സമഗ്ര സാമ്പത്തിക സഹകരണ കരാറിനെതിരേ ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍

സമഗ്ര സാമ്പത്തിക സഹകരണ കരാറിനെതിരേ ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍

ഇറക്കുമതി വര്‍ധിക്കും, കയറ്റുമതിയുടെ മല്‍സരക്ഷമത കുറയും

ന്യൂഡെല്‍ഹി: നിര്‍ദിഷ്ട പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാര്‍(ആര്‍സിഎല്‍പി) ഇന്ത്യയുടെ കയറ്റുമതിയിലുള്ള മല്‍സരക്ഷമതയെ ദോഷകരമായി ബാധിക്കുന്നതാണെന്ന് ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ(ടിപിസിഐ) നിരീക്ഷണം. നിലവില്‍ വ്യാപാരക്കമ്മി പെരുകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കരാറിലേക്ക് നീങ്ങുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ടിപിസിഐ നിര്‍ദേശിക്കുന്നത്. കരാരില്‍ അംഗങ്ങളായിട്ടുള്ള രാഷ്ട്രങ്ങളില്‍ നിന്ന് വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത് ആഭ്യന്തര വിപണിയെ ദോഷകരമായി ബാധിക്കുമെന്നും ഇതു കൂടി പരിഗണിച്ചു വേണം ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതെന്നും ടിപിസിഐ ചൂണ്ടിക്കാണിക്കുന്നു.

പത്ത് രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആസിയാനും ആസിയാന്‍ രാഷ്ട്രങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലനില്‍ക്കുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാഷ്ട്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആര്‍സിഇപി കരാര്‍. കരാറില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളെയും ഘടനയും പരിഗണിക്കുമ്പോള്‍ കരാറിന്റെ ഭാഗമായി കയറ്റുമതി നേട്ടങ്ങള്‍ ഇന്ത്യക്ക് സ്വന്തമാക്കാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശുഭാപ്തി വിശ്വാസത്തോടെയും ജാഗ്രതയോടെയുമുള്ള സമീപനം കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വീകരിക്കണമെന്ന് ട്രേസ് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മോഹിത് സിംഗഌപറയുന്നു.
ആര്‍സിഇപിയില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങളുമായും നിലവില്‍ ഇന്ത്യക്ക് സ്വതന്ത്ര വ്യാപാരകരാറില്ല. അതിനാല്‍ ആര്‍സിഇപിയുടെ ഭാഗമായി ഇറക്കുമതി തീരുവ സംബന്ധിച്ച നിബന്ധനകള്‍ വരുന്നത് ഇന്ത്യക്ക് ഗുണകരമാകില്ല. ഇന്ത്യക്ക് നിലവില്‍ ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറില്ല. ഓസ്‌ട്രേലിയയുമായും ന്യൂസിലന്‍ഡുമായും ഇതു സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിയില്ല. ഇന്ത്യയിലെ സ്റ്റീല്‍, ഫാര്‍മ, ഇ-കൊമേഴ്‌സ്, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളെയാണ് കരാര്‍ കൂടുതലായി ദോഷകരമായി ബാധിക്കുകയെന്നും ടിപിസിഐ വിലയിരുത്തുന്നു.

സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇപ്പോള്‍ തന്നെ കാര്‍ഷികോല്‍പ്പന്നങ്ങളുടെയും പാലുല്‍പ്പന്നങ്ങളുടെയും മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര ബിസിനസുകള്‍ക്ക് സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. സേവന മേഖല സംബന്ധിച്ച തങ്ങളുടെ നിലപാടുകളിലും ശക്തമായ നിലപാടുകള്‍ ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട്. കൂടുതല്‍ ഉദാരമായ വിസ വ്യവസ്ഥകളോടെ പ്രൊഫഷണലുകളുടെ സുഗമമമായ ഒഴുക്ക് രാഷ്ട്രങ്ങള്‍ക്കിടയില്‍ സാധ്യമാകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ആര്‍സിഇപി കരാറിനു ശേഷം ഇന്ത്യയുടെ വാര്‍ഷിക ഇറക്കുമതി 29 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് വേള്‍ഡ് ഇന്റഗ്രേറ്റഡ് ട്രേഡ് സൊലൂഷന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.3 ശതമാനത്തോളം വരുമാന നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്ന് ടിപിസിഐ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK News