2020ല്‍ ലോകം കിതയ്ക്കും; ഇന്ത്യ കുതിക്കും

2020ല്‍ ലോകം കിതയ്ക്കും; ഇന്ത്യ കുതിക്കും
  • ഗ്രാമീണ ഉപഭോഗം വര്‍ധിക്കുകയും പണപ്പെരുപ്പം കുറഞ്ഞ തലത്തില്‍ തുടരുകയും ചെയ്യും
  • 2020ഓടെ രാജ്യം 7.5 ശതമാനം വളര്‍ച്ച വീണ്ടെടുക്കും

ന്യൂഡെല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ചാ വേഗം വീണ്ടെടുക്കുമെന്ന് ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്)യുടെ സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ട്. 2020ഓടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തിലെത്തുമെന്നാണ് ഒഇസിഡിയുടെ നിരീക്ഷണം.

ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിക്കുന്നതും പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ തുടരുന്നതും വളര്‍ച്ചയ്ക്ക് കരുത്ത് പകരും. 2018-2019 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.25 ശതമാനമായിരിക്കുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ നിരീക്ഷണം. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 7.5 ശതമാനം വളരുമെന്നും ഏജന്‍സി പറയുന്നു.

ജനങ്ങളുടെ സാമ്പത്തിക സാഹചര്യം മെച്ചുപ്പെടുന്നതിന്റെ ഫലമായി ആഭ്യന്തര ആവശ്യകതയിലുണ്ടാകുന്ന വര്‍ധനയാണ് വളര്‍ച്ചയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകം. ഗ്രാമ പ്രദേശങ്ങളിലെ ചെറുകിട കര്‍ഷകരെ സഹായിക്കുന്നതിനുള്ള പുതിയ വരുമാന പ്രോത്സാഹന പദ്ധതി ഉള്‍പ്പെടെയുള്ളവ ഉപഭോക്തൃ ആവശ്യകത വര്‍ധിക്കാന്‍ സഹായകമാകും. ഇന്ധന വില കുറഞ്ഞ തലത്തില്‍ തുടരുന്നതും രൂപയുടെ മൂല്യം കരുത്താര്‍ജിച്ചതും പണപ്പെരുപ്പത്തിനും കറന്റ് എക്കൗണ്ട് കമ്മിക്കും മേലുള്ള സമ്മര്‍ദം കുറയ്ക്കും.

ജി20 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ കയറ്റുമതി വളര്‍ച്ചയും മെച്ചപ്പെട്ട തലത്തിലാണ്. ഇത് കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ശേഷി ഉപയോഗം വര്‍ധിക്കുന്നതിനനുസരിച്ച് രാജ്യത്തേക്കുള്ള നിക്ഷേപ വളര്‍ച്ചാ വേഗം വര്‍ധിക്കും. ഭൂരാഷ്ട്രപരമായ ആശങ്കകളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 6.6 ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. ആറ് പാദത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ജനുവരി-മാര്‍ച്ച് പാദത്തിലെ 2018-2019 സാമ്പത്തിക വര്‍ഷത്തെയും ജിഡിപി സ്ഥിതിവിവരകണക്കുകള്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഈ മാസം 31ന് പുറത്തുവിടും. 2018-2019ല്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടപ്പു വര്‍ഷം ആഗോള സാമ്പത്തി വളര്‍ച്ച 3.2 ശതമാനമായി ചുരുങ്ങുമെന്നാണ് ഒഇസിഡിയുടെ നിഗമനം. കഴിഞ്ഞ വര്‍ഷം 3.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 2020ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 3.4 ശതമാനമായിരിക്കുമെന്നാണ് ഏജന്‍സിയുടെ നിഗമനം. കഴിഞ്ഞ വര്‍ഷം ആഗോള വളര്‍ച്ചയിലുണ്ടായ ഇടിവ് ആകസ്മികമായിരുന്നു. 2018ന്റെ രണ്ടാം പകുതിയിലും 2019ന്റെ ആദ്യത്തിലും ഈ തളര്‍ച്ച നിഴലിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ആശങ്കകളാണ് ആഗോള വളര്‍ച്ച കുറയാനുള്ള പ്രധാന കാരണം. അടിയന്തിരമായി സര്‍ക്കാരുകള്‍ വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും ഏജന്‍സി വ്യക്തമാക്കി.

പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നതിനാല്‍ ധനനയത്തില്‍ വീണ്ടും അയവ് വരുത്താന്‍ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്നാണ് ഏജന്‍സി പറയുന്നത്. ഏപ്രിലില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.92 ശതമാനമായി ഉയര്‍ന്നിരുന്നു. ഏപ്രില്‍-സെപ്റ്റംബര്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.9-3 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര ബാങ്ക് കരുതുന്നത്. ഭക്ഷ്യ, ഇന്ധന വില കുറയുമെന്നും മണ്‍സൂണ്‍ സാധാരണ തലത്തില്‍ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താനാകുമെന്ന് കേന്ദ്ര ബാങ്ക് പറയുന്നത്.

പൊതുമേഖലയിലെ വായ്പ വര്‍ധിക്കുന്നതിന് ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രതിഫലിക്കുന്നുണ്ട്. നികുതി വരുമാനം കുറഞ്ഞതായും പൊതുസംരംഭങ്ങളുടെയും ബാങ്കുകളുടെയും സാമ്പത്തിക ആവശ്യകത വര്‍ധിച്ചതായും ഒഇസിഡി ചൂണ്ടിക്കാട്ടി. ജിഎസ്ടി വരുമാനത്തിലുണ്ടായ വര്‍ധനയും നികുതി അടിത്തറ വിശാലമായതും ഉയര്‍ന്ന പൊതുകടം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഒഇസിഡി പറയുന്നു. പൊതുമേഖലാ പദ്ധതികളുടെ പിന്‍ബലത്തില്‍ നിക്ഷേപത്തിന്റെ ഒഴുക്ക് കൂടും. സ്വകാര്യ മേഖലയിലെ നിക്ഷേപം, പ്രത്യേകിച്ച് മാനുഫാക്ച്ചറിംഗ് മേഖലയിലേക്കുള്ള നിക്ഷേപം തെരഞ്ഞെടുപ്പ് അനിശ്ചിതത്വം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

നിരീക്ഷണങ്ങള്‍

  • 2018-2019ലെ ജിഡിപി വളര്‍ച്ച 7% ആയിരിക്കും
  • പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയായി തുടരും
  • ഭൂരാഷ്ട്രപരമായ ആശങ്കകളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുറയും
  • ഏപ്രിലില്‍ പണപ്പെരുപ്പം 2.92% ആയിരുന്നു

Comments

comments

Categories: FK News

Related Articles