രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ഉയരുന്നു

രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ഉയരുന്നു

സാംക്രമികേതര രോഗി(എന്‍സിഡി)കളുടെ എണ്ണമെടുക്കാന്‍ നടത്തിയ സര്‍വേയില്‍ പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉയര്‍ന്നു വരുന്നതില്‍ കടുത്ത ആശങ്ക. രണ്ടു ഘട്ടങ്ങളിലായി, ഹൈദരാബാദിലെ 11 ജില്ലകളില്‍ നടത്തിയ സര്‍വേകളിലാണിത് വ്യക്തമായത്. 32 ലക്ഷം പേരില്‍ രോഗനിര്‍ണയം നടത്തിയപ്പോള്‍ 2.72 ലക്ഷം രോഗികള്‍ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിതരാണെന്നും 1.69 ലക്ഷം പ്രമേഹ രോഗികളാണെന്നും വ്യക്തമായി. ജംഗാവ്, സിദ്ദീപ്പേട്ട്, കരിംനഗര്‍, പെഡപ്പള്ളി, മേഡക്, വാറങ്കല്‍ അര്‍ബന്‍, വാറംഗല്‍ റൂറല്‍, രാജണ്ണ, സിര്‍സില്ല, ജഗിത്യാല്‍, ഭൂപലപള്ളി എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. രക്താദിസമ്മര്‍ദ്ദമാണ് ഏറ്റവും കൂടുതല്‍ പേരില്‍ കണ്ടെത്തിയത്. ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മാരകരോഗമാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദ്ദം. അനാരോഗ്യകരമായ ജീവിതശൈലിയോ ജോലി സംബന്ധമായ സമ്മര്‍ദ്ദമോ ആണ് ഇത് ഇന്ത്യക്കാരില്‍ വളര്‍ത്തുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനെടുക്കാന്‍ പോന്ന തരത്തില്‍ ഇത് വളരുമ്പോഴും പലരും ഇത് തിരിച്ചറിയുന്നില്ലന്നതാണ് ഏറ്റവും വലിയ അപകടം. തൊട്ടു പിന്നില്‍ പ്രമേഹമാണ്. വിളര്‍ച്ച, ഹൃദ്രോഗം, വൃക്ക രോഗം, പക്ഷാഘാതം, അര്‍ബുദം, അസ്ഥിപൊട്ടല്‍, കാഴ്ച-ശ്രവണ വൈകല്യങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയാണ് മറ്റു പ്രധാന രോഗങ്ങള്‍. അടുത്തഘട്ട സര്‍വേ ജൂണ്‍ ഒന്നിന് ആരംഭിക്കും. ഹൃദ്രോഗ നിര്‍ണയത്തിനു പുറമെ, വൃക്ക, നാഡീപര്യയന വ്യവസ്ഥ എന്നിവ സംബന്ധിച്ച രോഗങ്ങളും പരിശോധിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് അടുത്ത ഘട്ടം തുടങ്ങും. ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന വൃദ്ധരും ദരിദ്രരും ചികില്‍സ ലഭിക്കാതെ കഴിയുന്നവരാണ്. രോഗബാധിതരായ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാനും മരണങ്ങള്‍ തടയാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Comments

comments

Categories: Health