ഫോര്‍ഡ് മോട്ടോഴ്‌സില്‍ കൂട്ട പിരിച്ചുവിടല്‍ ആരംഭിച്ചു

ഫോര്‍ഡ് മോട്ടോഴ്‌സില്‍ കൂട്ട പിരിച്ചുവിടല്‍ ആരംഭിച്ചു

ആഗോളതലത്തില്‍ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് പദ്ധതി

ദുബായ്: ചിലവുകള്‍ വെട്ടിച്ചുരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഫോര്‍ഡ് മോട്ടോഴ്‌സില്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ ആരംഭിച്ചു. ആഗോളതലത്തില്‍ 10 ശതമാനം ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പ്രതിവര്‍ഷം 600 മില്യണ്‍ ഡോളര്‍ ലാഭിക്കാനാണ് കമ്പനിയുടെ ശ്രമം. വില്‍പ്പനയില്‍ പൊതുവെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച പശ്ചിമേഷ്യന്‍ വിപണിയില്‍ം എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്നത് വ്യക്തമായിട്ടില്ല.

ആഗോള തലത്തില്‍ വരുമാനത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതടക്കം ഫോര്‍ഡ് പുനഃസംഘടനാ പദ്ധതി നടപ്പിലാക്കുന്നത്. കമ്പനിയില്‍ നിന്നും ജീവനക്കാര്‍ സ്വമേധായ പിരിഞ്ഞുപോകല്‍, കമ്പനി മുന്‍കൈ എടുത്ത് ജീവനക്കാരെ പിരിച്ചുവിടല്‍ എന്നീ രീതികളില്‍ കൂട്ട പിരിച്ചുവിടല്‍ നടപ്പിലാക്കുമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ അറിയിപ്പില്‍ ഫോര്‍ഡ് സിഇഒ ജിം ഹാക്കെറ്റ് വ്യക്തമാക്കി. മത്സരാത്മമായ വിപണിയില്‍ പിടിച്ചുനില്‍ക്കുന്നതിനും മികച്ചൊരു ഭാവിക്കും വേണ്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കേണ്ടതും മാനേജര്‍മാരുടെ ശേഷി വര്‍ധിപ്പിക്കേണ്ടതും ചിലവ് കുറയ്‌ക്കേണ്ടതും അനിവാര്യമാണെന്ന് മെയിലില്‍ ഹാക്കെറ്റ് പറയുന്നു.

ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പത്ത് ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഏതാണ്ട് 7,000 ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ ഫോര്‍ഡില്‍ നിന്നും പുറത്തുപോകേണ്ടി വരിക. ഉന്നത തലങ്ങളിലുള്ള മാനേജര്‍മാരുടെ എണ്ണം 20 ശതമാനം വെട്ടിക്കുറയ്ക്കും. നിലവില്‍ 14 തലങ്ങളിലുള്ള മാനേജര്‍മാരാണ് ഫോര്‍ഡിലുള്ളത്. 2019 അവസാനത്തോടെ ഇത് ഒമ്പതായി വെട്ടിച്ചുരുക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് ഇ-മെയിലില്‍ ഹാക്കെറ്റ് വ്യക്തമാക്കി.

പൊതുവെ ഫോര്‍ഡ് വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്ന പശ്ചിമേഷ്യന്‍ വിപണിയിയെ ഉദ്യോഗസ്ഥരുടെ കൂട്ടപ്പിരിച്ചുവിടല്‍ എത്തരത്തില്‍ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല. പിരിച്ചുവിടലെന്നത് ആഗോളതലത്തില്‍ ഫോര്‍ഡ് മോട്ടോഴ്‌സ് നടപ്പിലാക്കുന്ന തീരുമാനമാണെന്നും ഓരോ രാജ്യത്തും എത്ര വീതം ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നത് ഉപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഫോര്‍ഡ് മിഡില്‍ ഈസ്റ്റ് വക്താവ് പറഞ്ഞു.

പശ്ചിമേഷ്യയില്‍ ഏതാണ്ട് ആറ് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫോര്‍ഡ് മോട്ടോഴ്‌സ് പ്രാദേശിക ഇംപോര്‍ട്ടര്‍ ഡീലര്‍മാരിലൂടെ മേഖലയിലെ 155ഓളം കേന്ദ്രങ്ങളില്‍ സജീവമാണ്. ഫോര്‍ഡ്, ലിങ്കണ്‍ ബ്രാന്‍ഡുകളിലുള്ള വാഹനങ്ങളാണ് ഇവിടെ കമ്പനി ഇറക്കുന്നത്. എതാണ്ട് 7,000ത്തോളം ഉദ്യോഗസ്ഥരാണ് പശ്ചിമേഷ്യയില്‍ ഫോര്‍ഡിനുള്ളത്. യുഎഇയില്‍ അല്‍ ടയര്‍ മോട്ടോഴ്‌സാണ് ഫോര്‍ഡിന്റെ ഡീലര്‍. മാര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും വലിയ ലിങ്കണ്‍ ഷോറൂം അല്‍ ടയര്‍ ദുബായില്‍ ആരംഭിച്ചിരുന്നു. പശ്ചിമേഷ്യന്‍ വിപണിയില്‍ ഈ വര്‍ഷം ആദ്യപാദം 47 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ലിങ്കണ്‍ ബ്രാന്‍ഡ് നേടിയത്. ഇതില്‍ 33 ശതമാനം വില്‍പ്പന വളര്‍ച്ച യുഎഇയിലും 82 ശതമാനം വില്‍പ്പന വളര്‍ച്ച കുവൈറ്റിലുമായിരുന്നു്.

എന്നാല്‍ ആഗോളതലത്തില്‍ 2019 തുടക്കം ഫോര്‍ഡിന് മെച്ചപ്പെട്ട വര്‍ഷമായിരുന്നില്ല. ആദ്യപാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 34 ശതമാനം ഇടിഞ്ഞ് 1.15 ബില്യണ്‍ ഡോളറായി കുറഞ്ഞു. ആകെ വരുമാനത്തില്‍ 4 ശതമാനം ഇടിവുണ്ടായി 40.3 ബില്യണ്‍ ഡോളറായി. അതേസമയം പശ്ചിമേഷ്യയെ കൂടാതെ വടക്കേ അമേരിക്ക, ചൈന, ആഫ്രിക്ക എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. എന്നാല്‍ യൂറോപ്പ്, തെക്കേ അമേരിക്ക, ഏഷ്യാപസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വില്‍പ്പന കുറഞ്ഞതായി ഏപ്രിലില്‍ കമ്പനി അറിയിച്ചു.

Comments

comments

Categories: Arabia
Tags: Ford motors