പുതിയ പെട്രോള്‍ എന്‍ജിനില്‍ 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട്

പുതിയ പെട്രോള്‍ എന്‍ജിനില്‍ 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട്

ഇന്ത്യ എക്‌സ് ഷോറൂം വില 86.71 ലക്ഷം രൂപ

ന്യൂഡെല്‍ഹി : പുതിയ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കി 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. 86.71 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് പെട്രോള്‍ വേര്‍ഷന്‍ ലഭിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു.

2.0 ലിറ്റര്‍ ട്വിന്‍ സ്‌ക്രോള്‍ ടര്‍ബോചാര്‍ജര്‍ പെട്രോള്‍ എന്‍ജിന്‍ 296 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇത്രയും കരുത്ത് ലഭിക്കുന്നതോടെ 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജ്ജിക്കാന്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് പെട്രോള്‍ വേര്‍ഷന് 7.1 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 200 കിലോമീറ്ററിന് മുകളിലാണ് ടോപ് സ്പീഡ്. 335 ബിഎച്ച്പി പുറപ്പെടുവിക്കുന്ന 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി6 എന്‍ജിനു പകരമാണ് എസ്‌യുവിയില്‍ പുതിയ 2.0 ലിറ്റര്‍ എന്‍ജിന്‍ നല്‍കിയത്. ഇന്ത്യയില്‍ നിലവില്‍ ഡീസല്‍ വേരിയന്റുകളില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് ലഭ്യമാണ്.

പുതിയ ഗ്രില്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവിയിലെ മാറ്റങ്ങളാണ്. അനുക്രമമായി തെളിയുന്ന ഇന്‍ഡിക്കേറ്ററുകള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നു. 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാര്‍ക്ക് പാക്ക്, കാബിന്‍ എയര്‍ അയോണൈസേഷന്‍ എന്നിവയോടെയാണ് 2019 മോഡല്‍ വരുന്നത്. ടച്ച്‌പ്രോ ഡുവോ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്ററാക്റ്റീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, ഫുള്‍ കളര്‍ ഹെഡ്-അപ് ഡിസ്‌പ്ലേ എന്നിവയും സവിശേഷതകളാണ്.

സ്ലൈഡിംഗ് പനോരമിക് സണ്‍റൂഫ്, പവേര്‍ഡ് ടെയ്ല്‍ഗേറ്റ് എന്നിവ ലഭിച്ചു. മുന്നിലെ ബംപര്‍ പരിഷ്‌കരിച്ചു. ഇപ്പോള്‍ അല്‍പ്പം താഴെയായതോടെ ബ്രേക്കുകള്‍ തണുപ്പിക്കുന്നതിന് കൂടുതല്‍ കാറ്റ് ലഭിക്കും. അലോയ് വീലുകളുടെ രൂപകല്‍പ്പന പുതിയതാണ്. ഇരട്ട എക്‌സ്‌ഹോസ്റ്റ് നല്‍കി പുതിയ റേഞ്ച് റോവറുകളുടെ റിയര്‍ ബംപര്‍ പരിഷ്‌കരിച്ചു.

Comments

comments

Categories: Auto