അടിമാലിയില്‍ നിന്നൊരു സൂര്യോദയം

അടിമാലിയില്‍ നിന്നൊരു സൂര്യോദയം

ഇടുക്കിയിലെ അടിമാലി പട്ടണത്തിലെ ഒരു ചെറിയ പലചരക്ക് കടയില്‍ നിന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ കറിപൗഡര്‍ ബ്രാന്‍ഡുകളിലൊന്നായി വളര്‍ന്ന ഈസ്റ്റേണിന്റെ കഥ നവസംരംഭകര്‍ പഠമനവിഷയമാക്കേണ്ടതാണ്. എം ഇ മീരാനെന്ന സംരംഭകന്റെ നിരീക്ഷണപാടവവും വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് ഈസ്റ്റേണ്‍ ബ്രാന്‍ഡിന്റെ ഉദയത്തിന് കാരണം. ഇന്ന് ഇരുനൂറോളം ഉല്‍പ്പന്നങ്ങളിലേക്കും ഡസനോളം വ്യവസായങ്ങളിലേക്കും കടന്നിരിക്കുന്ന ഈസ്‌റ്റേണിന്റെ വിജയഗാഥ പരിചയപ്പെടാം

ടൂറിസ്റ്റുകളുടെ പറുദീസയായ മൂന്നാര്‍ എത്തുന്നതിന് മുന്‍പ്, കോതമംഗലത്തു നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സ്വപ്‌നങ്ങള്‍ ഉറങ്ങുന്ന അടിമാലി. ഇടുക്കിയിലെ തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഉപ്പും മുളകും ഉണക്കമീനും സോപ്പും പേസ്റ്റും ചൂലും വാങ്ങാന്‍ അടിമാലിയില്‍ തമ്പടിക്കും. നിരനിരയായി പലചരക്കുകടകള്‍, കവലയില്‍ തന്നെ ഒരൊറ്റപ്പെട്ട പഴയ കെട്ടിടം, നാല് പടികള്‍ ചവിട്ടിക്കയറിയാല്‍ കൗണ്ടറില്‍ എത്താം, സാധനങ്ങള്‍ വാങ്ങാം. അവിടെ ഒരു സുന്ദരനായ ചെറുപ്പക്കാരന്‍ മന്ദസ്മിതം തൂകി, സൗമ്യഭാവത്തില്‍ 10 രൂപയ്ക്ക് സോപ്പ് മേടിക്കാന്‍ വരുന്നവരേയും ആയിരം രൂപയ്ക്ക് സാധനം വാങ്ങാന്‍ വരുന്ന ചെറുകിട കച്ചവടക്കാരനെയും ഒരേ ആദരവോടെ സ്വീകരിക്കുന്നു. സത്യസന്ധതയിലൂടെ അവരുടെ വിശ്വാസം നേടിയെടുത്ത ആ കൊച്ചുകടയില്‍ തിരക്കൊഴിഞ്ഞ് നേരമില്ല. ഹോള്‍സെയ്‌ലും റീട്ടെയ്‌ലും ഒപ്പം നടക്കുന്നു.

