൊതുമേഖല ബാങ്കുകള്‍ പൂര്‍ണമായും രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് മുക്തമാകണം. സ്വകാര്യ ബാങ്കുകളുടെ സുതാര്യതയ്ക്ക് മേല്‍ കരിനിഴല്‍ വീഴുന്ന സാഹചര്യങ്ങള്‍ വരാതിരിക്കാനുള്ള സംവിധാനങ്ങളും വേണം.

Categories: Editorial, Slider