വരുമാനത്തിലും ലാഭത്തിലും വിപണി മൂല്യത്തിലും ആര്‍ഐഎല്‍

വരുമാനത്തിലും ലാഭത്തിലും വിപണി മൂല്യത്തിലും ആര്‍ഐഎല്‍
  • വരുമാനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പിനെ ആര്‍ഐഎല്‍ മറികടന്നു
  • ഐഒസിയുമായി താരതമ്യം ചെയ്യുമ്പോള്‍ 38,986 കോടി രൂപയുടെ വര്‍ധനയാണ് ആര്‍ഐഎല്ലിന്റെ വരുമാനത്തിലുള്ളത്

ന്യൂഡെല്‍ഹി: വരുമാനത്തില്‍ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ (ഐഒസി) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പിന്നിലാക്കി. 11 വര്‍ഷം മുന്‍പ് ഐഒസിയുടെ പകുതി വലിപ്പം മാത്രമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ഉണ്ടായിരുന്നുള്ളു. ഇവിടെ നിന്നാണ് ഐഒസിയേക്കാള്‍ വലിയ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ഐഎല്ലിന്റെ വരുമാനത്തില്‍ 44.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5.67 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ വരുമാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വരുമാനം 28.03 ശതമാനം ഉയര്‍ന്ന് 5.28 ലക്ഷം കോടി രൂപയായി. ആര്‍ഐഎല്ലിന്റെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഒസിയുടെ വരുമാനത്തില്‍ 38,986 കോടി രൂപയുടെ കുറവാണുള്ളത്.

ഇതോടെ വരുമാനത്തിലും ലാഭത്തിലും വിപണി മൂല്യത്തിലും രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി മാറിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ 14.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് രേഖപ്പെടുത്തിയത്.

റിഫൈനിംഗ് വിഭാഗത്തില്‍ നിന്നുള്ള ശക്തമായ വരുമാന നേട്ടവും റീട്ടെയ്ല്‍ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതുമാണ് ആര്‍ഐഎല്ലിന്റെ നേട്ടത്തിന് കാരണം. ഇതിനുനേര്‍ വിപരീതമായ പ്രകടനമാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് കാഴ്ച്ചവെച്ചത്. കമ്പനിയുടെ വാര്‍ഷിക വളര്‍ച്ച വേഗം ഗണ്യമായി കുറഞ്ഞു. 6.3 ശതമാനമായിരുന്നു 2010-2018 വരെയുള്ള കാലയളവില്‍ ഐഒസിയുടെ ശരാശരി വളര്‍ച്ച.

ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 8.4 ലക്ഷം കോടി രൂപയിലുമധികമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം. നിഫ്റ്റിയുടെ വിപണി മൂല്യത്തിന്റെ (86.4 ലക്ഷം കോടി രൂപ) പത്തിലൊന്ന് വരുമിത്. സംയോജിത ലാഭത്തിലും വരുമാനത്തിലും സമാനമായ പങ്കാളിത്തം ആര്‍ഐഎല്ലിനുണ്ട്.

മേയ് ആദ്യ വാരം ഓഹരി വിപണിയില്‍ ആര്‍ഐഎല്‍ മികച്ച നേട്ടം കുറിച്ചിരുന്നു. പിന്നീട് ഈ ആവേശം കാണാനായില്ല. പത്ത് ദിവസംകൊണ്ട് ആര്‍ഐഎല്‍ ഓഹരി മൂല്യം 12.5 ശതമാനത്തിലധികം ഇടിഞ്ഞു. ഇതിനുശേഷം വീണ്ടും നേട്ടത്തിലേക്ക് തിരിച്ചുകയറാന്‍ ആര്‍ഐഎല്ലിന് സാധിച്ചും. 7.6 ശതമാനത്തിലധികം വര്‍ധനയാണ് റിലയന്‍സിന്റെ ഓഹരി മൂല്യത്തില്‍ ഇക്കാലയളവില്‍ ഉണ്ടായത്.

39,588 കോടി രൂപയുടെ അറ്റാദായമാണ് ആര്‍ഐഎല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. ഊര്‍ജ വിപണി അസ്ഥിരത നേരിടുന്ന സാഹചര്യത്തിലാണ് ഇതെന്നതും ശ്രദ്ധേയമാണ്. സേവനങ്ങളിലും ഉപഭോക്താക്കളുടെ സംതൃപ്തിയിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതിലും വരുമാനത്തിലും ലാഭത്തിലും പ്രതിഫലിച്ചതായി നാലാം പാദ ഫലം പുറത്തുവിടുമ്പോള്‍ മുകേഷ് അംബാനി പറഞ്#ിരുന്നു.

മാര്‍ച്ച് പാദത്തില്‍ ഐഒസിയുടെ ചില്ലറവില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നിരുന്നു. ക്രൂഡ് ചെലവിലുണ്ടായ കുറവ് ഉപഭോക്താക്കളിലേക്ക് കമ്പനി പൂര്‍ണമായും എത്തിച്ചിട്ടില്ല. റിഫൈനിംഗില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം നാലാം പാദത്തിലേതില്‍ നിന്നും കുറയുമെന്നാണ് നോമുറയുടെ നിരീക്ഷണം.

Comments

comments

Categories: FK News
Tags: RIL