1975 ലെ അടിമാലിയുടെ ഒരേകദേശ ചിത്രമാണ് നിങ്ങള്‍ കണ്ടത്. ആ കടയുടെ മുന്‍പില്‍ നിയോണ്‍ ലൈറ്റുള്ള ബോര്‍ഡില്ല; പകരം നിറം മങ്ങിയ ഒരു ബോര്‍ഡ് തൂക്കിയിട്ടിട്ടുണ്ട്: ‘ഈസ്‌റ്റേണ്‍ ട്രേഡിംഗ്‌സ് കമ്പനി, അടിമാലി’ കൗണ്ടറില്‍ തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ഇരിക്കുന്ന, എല്ലാവരേയും സത്യസന്ധതകൊണ്ട് ആകര്‍ഷിക്കുന്ന കടയുടമസ്ഥന്‍ ആരാണെന്നോ? എം ഇ മീരാന്‍! സുഗന്ധവ്യഞ്ജനങ്ങളുടെ, കറിപൗഡറുകളുടെ, മസാലകളുടെ ലോകത്തെ തിളങ്ങുന്ന സൂര്യനായി മാറിയ ഈസ്‌റ്റേണ്‍ ബ്രാന്‍ഡിന്റെ രാജശില്‍പ്പി. അടിമാലിയിലെ ഈ കൊച്ചുകടയില്‍ നിന്നാണ് ഈസ്റ്റേണ്‍ ബ്രാന്‍ഡ് ഉദിച്ചുയര്‍ന്നത്. തന്റെ സ്വപ്‌നങ്ങള്‍ ഒരു പലചരക്ക് കടയില്‍ ഒതുങ്ങുന്നതല്ല എന്ന് തിരിച്ചറിഞ്ഞ എം ഇ മീരാന്‍, വിവിധ കമ്പനികളുടെ (ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ) വിതരണക്കാരനായി. ഒരു വിദ്യാര്‍ത്ഥിയെപ്പോലെ, കമ്പനികളുടെ പരസ്യതന്ത്രങ്ങളും ബ്രാന്‍ഡ് ഇമേജ് കെട്ടിപ്പടുക്കുന്നതും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന തന്ത്രങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു. ബ്രാന്‍ഡുകളുടെ മാസ്മര ലോകം മീരാന്‍ വിസ്മയത്തോടെ, കൗതുകത്തോടെ നോക്കി നിന്നു. അടിമാലിയുടെ അതിരുകള്‍ ഭേദിച്ച് സ്വന്തം ബ്രാന്‍ഡുമായി സുഗന്ധവ്യഞ്ജനങ്ങളുടെ വിപണിയില്‍ ഇറങ്ങിയപ്പോള്‍ തനിക്ക് പ്രിയപ്പെട്ട പലചരക്കുകട നിര്‍ത്തേണ്ടി വന്നു. കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ അനിവാര്യമാണതെന്ന തിരിച്ചറിവോടെ, മീരാന്‍ ഈസ്‌റ്റേണ്‍ ബ്രാന്‍ഡിന് രൂപം നല്‍കി.

ചെറുകിട വ്യാപാരത്തിലെ പരിചയം ഈസ്റ്റേണ്‍ ബ്രാന്‍ഡ് വിപണിയില്‍ മീരാന് ഗുണം ചെയ്തു. ബ്രിട്ടാനിയ പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വിതരണക്കാരനായിരുന്നപ്പോള്‍ ദേശീയതലത്തില്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെയാണ് വിപണനം ചെയ്യേണ്ടത്, വിതരണ ശൃംഖല കെട്ടിപ്പടുക്കേണ്ടത്, പരസ്യപ്രചരണ പരിപാടികള്‍ (പോസ്റ്ററുകള്‍ കടകളുടെ സമീപം പതിപ്പിക്കുന്നതുള്‍പ്പെടെ) എല്ലാം പഠിച്ച് ഈസ്റ്റേണ്‍ ബ്രാന്‍ഡിനെ ഇന്ത്യയിലെ ഏറ്റവും സ്വീകാര്യത നേടിയ ബ്രാന്‍ഡാക്കി മാറ്റാന്‍ മീരാന് അധിക സമയം വേണ്ടിവന്നില്ല. കറിപൗഡര്‍ രംഗത്ത് തെക്കെ ഇന്ത്യയിലെ ബ്രാന്‍ഡ് ലീഡറാണ് ഇന്ന് ഈസ്റ്റേണ്‍. ഇന്ത്യയിലുടനീളം ആധുനിക സാങ്കേതികവിദ്യകളോടെയുള്ള ഫാക്ടറികള്‍, ഗുണനിലവാരം ഉറപ്പാക്കാനുള്ള ലാബുകള്‍, ശക്തമായ മാനേജ്‌മെന്റ്, മികച്ച പ്രൊഫഷണലുകള്‍ എന്നിവ വിവിധ രംഗങ്ങളില്‍ കമ്പനിയെ കൂടുതല്‍ ഉയരത്തിലേക്ക് എത്തിച്ചു. ഇന്ന് കറിപൗഡര്‍ രംഗത്ത് മാത്രമല്ല, കുപ്പിയിലാക്കിയ കുടിവെള്ളം, കാപ്പിപ്പൊടി, ഭക്ഷ്യവസ്തുക്കള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍, വിദ്യാഭ്യാസ മേഖല, റബ്ബര്‍ വ്യവസായം, ടൂറിസം, മെത്തകള്‍ തുടങ്ങിയ മേഖലകളിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ചു.

