ബ്രോക്കോളിയും കാബേജും കാന്‍സര്‍ തടയും

ബ്രോക്കോളിയും കാബേജും കാന്‍സര്‍ തടയും

ഇലക്കറികളിലെ ഐ3സി എന്ന സംയുക്തമാണ് അര്‍ബുദത്തെ പ്രതിരോധിക്കുന്നത്

കാന്‍സറിനെ പ്രതിരോധിക്കാന്‍ ശരീരത്തിന് സ്വന്തം സംവിധാനങ്ങള്‍ ഉണ്ട്, പക്ഷേ ചിലപ്പോള്‍ അവ ട്യൂമര്‍ വളര്‍ച്ചയെ ചെറുക്കുന്നതില്‍ വളരെ ദുര്‍ബലമായി കാണപ്പെടുന്നു. ബ്രോക്കോളിയും കാബേജും പോലുള്ള ഇലക്കറികളില്‍ ഉള്‍പ്പെടുന്ന ഒരു സംയുക്തത്തിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു. ഇന്‍ഡോള്‍ 3- കാബിനോള്‍ (ഐ3സി) എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംയുക്തം ഒരു പ്രകൃതിദത്ത ട്യൂമര്‍ പ്രതിരോധകാരി ആയിരിക്കുമെന്നാണു ഗവേഷകര്‍ പറയുന്നത്.

ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ബെത്ത് ഇസ്രയേല്‍ ഡീക്കോണസ് മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഐ3സി, പ്രോസ്റ്റേറ്റ് കാന്‍സറിലെ ട്യൂമര്‍ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതെന്ന് കണ്ടെത്തിയത്. ഐ 3 സി, പിടിഇഎന്‍ എന്ന അര്‍ബുദപ്രതിരോധക പ്രോട്ടീനിനെ ഉല്‍പ്പാദിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. മനുഷ്യരില്‍ അര്‍ബുദം കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഈ പ്രോട്ടീന്‍ നടത്തുന്നത്. ഇത് അര്‍ബുദകാരികളായ ഡബ്ല്യുഡബ്ല്യുപി1 എന്ന പ്രോട്ടീനിനെ നിര്‍വീര്യമാക്കുന്നു.

കാന്‍സര്‍ പ്രതിരോധത്തില്‍ ഇലക്കറികളുടെ പ്രവര്‍ത്തനമെങ്ങനെയെന്നു പരിശോധിക്കാം. അസാധാരണ കോശവളര്‍ച്ച അനിയന്ത്രിതമാകുകയും കോശങ്ങളുടെ അമിതവളര്‍ച്ചയും വ്യാപനവും മൂലമാണ് കാന്‍സര്‍ ഉണ്ടാകുന്നത്. ഇത് ശരീരത്തിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം 2018 ല്‍ 9.6 മില്യണ്‍ മരണങ്ങളാണ് കാന്‍സര്‍ ഉണ്ടാക്കിയത്. 2010 ല്‍ ലോകത്താകമാനമുള്ള കാന്‍സര്‍ സംബന്ധമായ നഷ്ടത്തിന്റെ മൊത്തം മൂല്യം 1.16 ട്രില്യണ്‍ ഡോളറായിരുന്നു. ഉടലെടുക്കുന്ന കോശങ്ങളെ അടിസ്ഥാനമാക്കി നൂറിലധികം കാന്‍സറുകളാണുള്ളത്. അര്‍ബുദ കോശങ്ങളുടെ ആറ് പ്രത്യേകതകളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സുസ്ഥിരമായ കോശവളര്‍ച്ച, മുഴകളുടെ അനിയന്ത്രിത വളര്‍ച്ച, ഒഴിവാകുന്ന കോശനാശനം, അനന്തമായ പുനരുജ്ജീവനം, രക്തപ്രവാഹം, അധിനിവേശം, വ്യാപനം തുടങ്ങിയവയാണിവ. കാന്‍സര്‍ ചികില്‍സാരംഗത്ത് പുതിയതും ചെലവുകുറഞ്ഞതുമായ മരുന്നുകളുടെ ആവശ്യകതയുണ്ട്. ഇതു നേരിടാനുള്ള പ്രകൃതിദത്ത സംയുക്തങ്ങള്‍ക്കായി ഗവേഷകര്‍ കൂടുതലായി സസ്യഗവേഷണങ്ങളിലേക്കു തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. കാബേജ്, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിലെ കാന്‍സര്‍ പ്രതിരോധകാരികളായ സംയുക്തങ്ങള്‍ മുന്‍കാല പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദത്തിന്റെ മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ പ്രോല്‍സാഹിപ്പിക്കുന്ന ജീനുകളുമായി സംയുക്തങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നു എന്നാണ് അവരുടെ നിഗമനം.

കാന്‍സര്‍ കോശങ്ങളിന്മേലുള്ള പ്രതിപ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കാന്‍ ഇലക്കറികളിലെ ഈ സംയുക്തത്തിന് കഴിയുന്നു. പിടിഇഎന്‍ മികച്ചൊരു കാന്‍സര്‍ പ്രതിരോധകാരിയാണെന്ന് ഇതിനകം തന്നെ അറിയാമായിരുന്നുവെങ്കിലും, അര്‍ബുദകോശങ്ങളില്‍ ഈ പ്രോട്ടീനിന്റെ അഭാവവും നിര്‍ജീവതയും അപര്യാപ്തതയും ഉണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. പ്രോട്ടീന്‍ നിശേഷം ഇല്ലാതാകുകയെന്നത് അസംഭവ്യമാണ്, എന്നാല്‍ അങ്ങനെ തോന്നാന്‍ കാരണം മനുഷ്യശരീരത്തില്‍ ഉള്ള രണ്ടു പതിപ്പ് ജീനുകളില്‍ ഒന്ന് നിര്‍ജീവമാകുന്നതാണ്. അതിനാല്‍ പിടിഇഎന്‍ പ്രോട്ടീന്റെ ഉല്‍പ്പാദനത്തിലെ ഈ അപര്യാപ്തതയെ, അതിന്റെ മുഴുവന്‍ അര്‍ബുദ പ്രതിരോധശക്തിയും പുനരുജ്ജീവിപ്പിക്കാനാകും വിധം കവച്ചുവെക്കാനുള്ള ഒരു മാര്‍ഗം തേടുകയാണ് ഗവേഷകര്‍. ഇതിന് അവര്‍ പിടിഇഎന്‍ ഉല്‍പ്പാദനം സജീവമാക്കുന്ന തന്മാത്രാഘടന കൃത്യമായി നിര്‍ണയിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് കൊണ്ടു മാത്രം സമാനമായ ഫലം വരുമെന്ന് ഗവേഷണസംഘം പറയുന്നില്ല. തുടക്കത്തില്‍ ഒരു വ്യക്തി പ്രതിദിനം മൂന്നു കിലോ മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കണം. ഡബ്ല്യുഡബ്ല്യുപി1 എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അതിനെ കൂടുതല്‍ തടസ്സപ്പെടുത്താനുള്ള കഴിവുള്ള തന്മാത്രകള്‍ ഉണ്ടോ എന്നതു സംബന്ധിച്ച് ഗവേഷണങ്ങള്‍ തുടരും.

Comments

comments

Categories: Health
Tags: Broccoli, cancer