ഫേസ്ബുക്കിന്റെ ‘ഡെയ്‌സി’ റോബോട്ടിനെ പരിചയപ്പെടാം

ഫേസ്ബുക്കിന്റെ ‘ഡെയ്‌സി’ റോബോട്ടിനെ പരിചയപ്പെടാം

സ്വയം പഠന രീതികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായ റോബോട്ടുകളെ വികസിപ്പിച്ചെടുക്കുകയാണു ഫേസ്ബുക്ക്. ഇതു പക്ഷേ, വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടിയല്ല, പകരം ഫേസ്ബുക്ക് അഭിമുഖീകരിക്കുന്ന അനുദിന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ്. അതോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മെച്ചപ്പെട്ട തലത്തിലേക്കു കൊണ്ടു പോവുകയെന്നതും ഫേസ്ബുക്കിന്റെ ലക്ഷ്യമാണ്.

ലോകത്തിലെ പ്രമുഖ സമൂഹമാധ്യമ ശൃംഖലയായ ഫേസ്ബുക്ക്, റോബോട്ടിക്‌സില്‍ ഗവേഷണം നടത്തുകയാണെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ അത് അല്‍പം വിചിത്രമായി തോന്നാം. പക്ഷേ, അതാണു യാഥാര്‍ഥ്യം. ഒരു സൂക്ഷ്മ ജീവിയുടെ വലിയ രൂപത്തെ പോലെയിരിക്കുന്നതാണു ഫേസ്ബുക്ക് വികസിപ്പിച്ചെടുത്തിരിക്കുന്ന ഡെയ്‌സി എന്നു പേരുള്ള റോബോട്ട്. ഈ റോബോട്ടിന് ആറ് കാലുകളുണ്ട്. ഫേസ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ചിന്റെ (FAIR) ഭാഗമായുള്ള ഒരു റോബോട്ട് സയന്‍സ് പ്രൊജക്റ്റാണു ഡെയ്‌സി. ഒരു വര്‍ഷമായി, ശാസ്ത്രജ്ഞര്‍ ഈ റോബോട്ടിനെ എങ്ങനെ നടക്കാമെന്നും, വസ്തുക്കളെ മനസിലാക്കാമെന്നും പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മനുഷ്യന്‍ എപ്രകാരമാണു നടക്കാനും, വസ്തുക്കളെ മനസിലാക്കുവാനുമുള്ള കഴിവുകള്‍ നേടുന്നത് ? ചുറ്റുമുള്ള ലോകം പര്യവേക്ഷണം ചെയ്തും, പരീക്ഷണങ്ങള്‍ നടത്തിയും, തെറ്റുകള്‍ തിരുത്തിയുമൊക്കെയാണ്. അതു പോലെ തന്നെ റോബോട്ടും ഈ കഴിവുകള്‍ ആര്‍ജ്ജിച്ചെടുക്കണമെന്നതാണു ഫേസ്ബുക്കിലെ ശാസ്ത്രജ്ഞര്‍ റോബോട്ടിക്‌സില്‍ നടത്തുന്ന ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. റോബോട്ടിക്‌സില്‍ ഇപ്പോള്‍ ഫേസ്ബുക്ക് നടത്തുന്ന ഗവേഷണം അവരുടെ ഒക്യുലസ് വെര്‍ച്വല്‍ റിയല്‍റ്റി ഹെഡ്‌സെറ്റ് (Oculus virtual reality headsets) പോലുള്ളതോ, പോര്‍ട്ടല്‍ വീഡിയോ ചാറ്റ് ഡിവൈസ് (Portal video chat device) പോലുള്ളതോ ആയ ഒരു പുതിയ തരം ഉത്പന്നം നിര്‍മിക്കുന്നതിന്റെ ഭാഗവുമല്ല. പകരം റോബോട്ടിക്‌സിലുള്ള ഗവേഷണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗുണനിലവാരത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നു തിരിച്ചറിഞ്ഞതു കൊണ്ടാണെന്നു ഫേസ്ബുക്ക് പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്നേറിയാല്‍ വ്യാജ വാര്‍ത്തകളുടെ പ്രചരണം, വിദ്വേഷ ഭാഷണം, നഗ്നത പ്രദര്‍ശിപ്പിക്കല്‍ എന്നിവ പോലുള്ള കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഫേസ്ബുക്കിന് എളുപ്പം സാധിക്കുമെന്നും കരുതുന്നുണ്ട്. ഇപ്പോള്‍ ഫേസ്ബുക്ക് അഭിമുഖീകരിക്കുന്നതും ഈ പ്രശ്‌നത്തെ നേരിടുകയെന്നതാണ്. അതിനു പുറമേ യൂസര്‍ ശ്രദ്ധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫേസ്ബുക്കിനെ സഹായിക്കുകയും ചെയ്യും.