ഒരു സംരംഭകന്റെ എല്ലാ ഗുണങ്ങളും ദൃഢ നിശ്ചയം, കഠിനാധ്വാനം, വ്യക്തമായ കാഴ്ച്ചപ്പാട്, ദൂരക്കാഴ്ച്ച, ഒളിഞ്ഞു കിടക്കുന്ന അവസരങ്ങളെ കാണാനും അത് ഉപയോഗപ്പെടുത്താനുമുള്ള കഴിവ്, സത്യസന്ധത, സ്‌നേഹം, സൗമ്യമായ പെരുമാറ്റം; എം ഇ മീരാന്റെ വ്യക്തിത്വമാണ് ഈസ്റ്റേണ്‍ എന്ന ബ്രാന്‍ഡിനെ മുന്‍നിരയിലെത്താന്‍ സഹായിച്ച ചാലക ശക്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് 2011 സെപ്റ്റംബറില്‍ എം ഇ മീരാന്‍ നിര്യാതനായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ എം എ നവാസ് ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി സാരഥ്യം ഏറ്റെടുത്തു. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ എംഡി ഫിറോസ് മീരാനാണ്.

200 ല്‍പ്പരം ഉല്‍പ്പന്നങ്ങള്‍ ഈസ്റ്റേണ്‍ ബ്രാന്‍ഡില്‍ ഇന്ത്യയിലും വിദേശ വിപണികളിലും സാന്നിധ്യമറിച്ച് കഴിഞ്ഞു. പുതിയ തലമുറ, പ്രൊഫഷണല്‍ മാനേജ്‌മെന്റ് രീതികളുടെ പിന്‍ബലത്തോടെ ലോകനിലവാരത്തിലേക്ക് ഉയര്‍ന്ന കമ്പനിയായി ഈസ്റ്റേണിനെ മാറ്റിക്കഴിഞ്ഞു. കേരള വിപണിയുടെ 70% ഈസ്റ്റേണ്‍ ബ്രാന്‍ഡിന് സ്വന്തം. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ള 10 ഫാക്റ്ററികള്‍, 30 ലക്ഷം ചെറുകിട കച്ചവടക്കാര്‍/കിരാന ഷോപ്പുകളിലൂടെ ഈസ്റ്റേണ്‍ കറി-മസാലകളും മറ്റ് സാധനങ്ങളും ശക്തമായ വിതരണ ശൃംഖലകളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു. സ്‌പൈസസ് ബോര്‍ഡിന്റെ മികച്ച സുഗന്ധവ്യഞ്ജന കണ്‍സ്യൂമര്‍ പായ്ക്ക് കയറ്റുമതിക്കുള്ള അവാര്‍ഡ് കഴിഞ്ഞ 20 കൊല്ലമായി ഈസ്റ്റേണിന് സ്വന്തം. യൂറോപ്പിലും അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും ഏഷ്യന്‍ രാജ്യങ്ങളിലും ഈസ്റ്റേണ്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. 1,000 കോടി രൂപയ്ക്കുമേലാണ് ഗ്രൂപ്പിന്റെ വിറ്റുവരവ്.

മറ്റ് സ്‌പൈസസ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായ വിതരണ ശൈലിയാണ് ഈസ്റ്റേണ്‍ ബ്രാന്‍ഡിന്റെ മറ്റൊരു ശക്തി. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍, കമ്പനികള്‍ സ്റ്റോക്കിസ്റ്റുകള്‍ക്കും അവര്‍ റീട്ടെയ്ല്‍ കച്ചവടക്കാര്‍ക്കും നല്‍കുന്നു. റീട്ടെയ്ല്‍ പോയിന്റില്‍ നിന്ന് ഉപഭോക്താക്കള്‍ അവ ആവശ്യാനുസരണം വാങ്ങുന്നു, ഇതാണ് പരമ്പരാഗതമായ ശൈലി. എന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഫാക്റ്ററികളില്‍ നിന്നും ചൂടാറും മുന്‍പേ, പുതുമയോടെ, നിറവും മണവും ഒട്ടും പോകാതെ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ വീട്ടമ്മമാരുടെ പക്കല്‍ എത്തിക്കാന്‍ ഈസ്റ്റേണ്‍ സ്വന്തമായി ഒരു വാഹന നിര തന്നെ നിരത്തിലിറക്കുകയാണ് ചെയ്തത്. 500 ല്‍പ്പരം ട്രക്കുകള്‍ ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങളെ നേരിട്ട് 160 ലക്ഷത്തില്‍പ്പരം പലചരക്കുകടകളില്‍ എത്തിക്കുന്നു. കടകളില്‍ ഏഴ് ദിവസം കൂടുമ്പോള്‍ ഈസ്‌റ്റേണ്‍ വണ്ടികള്‍ ആവശ്യാനുസരണം മാത്രം സ്റ്റോക്ക് വില്‍ക്കുന്നു. അതുകൊണ്ട് ചെറുകിട കച്ചവടക്കാര്‍ക്ക് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ പറ്റുന്നു. പുതിയ സ്റ്റോക്ക് പായ്ക്ക് ചെയ്ത് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തന്നെ വീട്ടമ്മമാര്‍ക്ക് സാമ്പാര്‍ പൗഡറും ചിക്കന്‍ മസാലയും മറ്റും ലഭ്യമാക്കാനുമായി. വണ്ടികള്‍ വിന്യസിക്കുമ്പോഴുള്ള അധികചെലവ്, വിതരണശൃംഖലയിലെ തന്നെ തട്ടുകള്‍ കുറക്കുന്നതിലൂടെ ലഘൂകരിക്കാനും സാധിച്ചു.

