തിരഞ്ഞെടുപ്പും വ്യാപാരവും സ്ട്രാറ്റജി കണ്ണിലൂടെ

തിരഞ്ഞെടുപ്പും വ്യാപാരവും സ്ട്രാറ്റജി കണ്ണിലൂടെ

ചാനലുകളിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കൂടി വന്നതോടെ പുതിയ സംരംഭത്തിനും നിക്ഷേപങ്ങള്‍ക്കുമായുള്ള ആവേശം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത് അങ്ങേയറ്റം അപകടകരമായിരിക്കും. തെരഞ്ഞെടുപ്പിന്റെ ഫലം വരെ കാത്തിരുന്ന്, സര്‍ക്കാറിന്റെ ഘടന ബോധ്യപ്പെട്ട ശേഷം തീരുമാനമെടുക്കുന്നതാവും ഉചിതം

ഞാന്‍ ഇതെഴുതുന്നത് തിരൂരിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പച്ചപ്പിന്റെയും പുഴയുടെയും ഭംഗി ആസ്വദിച്ചുകൊണ്ടാണ്. അവിടത്തെ അന്തേവാസികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയം മാത്രം, ‘ആരാ ജയിക്കുക? മോഡി ജയിച്ചാല്‍ ഗുണമുണ്ടോ? കോണ്‍ഗ്രസ് വന്നാല്‍ എന്ത് സംഭവിക്കും?’ പിന്നെ, തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് പറയുന്ന കുറെ ‘ടീംസ്’ അവിടെ കട്ടക്ക് തര്‍ക്കിക്കുന്നുണ്ട്; കേരളത്തില്‍ എന്ത് സംഭവിക്കും എന്നതിനെപ്പറ്റി.

നമുക്ക് വിഷയത്തിലേക്ക് വരാം. സത്യത്തില്‍ ഏതൊരു വ്യാപാരിയെയും സംരംഭകനെയും സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു വലിയ വിഷയം തന്നെയാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള മമതയുടെ പേരില്‍, അവര്‍ തീര്‍ച്ചയായും അധികാരത്തില്‍ വരുമെന്ന് പല ചാനലുകളിലും പറയുന്നത് കേട്ട് പുതിയ സംരംഭവുമായി ഇറങ്ങിപ്പുറപ്പെട്ട രണ്ടു മൂന്നു യുവാക്കളെ കഴിഞ്ഞ മാസങ്ങളില്‍ ബെംഗളൂരുവില്‍ കണ്ടിരുന്നു. എത്ര വലിയ ചൂതാട്ടമാണ് അവര്‍ നടത്തുന്നത് എന്ന് ആലോചിച്ചു നോക്കൂ. ഫല പ്രഖ്യാപനം വന്നു മന്ത്രിസഭാ ഘടന ഉണ്ടാവുന്നത് വരെ കാത്തിരിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. ഇല്ലെങ്കില്‍, ഒന്നാലോചിച്ചു നോക്കൂ… പുതിയ ഒരു സര്‍ക്കാര്‍ വരികയും ജിഎസ്ടി എടുത്തുമാറ്റുകയോ ലൈസന്‍സ് രാജ് കൊണ്ടുവരികയോ ചെയ്താല്‍ ഇപ്പോള്‍ നിങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ക്ക് അത് വലിയ തിരിച്ചടി തന്നെയാവില്ലേ?

ഇനി ആര്‍ക്കാണ് സാധ്യത എന്നത് സംബന്ധിച്ച് നമുക്ക് ചില സ്ഥിതിവിവരക്കണക്കുകള്‍ നോക്കാം. ജ്യോതിഷമോ സംഖ്യാ ശാസ്ത്രമോ അല്ല, തികച്ചും അനലിറ്റിക്‌സ് മാത്രം. നല്ല സാമ്പത്തിക പ്രവര്‍ത്തനം, ഗ്രാമീണ വേതന വര്‍ദ്ധനവ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരവലോകനം. 2009, 2014 എന്നീ വര്‍ഷങ്ങളില്‍ ശ്രമിച്ചു വിജയിച്ച പരീക്ഷണം.

1. ജിഡിപി ഉയര്‍ച്ച: വളരെ പ്രധാനപ്പെട്ട ഒരു വസ്തുത, മുന്‍പ് ഭരിച്ച സര്‍ക്കാരുകള്‍ എപ്പോഴൊക്കെ ജിഡിപി വളര്‍ച്ചയില്‍ നല്ല മുന്നേറ്റം കൈവരിച്ചുവോ അപ്പോഴെല്ലാം അവര്‍ക്ക് തുടര്‍ ഭരണം ലഭിച്ചു എന്നതാണ്. അത് പോലെ ജിഡിപി തകര്‍ന്നടിഞ്ഞപ്പോള്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തു.

2. ഗ്രാമീണ വേതന വര്‍ധന: ഭാരതത്തിന്റെ ജീവനാഡി എന്ന് പറയുന്നത് തന്നെ ഗ്രാമാന്തരങ്ങളാണ്. അതായത് കൃഷിക്കാര്‍. അവരുടെ ജീവിത നിലവാരത്തില്‍ വരുന്ന വര്‍ധനയും കുറവും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.

അങ്ങനെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിലെ ജിഡിപിയില്‍ വന്ന ഉയര്‍ച്ച മോഡി സര്‍ക്കാരിന് ഗുണകരമാകുമെങ്കിലും കര്‍ഷകരുടെ ആശങ്കകള്‍ ഇതിനെ എത്രമാത്രം ലഘൂകരിക്കും എന്ന് കാണേണ്ടതുണ്ട്. പക്ഷേ എന്‍ഡിഎ നടപ്പാക്കിയ റോഡ് വികസന പദ്ധതികള്‍, എല്ലാവര്‍ക്കും ശൗചാലയം, മുദ്ര ലോണ്‍, നമാമി ഗംഗേ എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ വിജയ സാധ്യത ഉയര്‍ന്ന് കാണുന്നു. എന്നിരുന്നാലും കര്‍ഷകരെ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കാത്തതിന്റെ പ്രതിഫലനം സീറ്റുകളില്‍ ഉണ്ടായേക്കാം. അത് കൊണ്ടുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയം ഉണ്ടാവില്ല എന്ന് വേണം കരുതാന്‍. അപ്പോള്‍ സ്വാഭാവികമായി കൂട്ടുകക്ഷികളെ പ്രീതിപ്പെടുത്തേണ്ടി വരും. അതുകൊണ്ടു തന്നെ പരിഷ്‌കാരങ്ങള്‍ മന്ദഗതിയിലാവാം. പക്ഷെ സ്‌കില്‍ ഇന്ത്യ തുടങ്ങി പല പദ്ധതികളും ആരംഭിച്ചത് കൊണ്ട് യോഗ്യരായ തൊഴിലാളികളെ ലഭിക്കുവാന്‍ തുടങ്ങും.

അപ്പോള്‍ സംരംഭകര്‍ ചെയ്യേണ്ടത് എന്താണ്? എടുത്തു ചാടി വലിയ നിക്ഷേപം നടത്തുന്നതിന് പകരം, നല്ല വിധത്തില്‍ വിപണിയെ പഠിക്കുക. നിങ്ങളുടെ കമ്പനിയെ അനലിറ്റിക്‌സ്, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ ശക്തമാക്കണം. 996 ജീവിതചര്യയിലേക്ക് മാറാനുതകുന്ന വിധം തൊഴിലാളികളെ തയ്യാറാക്കുകയും വേണം.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റെജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special