തകര്‍ക്കാമെന്ന് കരുതേണ്ടെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി; യുറേനിയം സമ്പുഷ്ടീകരണം നാലിരട്ടിയാക്കി

തകര്‍ക്കാമെന്ന് കരുതേണ്ടെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി; യുറേനിയം സമ്പുഷ്ടീകരണം നാലിരട്ടിയാക്കി

ഭീഷണിപ്പെടുത്തരുത്, ബഹുമാനിക്കാന്‍ ശ്രമിക്കൂ, അത് ചിലപ്പോള്‍ ഫലം കാണുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

ടെഹ്‌റാന്‍: ഭീഷണിയുടെ സ്വരത്തിലല്ല, ബഹുമാനത്തോടെ ടെഹ്‌റാനെ അഭിസംബോധന ചെയ്യണമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി. കൈയ്യേറ്റക്കാര്‍ രാജ്യം വിട്ടതിന് ശേഷം സഹസ്രാബ്ദക്കാലം തലയുയര്‍ത്തി പിടിച്ചവരാണ് ഇറാന്‍ ജനതയെന്നും സാമ്പത്തിക തീവ്രവാദത്തിലൂടെയും വംശഹത്യ ആരോപണത്തിലൂടെയും ഇറാനെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് തിരിച്ചടിച്ചു. മുന്‍തീരുമാനപ്രകാരം 2015ലെ ആണവ കരാറില്‍ നിന്നും പിന്മാറുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു. ആണവായുധ നിര്‍മ്മാണത്തിന് സമ്മതിക്കില്ലെന്ന ട്രംപിന്റെ വെല്ലുവിളിയുടെ മുനയൊടിച്ച് കൊണ്ടാണ് ഇറാന്‍ ആണവായുധ നിര്‍മാണത്തിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണശേഷി വര്‍ധിപ്പിച്ചിരിക്കുന്നത്.

യുദ്ധമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ഇറാന്റെ നാശത്തിനുള്ളതാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ പോസ്റ്റിന് ട്വിറ്ററിലൂടെ തന്നെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മറുപടി നല്‍കിയത്. ”ഇറാനെ ഭീഷണിപ്പെടുത്തരുത്. ബഹുമാനിക്കാന്‍ ശ്രമിക്കൂ, അത് ചിലപ്പോള്‍ ഫലം കാണും”. ഒരിക്കല്‍ കൂടി അമേരിക്കയെ ഭീഷണിപ്പെടുത്തരുതെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടിയെന്നോണം സരീഫ് ട്വിറ്ററില്‍ കുറിച്ചു.

പശ്ചിമേഷ്യയില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇറാന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ വലിയ സന്നാഹത്തോടെ അതിനെ നേരിടുമെന്നും കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയോട് തികഞ്ഞ വിദ്വേഷത്തോടെ പെരുമാറുന്നവരാണെങ്കില്‍ കൂടിയും ഇറാനുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകളോടും നയതന്ത്രനീക്കങ്ങളോടും തനിക്ക് അനുകൂല നിലപാടാണ് എന്നറിയിച്ച ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൊഹാനി പക്ഷേ, നിലവിലെ സാഹചര്യത്തില്‍ അത്തരം ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് പറ്റിയ സാഹചര്യമല്ല ഇന്നത്തേതെന്നും പ്രതിരോധിക്കുക എന്ന ഒറ്റ പോംവഴിയേ ഞങ്ങള്‍ക്ക് മുമ്പിലുള്ളു എന്നും റൊഹാനി പറഞ്ഞു.

യുറേനിയം സമ്പുഷ്ടീകരണം

ആണവ കരാറില്‍ നിന്നും ഭാഗികമായി പിന്മാറുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് നിലവാരം കുറഞ്ഞ യുറേനിയത്തിന്റെ സമ്പുഷ്ടീകരണം ഇറാന്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഇറാന്റെ ആണവ ഏജന്‍സി വക്താവായ ബെഹ്രോസ് കമാല്‍വന്‍ഡിയെ ഉദ്ധരിച്ച് അര്‍ദ്ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും തസ്‌നീമുമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ച കാര്യം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അറിയിച്ചതായും കമാല്‍വന്‍ഡി തസ്‌നീമിനോട് പറഞ്ഞു.

ഉപരോധം പിന്‍വലിക്കുന്നതിന് പകരമായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം 300 കിലോഗ്രാമായി പരിമിതപ്പെടുത്തണമെന്നതായിരുന്നു 2015ലെ ആണവകരാറിലെ ഒരു വ്യവസ്ഥ. ആണവായുധ നിര്‍മാണ സാധ്യത ഇല്ലാതാക്കുന്നതിനായി രാജ്യത്തെ ആണവോര്‍ജ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ട അളവില്‍ മാത്രം യുറേനിയം സമ്പുഷ്ടീകരണം നടത്താന്‍ ഇറാനെ അനുവദിക്കുക, ഏതെങ്കിലും കാരണവശാല്‍ അധികമായി യുറേനിയം സമ്പുഷ്ടീകരണം നടന്നാല്‍ അത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ നിര്‍ദ്ദേശിക്കുക എന്നതായിരുന്നു കരാറിലെ മറ്റ് രാഷ്ട്രങ്ങളുടെ ലക്ഷ്യം. എന്നാല്‍ ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറുകയും ഇറാന് മേല്‍ വീണ്ടും ഉപരോധം കൊണ്ടുവരികയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കരാറില്‍ നിന്നും ഭാഗികമായി പിന്മാറുകയാണെന്ന് ഇറാന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കരാര്‍ നിലനിര്‍ത്തുന്നതിന് വേണ്ടി അംഗരാഷ്ട്രങ്ങള്‍ക്ക് 60 ദിവസ സമയമാണ് ഇറാന്‍ അനുവദിച്ചിരിക്കുന്നത്.