സ്‌പൈസസ് മേഖലയിലെ ഏറ്റവും മികച്ച കമ്പനിയാണ് ഈസ്റ്റേണ്‍ എന്ന് തിരിച്ചറിഞ്ഞ മക്‌കോര്‍മിക് കമ്പനി (ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്), 35 മില്യണ്‍ ഡോളര്‍ മുടക്കി ഈസ്‌റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ 25 ശതമാനം ഓഹരികള്‍ 2010 ല്‍ വാങ്ങി. സുഗന്ധ വിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ കമ്പനിയാണ് ബഹുരാഷ്ട്ര കമ്പനിയായ മക്‌കോര്‍മിക്.

ഫാമിലി മാനേജ്‌മെന്റ് എന്ന നിലയില്‍ നിന്ന് പ്രൊഫഷണല്‍ മാനേജ്‌മെന്റ് എല്ലാ തലങ്ങളിലും നടപ്പിലാക്കിയത് പുതിയ ചെയര്‍മാന്‍ എം എ നവാസാണ്. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, ഗുണമേന്‍മ, ഗവേഷണം, പാക്കിംഗ്, പര്‍ച്ചേസ് തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യവും പ്രാഗല്‍ഭ്യവും തെളിയിച്ച പ്രൊഫഷണലുകള്‍ പ്രധാന പദവികളില്‍ നിയമിക്കപ്പെട്ടത് ലോക നിലവാരത്തിലേക്ക് കമ്പനിയെ ഉയര്‍ത്താന്‍ സഹായിച്ചു. ഈസ്റ്റേണ്‍ സ്ഥാപകന്‍ എം ഇ മീരാന്റെ മൂല്യങ്ങളെല്ലാം സംരക്ഷിച്ചുകൊണ്ടുതന്നെ ടെക്‌നോളജിയിലും മാനേജ്‌മെന്റിലും വൈവിധ്യവല്‍ക്കരണത്തിലും കമ്പനിയെ ഔന്നത്യത്തിലെത്തിക്കാന്‍ പുതിയ സാരഥിക്ക് സാധിച്ചുവെന്ന് ഈസ്റ്റേണിന്റെ വളര്‍ച്ചയും കയറ്റുമതിയിലെ മുന്നേറ്റവും വില്‍പ്പനയിലും ലാഭത്തിലും ഉണ്ടായ വര്‍ധനവും പ്രതിഫലിപ്പിക്കുന്നു.

അവസരങ്ങള്‍ ചുറ്റിലുമുണ്ട്. നമ്മള്‍ അത് കണ്ടെന്നുവരില്ല. ഒരു സംരംഭകന്‍ അവസരങ്ങള്‍ കാണും, കാത്തിരിക്കാതെ അവസരങ്ങളെ രത്‌നഖനിയാക്കി മാറ്റും. ഈസ്റ്റേണ്‍ ബ്രാന്‍ഡിന്റെ തിളക്കമാര്‍ന്ന വിജയഗാഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഈ മന്ത്രമാണ്. ഈസ്റ്റേണ്‍ ബ്രാന്‍ഡിന്റെ എല്ലാമെല്ലാമായ എം ഇ മീരാന് എന്റെ പ്രണാമം.

Categories: FK Special, Slider