നട്ടെല്ലിനു പരുക്കേറ്റവരില്‍ മൂലകോശചികില്‍സ അധാര്‍മികം

നട്ടെല്ലിനു പരുക്കേറ്റവരില്‍ മൂലകോശചികില്‍സ അധാര്‍മികം

നട്ടെല്ലിനു പരുക്കേറ്റ രോഗികളില്‍ മൂലകോശചികില്‍സ ചെയ്യരുതെന്ന് ഇന്ത്യന്‍ സ്‌പൈനല്‍കോര്‍ഡ് സൊസൈറ്റി, ഡോക്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൂലകോശ ചികില്‍സ സംബന്ധിച്ച് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നതു ശരി തന്നെ, അതില്‍ പലതിന്റെയും വിജയസാധ്യതകള്‍ തെളിഞ്ഞിട്ടുമുണ്ട്, എന്നാല്‍ അവ ചികില്‍സയ്ക്ക് ഉപയോഗിക്കാവുന്ന തലത്തിലേക്ക് എത്തിയിട്ടില്ലെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. യൂറോപ്യന്‍ സ്‌പൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണിത് വ്യക്തമാക്കിയത്.

നിലവില്‍ ഇത്തരം ഇടപെടല്‍ ഊഹക്കച്ചവടമാണ്, കാരണം അതിന്റെ ഫലം വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, മൂലകോശസംബന്ധമായ ഇടപെടലുകളെ ചികില്‍സ എന്ന നിലയില്‍ വാണിജ്യപരമായി സമീപിച്ചു കൊണ്ടുള്ള ഏതൊരു വാഗ്ദാനവും അധാര്‍മികമാണെന്നു സൊസൈറ്റി വ്യക്തമാക്കി. റോഡപകടങ്ങളിലും മറ്റും നട്ടെല്ലിനു പരുക്കേറ്റ നിരവധി പേര്‍ ശയ്യാവലംബികളാകാറുണ്ട്. ഇത്തരക്കാരില്‍ ന്യൂറോളജിക്കല്‍ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ഉചിതമായ ചികില്‍സാരീതികള്‍ ഇതു വരെ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത്തരക്കാരില്‍ മൂലകോശ ചികില്‍സ വഴി നട്ടെല്ലിന്റെ കേടുപാടുകള്‍ ഭേദമാക്കാനാകും. എന്നാല്‍ ഇതു തെളിയിക്കപ്പെട്ടിട്ടില്ല. ഈ മേഖലയില്‍ ഗവേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. എന്നിരുന്നാലും, ഡെല്‍ഹി, മുംബൈ തുടങ്ങിയ വലിയ നഗരങ്ങളില്‍ നട്ടെല്ലിനു പരുക്കേറ്റവരെ ഭേദപ്പെടുത്താന്‍ മൂലകോശചികില്‍സ ഉപയോഗിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ വളര്‍ന്നു കഴിഞ്ഞു. ബദല്‍ചികില്‍സയെന്ന നിലയില്‍ പല രോഗികളും ഇതിനു വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നു. എന്നാല്‍ രോഗം ഭേദമാക്കാന്‍ കഴിയാത്തതോടെ മറ്റു സാധാരണ ചികില്‍സയ്ക്ക് അവരെ വിമുഖരാക്കുകയും വിഷാദരോഗികളാക്കുകയും ചെയ്യുന്നു. ഇത്തരം ചികില്‍സാരീതികള്‍ മുന്നോട്ടുവെച്ച് ആളുകളെ പ്രലോഭിപ്പിച്ച് വണിജ്യതാല്‍പര്യം സംരക്ഷിക്കുന്നത് നിര്‍ത്തലാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രക്താര്‍ബുദം, പൊള്ളല്‍, കണ്‍പടലങ്ങളുടെ പുനരുല്‍പാദനം എന്നിവയില്‍ മാത്രമാണ് മൂലകോശചികില്‍സ അംഗീകരിച്ചിട്ടുള്ളത്.

Comments

comments

Categories: Health