മാര്‍ച്ചില്‍ സൃഷ്ടിക്കപ്പെട്ടത് 8.14 ലക്ഷം തൊഴിലുകള്‍

മാര്‍ച്ചില്‍ സൃഷ്ടിക്കപ്പെട്ടത് 8.14 ലക്ഷം തൊഴിലുകള്‍

2018-2019 സാമ്പത്തിക വര്‍ഷം മൊത്തമായി രാജ്യത്ത് 67.59 ലക്ഷം പേര്‍ പുതുതായി ജോലി നേടിയിട്ടുണ്ടെന്നാണ് ഇപിഎഫ്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്

ന്യൂഡെല്‍ഹി: മാര്‍ച്ച് മാസം സംഘടിത മേഖലയില്‍ ആകെ 8.14 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ഫെബ്രുവരിയില്‍ 7.88 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥാനത്താണിതെന്നും ഇപിഎഫ്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2018-2019) മൊത്തമായി രാജ്യത്ത് 67.59 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഔപചാരിക മേഖലയില്‍ നിന്നും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചേര്‍ന്നിട്ടുള്ള പുതിയ അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒ തൊഴില്‍ കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

2017 സെപ്റ്റംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള 7 മാസ കാലയളവില്‍ 15.52 ലക്ഷം പുതിയ അംഗങ്ങള്‍ ഇപിഎഫ്ഒയില്‍ അംഗമായിട്ടുണ്ട്. 22നും 25നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ നിന്നാണ് മാര്‍ച്ച് മാസം ഏറ്റവും കൂടുതല്‍ പേര്‍ പുതുതായി തൊഴില്‍ നേടിയത്. ഇക്കാലയളവില്‍ 2.25 ലക്ഷം തൊഴിലുകള്‍ ഈ പ്രായപരിധിയില്‍ പെടുന്നവര്‍ക്കായി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 18നും 21നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ 2.14 ലക്ഷം തൊഴിലവസരങ്ങളാണ് മാര്‍ച്ചില്‍ സൃഷ്ടിക്കപ്പെട്ടത്.

2018-2019 സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത് ജനുവരിയിലാണ്, 8.31 ലക്ഷം. 8.94 ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്താണിത്. കഴിഞ്ഞ മാസം പുറത്തുവിട്ട പേ റോള്‍ ഡാറ്റയില്‍ 2018 മാര്‍ച്ചിലെ അറ്റ തൊഴില്‍ സൃഷ്ടി സംബന്ധിച്ച് ചെറിയ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഇപിഎഫ്ഒ സുരക്ഷാ സ്‌കീമില്‍ അംഗങ്ങളായിട്ടുള്ള 55,934 പേര്‍ മാര്‍ച്ചില്‍ ഇതില്‍ നിന്നും പുറത്തുപോയിട്ടുണ്ടെന്നാണ് പുതിയ വിവരം.

2018 മാര്‍ച്ചിലാണ് രാജ്യത്ത് ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഇപിഎഫ്ഒ സ്‌കീമില്‍ ചേര്‍ന്നിട്ടുള്ള പുതിയ അംഗങ്ങളുടെ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഈ വര്‍ഷം മുഴുവനും തുടര്‍ച്ചയായി ജോലി ചെയ്യുന്നവരായിരിക്കില്ല.

പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. അടുത്ത ഭരണം ആര് പിടിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇന്ന് തീരുമാനമാകാനിരിക്കെ മോദി സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്നതാണ് മാര്‍ച്ച് മാസത്തെ ഇപിഎഫ്ഒ കണക്കുകള്‍. തൊഴില്‍ സൃഷ്ടിയില്‍ സര്‍ക്കാരിന് പരാജയം സംഭവിച്ചതായും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. അന്തിമ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വീണ്ടും മോദി തരംഗം ഉണ്ടാകുകയാണെങ്കില്‍ ഇത്തരം ആരോപണങ്ങളുടെ മുനയൊടിയും. ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

തൊഴില്‍ കണക്കുകള്‍ ഇങ്ങനെ

കാലം തൊഴില്‍

2017 സെപ്റ്റംബര്‍ 1,76,541

2018 ജനുവരി 2,15,691

2018 ഏപ്രില്‍ 5,28,946

2018 സെപ്റ്റംബര്‍ 6,01,058

2018 ഡിസംബര്‍ 7,03,150

2019 ജനുവരി 8.31 ലക്ഷം

2019 ഫെബ്രുവരി 7.88 ലക്ഷം

2019 മാര്‍ച്ച് 8.14 ലക്ഷം

Comments

comments

Categories: FK News