സ്ഥിര താമസ പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി

സ്ഥിര താമസ പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി

ആദ്യഘട്ടത്തില്‍ 100 ബില്യണ്‍ ദിര്‍ഹത്തില്‍ കവിഞ്ഞ് നിക്ഷേപമുള്ള 6,800 നിക്ഷേപകര്‍ക്ക് പദ്ധതി നേട്ടമാകും

ദുബായ്: ഗോള്‍ഡന്‍ കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥിരതാമസ പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. നിക്ഷേപകര്‍ക്കും ആരോഗ്യസേവനം, എന്‍ജിനീയറിംഗ്, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വിശിഷ്ട സേവനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥര്‍ക്കും യുഎഇയില്‍ ആജീവനാന്ത താമസ സൗകര്യം അനുവദിക്കുന്നതാണ് പദ്ധതി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. 100 ബില്യണ്‍ ദിര്‍ഹത്തില്‍ കവിഞ്ഞ നിക്ഷേപം ഉള്ള 6,800 നിക്ഷേപകരാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുക.

വിശിഷ്ട വ്യക്തികള്‍ക്കും അതുല്യ പ്രതിഭകള്‍ക്കും യുഎയുടെ വിജയഗാഥയ്ക്ക് മികച്ച സംഭാവനകളേകുന്ന ഏതൊരാള്‍ക്കും ഗോള്‍ഡന്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് ഷേഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ യാത്രയില്‍ കൈകോര്‍ത്ത് പിടിച്ച് മുന്നേറുന്നതിനായി സ്ഥിര അംഗങ്ങളായി അവര്‍ വേണമെന്നും യുഎഇയില്‍ താമസിക്കുന്ന എല്ലാവരും തങ്ങളുടെ സഹോദരന്മാരാണെന്നും യുഎഇ കുടുംബത്തിലെ അംഗങ്ങളാണെന്നും ഷേഖ് മുഹമ്മദ് പറഞ്ഞു.

നേരത്തെ ദീര്‍ഘകാല വിസ പദ്ധതിയും യുഎഇ നടപ്പിലാക്കിയിരുന്നു. രാജ്യത്ത് ബിസിനസ് സൗഹൃദ അന്തരീക്ഷം കൊണ്ടുവരിക, അറിവില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയായി മാറുക, സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് യുഎഇ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി വിവിധ വിസ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

Comments

comments

Categories: Arabia