വീഗന്‍ ഭക്ഷണക്രമം കുട്ടികള്‍ക്കു ദോഷകരം

വീഗന്‍ ഭക്ഷണക്രമം കുട്ടികള്‍ക്കു ദോഷകരം

സംപൂര്‍ണ സസ്യാഹാരരീതിയാണ് വീഗന്‍ ആഹാരക്രമം. മാംസം, മുട്ട, ക്ഷീരോല്‍പന്നങ്ങള്‍, മറ്റു ജീവികളുടെ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കിയുള്ള ആഹാരരീതി. എന്നാല്‍ കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വീഗന്‍ ഭക്ഷണരീതി പിന്തുടരരുത് എന്ന് ബെല്‍ജിയം റോയല്‍ അക്കാഡമി ഓഫ് മെഡിസിന്‍ ശുപാര്‍ശ ചെയ്തു. ഈ ഭക്ഷണപദ്ധതി കുട്ടികളില്‍ ഒഴിവാക്കാനാകാത്ത പോഷകാഹാരക്കുറവ് സൃഷ്ടിക്കുന്നുവെന്നതാണു കാരണം. ബെല്‍ജിയന്‍ കുട്ടികളില്‍ മൂന്നു ശതമാനം ഈ ആഹാരരീതി പിന്തുടരുന്നതായി അക്കാദമി പ്രസ്താവനയില്‍ പറയുന്നു. ശരിയായി നിരീക്ഷിക്കപ്പെടാത്ത പക്ഷം, ഇത് കുട്ടികളില്‍ പോഷണ അപര്യാപ്തതയും വിളര്‍ച്ചയും ഉണ്ടാക്കുമെന്ന് അക്കാദമി പറഞ്ഞു.
ദേശീയ മനുഷ്യാവകാശ സംഘടനയുടെ പ്രതിനിധിയാണ് ഇതു സംബന്ധിച്ച് ആരോഗ്യവിദഗ്ധരുടെ റിപ്പോര്‍ട്ട് തേടിയത്. ഇതേത്തുടര്‍ന്ന് കുട്ടികളിലെ പോഷകാഹാരക്കുറവിനെക്കുറിച്ചു പഠിക്കാന്‍ പീഡിയാട്രീഷ്യന്‍ ഡോ. ജോര്‍ജസ് കാസിമിര്‍ അധ്യക്ഷനായി ഒരു സമിതിയെയും അക്കാദമി നിയോഗിച്ചു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും അസാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വീഗന്‍ ഭക്ഷണക്രമം നിരുല്‍സാഹപ്പെടുത്താനാണു തീരുമാനം. വളരുന്ന കുട്ടികളുടെ തലച്ചോറിന് ആവശ്യമായ പ്രോട്ടീനുകളുടെയും അവശ്യ ഫാറ്റി ആസിഡുകളുടെയും അഭാവം ഇതു കൊണ്ട് ഉണ്ടായിട്ടുള്ളതായി വ്യക്തമായി. വിറ്റാമിന്‍ ഡി, ബി 12 കാല്‍സ്യം തുടങ്ങിയ പോഷകാഹാരഘടകങ്ങള്‍ വീഗന്‍ ഡയറ്റില്‍ അപ്രത്യക്ഷമാണ്. ഇത് ഭാരക്കുറവ്, മന്ദത, വിളര്‍ച്ച, പോഷകാഹാരക്കുറവ് എന്നിവയ്ക്കു കാരണമാകുന്നു. ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് വിശദീകരിക്കേണ്ടത് പ്രധാനമാണ്. മാതാപിതാക്കള്‍ പുതിയ ശുപാര്‍ശ പിന്തുടരുന്നില്ലെങ്കില്‍, വീഗന്‍ ഭക്ഷണക്രമത്തിനൊപ്പം കുട്ടികള്‍ക്ക് സപ്ലിമെന്റുകള്‍, വൈദ്യപരിശോധന, രക്തപരിശോധന എന്നിവ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. എന്നാല്‍ അക്കാദമി നിര്‍ദേശത്തെ വീഗന്‍ സൊസൈറ്റിയെപ്പോലുള്ള സംഘടനകള്‍ എതിര്‍ക്കുന്നു. ഓരോ പ്രായത്തിലും ഉള്ളവര്‍ക്കു യോജിച്ച ഭക്ഷണക്രമം വീഗന്‍ ഡയറ്റിലുണ്ടെന്നാണ് ഇവരുടെ വാദം.

Comments

comments

Categories: Health
Tags: children, Vegan