കല്‍ക്കരി ഖനനം: അദാനി ഗ്രൂപ്പുമായി ചര്‍ച്ചയാവാമെന്ന് ക്വീന്‍ഡ്‌ലന്‍ഡ്

കല്‍ക്കരി ഖനനം: അദാനി ഗ്രൂപ്പുമായി ചര്‍ച്ചയാവാമെന്ന് ക്വീന്‍ഡ്‌ലന്‍ഡ്

തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സമവായ നിര്‍ദേശം

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ പരിസ്ഥിതി വിവാദത്തില്‍ കുരുങ്ങിക്കിടക്കുന്ന അദാനി എന്റര്‍പ്രൈസസിന്റെ കാര്‍മൈക്കല്‍ കല്‍ക്കരി ഖനിയുടെ അനുമതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് വഴങ്ങി ക്വീന്‍ഡ്‌ലന്‍ഡ് ഭരണകൂടം. പരിസ്ഥിതി സംഘടനകളുടെയും മേഖലയില്‍ ഭരണത്തിലുള്ള ലേബര്‍ പാര്‍ട്ടിയുടെയും എതിര്‍പ്പ് മൂലം മുടങ്ങിയിരിക്കുന്ന കല്‍ക്കരി ഖനന പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി, ഈയാഴ്ച ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാജ്യത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചയോടെ ഖനനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ക്വീന്‍സ്‌ലന്‍ഡ് പ്രധാനമന്ത്രി അന്ന പലാസ്ഷുക്ക് ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ നിന്നുള്ള പിന്നോട്ടുപോക്കായി ഇത് വിലയിരുത്തപ്പെടുന്നു. കല്‍ക്കരി ഖനിക്ക് എതിരായി ലേബര്‍ പാര്‍ട്ടി നടത്തിയ പ്രചാരണങ്ങളെ തദ്ദേശവാസികള്‍ തള്ളിക്കളഞ്ഞിരുന്നു. കാര്‍മൈക്കല്‍ പദ്ധതി ആരംഭിക്കുന്നതോടെ വലിയ തൊഴില്‍ സാധ്യതകളും വികസനവും ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. ഖനന നടപടികളെ സംബന്ധിച്ച് രണ്ടാഴ്ചക്കകം വ്യക്തമായ പദ്ധതി തയാറാക്കാനാവുമെന്ന് അദാനി മൈനിംഗ് സിഇഒ ലൂക്കാസ് ഡോ വ്യക്കതമാക്കി. രണ്ടാഴ്ചച്ച് ശേഷവും പദ്ധതി സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ അത് ക്വീന്‍സ്‌ലന്‍ഡിലെ ലേബര്‍ ഭരണകൂടത്തിന്റെ മറ്റൊരു വൈകിപ്പിക്കല്‍ തന്ത്രമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Categories: FK News, Slider