ലൈംഗിക അടിമകളാക്കാന്‍ ഉത്തര കൊറിയന്‍ സ്ത്രീകളെ ചൈനയിലെത്തിച്ച് വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ലൈംഗിക അടിമകളാക്കാന്‍ ഉത്തര കൊറിയന്‍ സ്ത്രീകളെ ചൈനയിലെത്തിച്ച് വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ്: ആയിരക്കണക്കിന് വരുന്ന ഉത്തര കൊറിയന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കാന്‍ ചൈനയിലേക്കു കടത്തുകയാണെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊറിയ ഫ്യൂച്ചര്‍ ഇനിഷ്യേറ്റീവാണ് (കെഎഫ്‌ഐ) എന്ന ലാഭേതര സംഘടനയാണ് (എന്‍ജിഒ) സെക്‌സ് സ്ലേവ്‌സ്: ദ പ്രോസ്റ്റിറ്റിയൂഷന്‍, സൈബര്‍ സെക്‌സ് ആന്‍ഡ് ഫോഴ്‌സ്ഡ് മാര്യേജ് ഓഫ് നോര്‍ത്ത് കൊറിയന്‍ വിമന്‍ ആന്‍ഡ് ഗേള്‍സ് ഇന്‍ ചൈന എന്ന പേരില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തിങ്കളാഴ്ച (മേയ് 20) യുകെ പാര്‍ലമെന്റിനു മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു.

ചൈനയില്‍ വ്യഭിചാരത്തിന് ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണ്. ഇതാകട്ടെ, ഉത്തര കൊറിയന്‍ സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവരുടെ ചൂഷണത്തിനും കാരണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ചൈനയിലെത്തിക്കുന്ന സ്ത്രീകളെ ചൈനീസ് വംശജരായ പുരുഷന്മാരുടെ ഭാര്യമാരാക്കാനായി വില്‍ക്കുന്നു. ചിലരെ നിര്‍ബന്ധിത വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കുന്നു. അതുമല്ലെങ്കില്‍ തത്സമയം ലൈംഗിക ചേഷ്ടകള്‍ വീഡിയോയിലൂടെ സ്ട്രീം ചെയ്യാന്‍ ഇവരെ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ദിവസങ്ങളോളം ഭക്ഷണമൊന്നും നല്‍കാതെ 12 വയസുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കുന്നു. ചില സ്ത്രീകളെ സൈബര്‍ സെക്‌സ് ചെയ്യാനും നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഉത്തര കൊറിയ വിട്ട് പോകുന്നവരുടെ എണ്ണം എത്രയാണെന്ന കാര്യത്തില്‍ ഔദ്യോഗിക കണക്കുകളൊന്നുമില്ല. എന്നാല്‍ 2014 യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പതിനായിരക്കണക്കിന് ഉത്തര കൊറിയന്‍ വംശജര്‍ ചൈനയില്‍ അഭയാര്‍ഥികളായി വസിക്കുന്നുണ്ടെന്നാണ്. കെഎഫ്‌ഐയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നതാകട്ടെ, രണ്ട് ലക്ഷത്തിനും മുകളില്‍ വരുമെന്നാണ്. ചൈനയില്‍ അഭയാര്‍ഥികളായി കഴിയുന്ന ഉത്തര കൊറിയന്‍ സ്ത്രീകളില്‍ 60 ശതമാനവും ലൈംഗിക വ്യാപാരത്തിനായി കടത്തപ്പെട്ടവരാണെന്നും മനുഷ്യക്കടത്ത് സംഘം ശതകോടി ഡോളറിന്റെ മൂല്യം വരുന്ന അനധികൃത ലൈംഗിക വ്യാപാരമാണു ചൈനയില്‍ നടത്തിവരുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. റിപ്പോര്‍ട്ട് തയാറാക്കിയ ലേഖകന്‍ യൂണ്‍ ഹീ സൂണ്‍ പറയുന്നത് ലൈംഗിക വ്യാപാരത്തിലൂടെ ചൈനീസ് അധോലോകം ചുരുങ്ങിയത് 105 മില്യന്‍ ഡോളറിന്റെ ലാഭമുണ്ടാക്കുന്നുണ്ടെന്നാണ്. വ്യഭിചാരത്തിനിരയാകുന്നത് വെറും 30 ചൈനീസ് യുവാനു(നാല് യുഎസ് ഡോളര്‍) വേണ്ടിയാണെന്നും ഇദ്ദേഹം പറയുന്നു.

Comments

comments

Categories: World
Tags: North Korea