ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഇടിവ് തുടരും

ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഇടിവ് തുടരും
  • രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധം പരിഹരിക്കാനായില്ലെങ്കില്‍ ആഗോള വ്യാപാര സാഹചര്യം രണ്ടാം പാദത്തില്‍ വീണ്ടും മോശമാകുമെന്നാണ് ഡബ്ല്യുടിഒ പറയുന്നത്
  • ലോക വ്യാപാര വീക്ഷണ സൂചികയുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുടിഒയുടെ വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലും ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍ തളര്‍ച്ച തുടരുമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ മുന്നറിയിപ്പ്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധം പരിഹരിക്കാനായില്ലെങ്കില്‍ വ്യാപാര സാഹചര്യം വീണ്ടും മോശമാകുമെന്നും ഡബ്ല്യുടിഒ അറിയിച്ചു.

ആഗോള തലത്തില്‍ ചരക്ക് വിഭാഗത്തിലെ വ്യാപാര വളര്‍ച്ച മോശം തലത്തില്‍ തന്നെ തുടരുമെന്നാണ് ഡബ്ല്യുടിഒയുടെ പുതിയ ലോക വ്യാപാര വീക്ഷണ സൂചിക (ഡബ്ല്യുടിഒഐ) വ്യക്തമാക്കുന്നത്. 96.3 എന്ന തലത്തിലാണ് ആദ്യ പാദത്തിലെ സൂചികയുള്ളത്. ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ സൂചികയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്രാപിക്കുകയോ മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ നയങ്ങള്‍ പരാജയപ്പെടുകയോ ചെയ്താല്‍ ആഗോള വ്യാപാര വീക്ഷണം കൂടുതല്‍ വഷളാകും. ലോക വ്യാപാര വീക്ഷണ സൂചികയില്‍ വലിയ പുരോഗതി ഒന്നും നിരീക്ഷിക്കാനായിട്ടില്ലെന്നും ഡബ്ല്യുടിഒ വ്യക്തമാക്കി. വ്യാപാരവുമായി ബന്ധപ്പെട്ട നിരവധി സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഡബ്ല്യുടിഒഐ തയാറാക്കിയിട്ടുള്ളത്.

സൂചിക അനുസരിച്ച് അന്താരാഷ്ട്ര വിമാന ചരക്ക്‌നീക്കവും ഓട്ടോമൊബീല്‍ ഉല്‍പ്പാദനവും വില്‍പ്പനയും കാര്‍ഷിക അസംസ്‌കൃത വസ്തുക്കളുടെ വില്‍പ്പനയും കാണിക്കുന്ന സൂചികയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്‌നര്‍ പോര്‍ട്ട് വഴിയുള്ള ചരക്ക്‌നീക്കത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി ഓര്‍ഡറുകളുടെയും ഇലക്ട്രോണിക് കംപോണന്റുകളുടെയും സൂചിക 100ല്‍ താഴെയാണ്.

സൂചിക 100ലാണ് ചലിക്കുന്നതെങ്കിലാണ് വ്യാപാര പ്രവര്‍ത്തനങ്ങളിലെ പുരോഗതി സൂചിപ്പിക്കുന്നത്. നടപ്പുവര്‍ഷം ആഗോള വ്യാപാര വളര്‍ച്ച 2.6 ശതമാനമായി ചുരുങ്ങുമെന്നാണ് ഡബ്ല്യുടിഒയുടെ നിഗമനം. 2018ല്‍ ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വ്യാപാര ആശങ്കകള്‍ ഉയരുകയും സാമ്പത്തിക അസ്ഥിരത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. ഇന്നും അതിന് വിരാമമായിട്ടില്ല. സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള യുഎസിന്റെ സംരക്ഷണവാദ നടപടിയാണ് വ്യാപാര യുദ്ധത്തിലേക്ക് നയിച്ചത്. നിലവില്‍ ചൈനയില്‍ നിന്നുള്ള 200 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി യുഎസ് തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Business & Economy
Tags: Global trade