കരാര്‍ നിബന്ധനകള്‍ പാലിച്ചിരുന്ന സമയത്ത് 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണം നടത്താനേ ഇറാന് സാധിച്ചിരുന്നുള്ളു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ 90 ശതമാനത്തില്‍ വളരെയധികം കുറവാണിത്. കരാര്‍ നിലവില്‍ വരുന്നതിന് മുമ്പ് 20 ശതമാനം യുറേനിയം സമ്പുഷ്ടീകരണമാണ് ഇറാന്‍ നടത്തിയിരുന്നത്. അണുവായുധം നിര്‍മിക്കാന്‍ ഒരിക്കലും ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളില്ലാണ് ഇറാന്‍ അണുവായുധ നിര്‍മാണത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണശേഷി വര്‍ധിപ്പിക്കുന്നത്.

പ്രതിസന്ധി രൂക്ഷമാകുന്നു

ഇറാനില്‍ നിന്നുമുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം ട്രംപ് ഭരണകൂടം ഗള്‍ഫിലുടനീളം ബോംബര്‍ വിമാനങ്ങളും വിമാന വാഹിനികളും വിന്യസിച്ചതിന് പിന്നാലെയാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചിരിക്കുന്നത്. യുഎഇയിലും സൗദി അറേബ്യയിലും ഇറാഖിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്കയുടെ അനുമാനം. ഇറാന്‍ പിന്തുണയോടെയുള്ള ഇറാഖ് സായുധ സംഘങ്ങളില്‍ നിന്നുള്ള ആക്രമണസാധ്യത കണക്കിലെടുത്ത് ഇറാഖ് വിടണമെന്ന് അമേരിക്ക അവരുടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടെ ഇറാനും അമേരിക്കയും തമ്മിലുണ്ടാകാന്‍ സാധ്യതയുള്ള യുദ്ധത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ ഇറാഖ് എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഗള്‍ഫ് പ്രതിസന്ധി മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോ

പശ്ചിമേഷ്യന്‍ പ്രതിസന്ധി ആഗോളതലത്തിലും ആശങ്കയാകുന്നുണ്ട്. പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും വാക്‌പോരും യുദ്ധത്തിലേക്ക് നയിക്കുന്ന പ്രവൃത്തികളും കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ വക്താവ് സ്റ്റീഫന്‍ ദുജറിക് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. അമേരിക്കയുടെ പ്രശ്‌ന പരിഹാര നീക്കത്തെ ഇറാന്‍ സംശയിക്കരുതെന്ന് ബ്രിട്ടനിലെ വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടും ആവശ്യപ്പെട്ടു. യാദൃശ്ചികമായി തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന മേഖലയായതിനാല്‍ നിലവിലെ പ്രതിസന്ധി ഇല്ലാതാക്കുകയാണ് വേണ്ടതെന്നും ഹണ്ട് ആവശ്യപ്പെട്ടു.

ഇതിനിടെ ഒമാന്‍ വിദേശകാര്യ സഹമന്ത്രി ടെഹ്‌റാനില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഒമാന്‍ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദുമായി കഴിഞ്ഞ ആഴ്ച ടെലഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് യൂസഫ് ബിന്‍ അലവി ടെഹ്‌റാനില്‍ സന്ദര്‍ശനം നടത്തിയത്. ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി അലവി ചര്‍ച്ചകള്‍ നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധത്തിന് പ്രേരണ നല്‍കുന്നത് ബി ടീം

ട്രംപിന്റെ കൂര്‍മ്മബുദ്ധിയുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇറാനുമായുള്ള യുദ്ധനീക്കങ്ങളുടെ പ്രേരണാശക്തിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി ടീമിന്റെ പ്രേരണയിലാണ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സരീഫും ആരോപിച്ചു. ബോള്‍ട്ടന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സൗദി അറേബ്യ, അബുദാബി കിരീടാവകാശികളായ മുഹമ്മദ് ബിന്‍ സല്‍മാന്‍, ഷേഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവരെയാണ് ബി ടീം എന്നത് കൊണ്ട് സരീഫ് അര്‍ത്ഥമാക്കിയതെന്നാണ് സൂചന. പശ്ചിമേഷ്യന്‍ മേഖലയില്‍ കഴിഞ്ഞിടെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ അറബ്, ഗള്‍ഫ് നേതാക്കളുടെ അടിയന്തര ഉച്ചകോടി വിളിച്ചിട്ടുണ്ട്.

ആക്രമണങ്ങളില്‍ പങ്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിലും യുഎഇയിലും ഉണ്ടായ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ടെഹ്‌റാനും ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗട്ടേഴ്‌സിന് കത്തയച്ചിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: America-Iran