കൊളംബോയില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലുമായി ഇന്ത്യയും ജപ്പാനും

കൊളംബോയില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലുമായി ഇന്ത്യയും ജപ്പാനും

ചൈനയുടെ നിയന്ത്രണത്തിലുള്ള ഹംബന്‍ടോട്ട തുറമുഖം പ്രവര്‍ത്തനമാരംഭിക്കും മുന്‍പ് കൊളംബോയുടെ വികസനം പൂര്‍ത്തിയാക്കും

ടോക്യോ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിക്കാന്‍ ഇന്ത്യ-ജപ്പാന്‍-ശ്രീലങ്ക സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ധാരണാ പത്രം വൈകാതെ ഒപ്പുവെക്കുമെന്നും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ നിര്‍മാണം ആരംഭിക്കുമെന്നുമാണ് ജാപ്പനീസ് പത്രം നിക്കെയ് ഏഷ്യന്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നത്്. കൊളംബോ തുറമുഖത്തിന്റെ ദക്ഷിണ ഭാഗത്തെ കിഴക്കന്‍ കണ്ടെയ്‌നര്‍ ടെര്‍മിനലാണ് വികസിപ്പിക്കുക. കടലിന്റെ ആഴം വര്‍ധിപ്പിച്ചുകൊണ്ട് വലിയ കണ്ടെയ്‌നര്‍ കപ്പലുകളുടെ സഞ്ചാരത്തിനുതകുന്ന വിധം സൗകര്യമൊരുക്കും. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആര്‍ഐ) ഭാഗമായി ചൈന വികസിപ്പിക്കുന്ന ഹംബന്‍ടോട്ട തുറമുഖം പ്രവര്‍ത്തനമാരംഭിക്കും മുന്‍പ് കൊളംബോയുടെ വികസനം സാധ്യമാക്കാനാണ് പരിപാടി. കൊളംബോയുടെ വികസനം വൈകിയാല്‍ ചരക്കു നീക്കം ചൈനയുടെ നിയന്ത്രണത്തിലേക്കുള്ള ഹംബന്‍ടോട്ടയിലേക്ക് മാറുമെന്ന് ജപ്പാന്‍ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി ചേര്‍ന്നുള്ള നീക്കം.

യൂറോപ് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലകളെ ബന്ധിപ്പിക്കുന്ന കൊളംബോ ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമാണ്. ശ്രീലങ്കയുടെ കടല്‍മാര്‍ഗമുള്ള ചരക്കു നീക്കത്തിന്റെ 90 ശതമാനവും നടക്കുന്നത് ഇവിടം വഴിയാണ്. എന്നാല്‍ ഹംബന്‍ടോട്ട 99 വര്‍ഷത്തെ പാട്ടത്തിന് കൈവശമാക്കിയ ചൈന മേഖലയിലെ സമുദ്ര ഗതാഗതത്തെ നിയന്ത്രിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. പസഫിക്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഗതാഗതത്തെ നിയന്ത്രിക്കാനുള്ള ചൈനയുടെ പദ്ധതിക്കുള്ള മറുതന്ത്രമായി തന്നെയാണ് കൊളംബോയിലെ ഇന്ത്യ, ജപ്പാന്‍ ഇടപെടലിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത ഇടപെടല്‍ ചൈനയെ അലോസരപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. ബിആര്‍ഐക്ക് ബദലായി ഏഷ്യ ആഫ്രിക്ക ഗ്രോത്ത് കോറിഡോറെന്ന (എഎജിസി) നിക്ഷേപക പരിപാടി ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തി വരുന്നുണ്ട്.

Categories: FK News, Slider