ഇന്നു ഫേസ്ബുക്കിനു പുറമേ ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ എഐ ഗവേഷണത്തിനുള്ള മാര്‍ഗമായി കാണുന്നത് റോബോട്ടിക്‌സിലാണ്. റോബോട്ടുകളെ നിയന്ത്രിക്കുന്നത്, പലവിധത്തിലും, ബോര്‍ഡ് ഗെയിം, വീഡിയോ ഗെയിം എന്നിവ കളിക്കുന്നതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതുമാണ്.ഫേസ്ബുക്കിന്റെ റോബോട്ടിക്‌സിലുള്ള ഗവേഷണമാകട്ടെ, വൈവിധ്യമാര്‍ന്നതാണ്. കഴിഞ്ഞ ദിവസം റോബോട്ടിക്‌സ് ഗവേഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്തുവിടുകയുണ്ടായി. മൂന്ന് ഗവേഷണ പേപ്പറുകളെ കുറിച്ചുള്ള വിവരങ്ങളാണു പുറത്തുവിട്ടത്. അതില്‍ ഒന്നാമത്തെ പേപ്പര്‍ വിശദീകരിക്കുന്നത്, പരീക്ഷണങ്ങളിലൂടെയും പിഴവുകളിലൂടെയും എങ്ങനെ നടക്കാമെന്ന് ആറ് കാലുള്ള ഡെയ്‌സി എന്ന റോബോട്ടിനെ സ്വയം പഠിപ്പിക്കുന്നതാണ്. രണ്ടാമത്തെ പേപ്പറില്‍ റോബോട്ടിക് ആം (യന്ത്ര കൈ)നെ കുറിച്ചാണു വിശദീകരിക്കുന്നത്. ഒരു കാര്യം വേഗം പഠിക്കാന്‍ റോബോട്ടിക് കൈകളെ സജ്ജരാക്കും. ഈ കൈകള്‍ക്കു പന്ത് ഉരുട്ടുന്നതു പോലുള്ള ലളിതമായ പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കാന്‍ പ്രേരിപ്പിക്കും വിധമാണു ഗവേഷണം പുരോഗമിക്കുന്നത്. മൂന്നാമത്തെ പേപ്പറില്‍ വിശദീകരിക്കുന്നതു സ്പര്‍ശനം തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സറുകള്‍ ഘടിപ്പിച്ച മനുഷ്യന്റേതു പോലുള്ള കൈകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്. മുന്‍കൂട്ടി തയാറാക്കിയ പാഠങ്ങള്‍ റോബോട്ടുകളെ പഠിപ്പിക്കുന്നതിനേക്കാള്‍, അനുഭവങ്ങളില്‍നിന്നും സ്വയം പഠിക്കാന്‍ പ്രേരിപ്പിക്കുന്നതിലാണു ഫേസ്ബുക്കിന്റെ ഈ മൂന്നു ഗവേഷണങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. മേയ് 20നു ഫേസ്ബുക്ക് പബ്ലിഷ് ചെയ്ത് ബ്ലോഗ് പോസ്റ്റിലാണു മൂന്ന് റോബോട്ടിക് പ്രൊജക്റ്റുകളെ കുറിച്ചു വിശദീകരിക്കുന്നത്.

ഫെയര്‍ എന്ന ഫേസ്ബുക്കിന്റെ റിസര്‍ച്ച് ലാബ് 

ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലാബാണു ഫെയര്‍ (FAIR) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.2013 ഡിസംബറിലാണ് ഇതിനു തുടക്കമിട്ടത്. എഐ ഗവേഷണത്തിനായി കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ആസ്ഥാനകേന്ദ്രത്തിലാണ് ഫെയര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ഫേസ്ബുക്കിന് സര്‍വസജ്ജരായ ശാസ്ത്രജ്ഞരാണുള്ളത്. ഇപ്പോള്‍ ഈ ലാബിലുള്ള ശാസ്ത്രജ്ഞര്‍ പ്രധാനമായും മൂന്ന് പ്രൊജക്റ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്നാമത്തേത്, രണ്ട് കൈകളുള്ള റോബോട്ടിന്റെ വികസനം, രണ്ടാമത്തേത്, ആറ് കാലുകളുള്ള റോബോട്ടിന്റെ വികസനം, മൂന്നാമത്തേത് സ്പര്‍ശനം തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സറുള്ള റോബോട്ടിന്റെ വികസനം. ഈ പദ്ധതികള്‍ക്കായി ഫേസ്ബുക്കിലെ ശാസ്ത്രജ്ഞരെ സഹായിക്കാന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള കമ്പ്യൂട്ടര്‍ സയന്റിസ്റ്റുകളുമുണ്ട്.

റോബോട്ടിക് ഗവേഷണം ഊര്‍ജ്ജിതമാക്കി പ്രമുഖ കമ്പനികള്‍

ഇന്ന് പ്രമുഖ ടെക് കമ്പനികള്‍ റോബോട്ടിക് ഗവേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. റോബോട്ടുകള്‍ ഭാവിയില്‍ ജനങ്ങളുടെ ജീവിതത്തില്‍ വഹിക്കാന്‍ പോകുന്ന പങ്ക് വളരെ വലുതായിരിക്കുമെന്നു മനസിലാക്കിയതു കൊണ്ടാണു ഗവേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ എഐ ഗവേഷണവിഭാഗമായ ഫെയര്‍ കാലിഫോര്‍ണിയയിലാണെങ്കിലും, മോണ്‍ട്രിയല്‍, ന്യൂയോര്‍ക്ക്, പാരീസ്, ടെല്‍ അവീവ് എന്നിവിടങ്ങളിലും ഫെയറിനു സെന്ററുകളുണ്ട്. ഗൂഗിളിനാകട്ടെ, എഐ ലാബുകള്‍ ചൈനയിലും, ഫ്രാന്‍സിലും, ഘാനയിലുമുണ്ട്.

Comments

comments

Categories: Top Stories
Tags: Daisy robot