ഇന്‍ഫോസിസില്‍ ‘ക്രോര്‍പതി’ എക്‌സിക്യൂട്ടീവുകള്‍ കൂടുന്നു

ഇന്‍ഫോസിസില്‍ ‘ക്രോര്‍പതി’ എക്‌സിക്യൂട്ടീവുകള്‍ കൂടുന്നു
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം 64 സീനിയര്‍ എക്‌സിക്യൂട്ടീവുകളാണ് ഒരു കോടി രൂപയിലധികം പ്രതിഫലം വാങ്ങിയത്
  • 2017-2018ല്‍ 30 സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ ഒരു കോടി രൂപയിലധികം പ്രതിഫലം വാങ്ങിയ സ്ഥാനത്താണിത്

ബെംഗളൂരു: ഇന്‍ഫോസിസില്‍ ഒരു കോടി രൂപയിലധികം പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളുടെ എണ്ണം ഇരട്ടിയിലധികമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയിലെ 60ല്‍ അധികം സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ ഒരു കോടി രൂപയിലധികം പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം 30തോളം എക്‌സിക്യൂട്ടീവുകള്‍ക്കാണ് ാെരു കോടി രൂപയിലധികം ശമ്പളമുണ്ടായിരുന്നത്.

മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ജീവനക്കാര്‍ക്ക് ഓഹരികള്‍ നല്‍കാന്‍ അനുവദിക്കുന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയതിന് ശേഷം നിരവധി സീനിയര്‍ എക്‌സിക്യൂട്ടീവുകളുടെ പ്രതിഫലത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2017-2018 സാമ്പത്തിക വര്‍ഷം മുപ്പതോളം ജീവനക്കാര്‍ക്കാണ് 1.02 കോടി രൂപയിലധികം ശമ്പളം കിട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ ാെരു കോടി രൂപയിലധികം ശമ്പളമുള്ളവരുടെ എണ്ണം 64 ആയി.

കമ്പനിയിലെ പ്രധാന മാനേജേരിയല്‍ തസ്തികയില്ലാത്തവരുടെ പ്രതിഫലത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. കോര്‍പ്പറേറ്റ് സ്ട്രാറ്റജി വിഭാഗം മേധാവി ദീപക് പഡാകിയുടെ മൊത്തം പ്രതിഫലത്തില്‍ 75 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്. 2017-2018ല്‍ 1.81 കോടി രൂപയായിരുന്ന അദ്ദേഹത്തിന്റെ പ്രതിഫലം ഇതോടെ 3.16 കോടി രൂപയിലെത്തി.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഇമിഗ്രേഷന്‍ വിഭാഗം മേധാവിയുമായ കൗഷിക് ആര്‍ എന്നിന്റെ പ്രതിഫലത്തില്‍ 41 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. ഗ്ലോബല്‍ ടാലന്റ്, ടെക്‌നോളജി വിഭാഗം മേധാവി ബിനോദ് ഹംപാപൂരിന്റെ പ്രതിഫലം 30 ശതമാനത്തിലധികം വര്‍ധിച്ച് 5.2 കോടി രൂപയിലധികമായി.

ശമ്പളം കൂടാതെയുള്ള ഓഹരി ആനുകൂല്യങ്ങളില്‍ നിന്നുള്ള ലാഭം വര്‍ധിച്ചതാണ് ഈ ജീവനക്കാരുടെ പ്രതിഫലത്തിലുണ്ടായ വര്‍ധനയില്‍ പ്രധാന പങ്കുവഹിക്കുന്നത്. സ്ഥിര ശമ്പളം, ശമ്പളം കൂടാതെയുള്ള ആനുകൂല്യങ്ങള്‍, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ഓഹരി ആനുകൂല്യം എന്നിവയാണ് മൊത്തം പ്രതിഫലത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍ഫോസിസിലെ ഒരു ശരാശരി ജീവനക്കാരന്‍ വാങ്ങിയ പ്രതിഫലം 6.2 ലക്ഷം രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധനയാണ് ഇവരുടെ പ്രതിഫലത്തിലുണ്ടായത്. മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കിടയില്‍ കമ്പനി സിഇഒ സലില്‍ പരേഖ് വാങ്ങുന്ന പ്രതിഫലം 24.6 കോടി രൂപയാണ്. 7.6 കോടി രൂപയുടെ ഓഹരി ആനുകൂല്യം ഉള്‍പ്പെടെയാണിത്.

9.1 കോടി രൂപയാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യുബി പ്രവീണ്‍ റാവു കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയ ശമ്പളം. ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷിക്ക് 15 കോടി രൂപ ലഭിച്ചു. ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രവി കുമാര്‍ എസിന്റെ ശമ്പളം 13.2 കോടി രൂപയായിരുന്നു.

ഇന്‍ഫോസിസിന്റെ എതിരാളികളായ ടിസിഎസില്‍ സിഇഒ രാജേഷ് ഗോപിനാഥന്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയ പ്രതിഫലം 16 കോടി രൂപയാണ്. ഇന്‍ഫോസിസിന്റെ ശമ്പള വര്‍ധന വ്യത്യസ്തമായ രീതിയിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരുടെ ശമ്പള വര്‍ധന ശരാശരി ജീവനക്കാരനെ അപേക്ഷിച്ച് വളരെ കൂടുതലായിരക്കും.

Comments

comments

Categories: FK News