കൊളംബോ തുറമുഖ കരാറില്‍ ഇന്ത്യയും ജപ്പാനും ഉടന്‍ ഒപ്പുവെക്കും

കൊളംബോ തുറമുഖ കരാറില്‍ ഇന്ത്യയും ജപ്പാനും ഉടന്‍ ഒപ്പുവെക്കും

പദ്ധതിയുടെ ഘടന സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചതിനു ശേഷം ഇന്ത്യയും ജപ്പാനും പദ്ധതിക്കായി സ്വകാര്യ നിക്ഷേപവും ഒരു ടെര്‍മിനല്‍ ഓപ്പറേറ്ററെയും തേടും

ന്യൂഡെല്‍ഹി: കൊളംബോ തുറമുഖ വികസന കരാറില്‍ ഇന്ത്യയും ജപ്പാനും ശ്രീനിവാസനും വരുന്ന മാസങ്ങളില്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട നിക്ഷേപം സ്വീകരിക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഇന്ത്യയുമായും ജപ്പാനുമായും സഹകരിച്ചുള്ള അടിസ്ഥാന സൗകര്യ പദ്ധതിയുമായി ശ്രീലങ്ക മുന്നോട്ടുപോകുന്നത്. കൊളംബോ തുറമുഖ പദ്ധതിയില്‍ 51 ശതമാനം പങ്കാളിത്തം ശ്രീലങ്കയ്ക്കാണ്. ഇന്ത്യയും ജപ്പാനും ചേര്‍ന്ന് 49 ശതമാനം പങ്കാളിത്തം വഹിക്കുന്നു.

പദ്ധതിയുടെ ഘടന സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചതിനു ശേഷം ഇന്ത്യയും ജപ്പാനും പദ്ധതിക്കായി സ്വകാര്യ നിക്ഷേപവും ഒരു ടെര്‍മിനല്‍ ഓപ്പറേറ്ററെയും തേടും. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് ബദലായാണ് ഇന്ത്യയുടെയും ജപ്പാന്റെയും പങ്കാളിത്തം എന്നു കണക്കാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ദക്ഷിണ ശ്രീലങ്കയില്‍ ചൈന വികസിപ്പിക്കുന്ന ഹംബാന്‍ ടോറ്റ പോര്‍ട്ട് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സാമ്പത്തികമായി ലാഭസാധ്യത കുറവായ ഈ പദ്ധതി ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്കായാണെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ കൊളംബോ തുറമുഖ പദ്ധതി പൊതുവില്‍ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യതയുള്ളതാണെന്നാണ് വിലയിരുത്തുന്നത്.

സ്വതന്ത്രവും സുഗമവുമായ ഇന്തോ പസഫിക് മേഖല എന്ന ആശയത്തിലൂന്നി 1980കള്‍ മുതല്‍ കൊളംബോ തുറമുഖത്തെ വിവിധ തരത്തില്‍ പിന്തുണക്കുന്നുണ്ടെന്നാണ് ജപ്പാന്റെ വിദേശ കാര്യ മന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കുന്നത്. എന്നാല്‍ പുതിയ നിക്ഷേത്തെ കുറിച്ചും ഇതു സംബന്ധിച്ച നയത്തെ കുറിച്ചും അന്തിമ തീരുമാനമായിട്ടില്ലെന്നും ജപ്പാന്‍ വ്യക്തമാക്കുന്നു. ഇന്തോ പസഫിക് മേഖലയില്‍ കൂടുതല്‍ വലിയ സ്വാധീന ശക്തിയായി മാറാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ജപ്പാന്‍ വിലയിരുത്തുന്നത്.

കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഇന്ത്യയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ദീര്‍ഘകാല വായ്പകള്‍ ലഭ്യമാകുമെന്നുമുള്ള സൂചനകളാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വൃത്തങ്ങളും നല്‍കുന്നത്. ബെല്‍റ്റ് റോഡ് പദ്ധതിയിലൂടെ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ വെല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യ ജപ്പാനുമായും ഇന്തോ പസഫിക് രാഷ്ട്രങ്ങളുമായും കൂടുതല്‍ സഹകരണത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ നേരത്തേ തന്നെ പുറത്തുവന്നിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Colombo port