അഞ്ച് മികച്ച ബൈക്കുകള്‍

അഞ്ച് മികച്ച ബൈക്കുകള്‍

ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന അഞ്ച് മികച്ച ബൈക്കുകള്‍. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില

ഹീറോ എക്‌സ്ട്രീം 200എസ്

ഹീറോ എക്‌സ്ട്രീം 200ആര്‍ കയ്യടക്കിവെച്ചിരുന്ന സ്ഥാനമാണ് ഇപ്പോള്‍ പുതുതായി വിപണിയിലെത്തിയ എക്‌സ്ട്രീം 200എസ് അപഹരിച്ചത്. അധിക ഫീച്ചറുകളും സാങ്കേതികവിദ്യകളുമാണ് എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിനെ ഒഴിവാക്കി ഈ അഞ്ചംഗ പട്ടികയില്‍ എക്‌സ്ട്രീം 200എസ് മോഡലിന് ഇടം നേടിക്കൊടുത്തത്. മെക്കാനിക്കല്‍ കാര്യങ്ങളില്‍ എക്‌സ്ട്രീം 200ആര്‍, എക്‌സ്ട്രീം 200എസ് മോഡലുകള്‍ തമ്മില്‍ വ്യത്യാസമില്ല. അതേ പവര്‍ട്രെയ്ന്‍, ഗിയര്‍ബോക്‌സ് എന്നിവ ഉപയോഗിക്കുന്നു. 37 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും 7 സ്‌റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും ഉള്‍പ്പെടെയുള്ള ഷാസി സംവിധാനവും ഇരു ബൈക്കുകളും പങ്കുവെയ്ക്കുന്നു.

ദൈനംദിന സിറ്റി റൈഡുകളില്‍ സുഖപ്രദമായ റൈഡിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് എക്‌സ്ട്രീം 200എസ് എന്ന് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്ന സമയത്ത് ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവിച്ചിരുന്നു. ഹീറോ എക്‌സ്ട്രീം 200എസ് മോട്ടോര്‍സൈക്കിളിന്റെ ഹെഡ്‌ലൈറ്റും ടെയ്ല്‍ലൈറ്റും പൂര്‍ണ്ണമായും എല്‍ഇഡിയാണ്. ബ്ലൂടൂത്ത് എനേബിള്‍ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു. നാവിഗേഷന്‍, ഗിയര്‍ പൊസിഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ അറിയാന്‍ കഴിയും. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളുകളിലൊന്നാണ് ഹീറോ എക്‌സ്ട്രീം 200എസ്. തൊട്ടടുത്ത എതിരാളിയായ സുസുകി ജിക്‌സര്‍ എസ്എഫ് മോട്ടോര്‍സൈക്കിളിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍, മികച്ച രൂപകല്‍പ്പന, കൂടുതല്‍ മൂല്യം എന്നിവ ഹീറോ എക്‌സ്ട്രീം 200എസ് അവകാശപ്പെടുന്നു.

പവര്‍ : 18.4 എച്ച്പി/8,000 ആര്‍പിഎം

ടോര്‍ക്ക് : 17.1 എന്‍എം/6,500 ആര്‍പിഎം

വില : 98,500 രൂപ (ഡെല്‍ഹി എക്‌സ് ഷോറൂം)

ഹീറോ എക്‌സ്പള്‍സ് 200

ഈ പട്ടികയിലെ രണ്ടാമത്തെ ഹീറോ മോട്ടോര്‍സൈക്കിളാണ് എക്‌സ്പള്‍സ് 200. ഇവിടെ പറയുന്ന അഞ്ച് മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും ഒടുവില്‍ വിപണിയിലെത്തിയതും ഹീറോ എക്‌സ്പള്‍സ് 200 തന്നെ. ഹീറോ എക്‌സ്ട്രീം 200ആര്‍ ഉപയോഗിക്കുന്ന അതേ പവര്‍ട്രെയ്‌നാണ് എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓഫ് റോഡിംഗ് സാഹചര്യങ്ങളില്‍ സഹായിക്കുന്നതിനായി വലിയ റിയര്‍ സ്‌പ്രോക്കറ്റ് നല്‍കിയിരിക്കുന്നു. ഹീറോ ഇംപള്‍സിന് പകരക്കാരനായി വളരെക്കാലത്തിനുശേഷം വന്ന മോട്ടോര്‍സൈക്കിളാണ് ഹീറോ എക്‌സ്പള്‍സ് 200. താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകള്‍ കുറവായ വിപണിയില്‍ ഹീറോ എക്‌സ്പള്‍സ് 200 മോഡല്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

ഹീറോ ഇംപള്‍സുമായി താരതമ്യം ചെയ്യുമ്പോള്‍, കൂടുതല്‍ കരുത്തുറ്റ എന്‍ജിന്‍, ഉയരം കുറഞ്ഞ സീറ്റ്, സിംഗിള്‍ ചാനല്‍ എബിഎസ്, ബ്ലൂടൂത്ത് എനേബിള്‍ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. സാധാരണയായി ഡര്‍ട്ട് ബൈക്കുകളില്‍ കാണുന്നതുപോലെ 21/18 ഇഞ്ച് ചക്രങ്ങളിലാണ് ഹീറോ എക്‌സ്പള്‍സ് 200 വരുന്നത്. രണ്ട് വേരിയന്റുകളില്‍ ഹീറോ എക്‌സ്പള്‍സ് 200 ലഭിക്കും. കാര്‍ബുറേറ്റഡ് വേര്‍ഷന് 97,000 രൂപയും ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിന് 1.05 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

പവര്‍ : 18.4 എച്ച്പി/8,000 ആര്‍പിഎം

ടോര്‍ക്ക് : 17.1 എന്‍എം/6,500 ആര്‍പിഎം

വില : 97,000 രൂപ (ഡെല്‍ഹി എക്‌സ് ഷോറൂം)

ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍

സ്വന്തം സെഗ്‌മെന്റില്‍ ആദ്യമായി എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ലഭിച്ച ബൈക്കുകളിലൊന്നാണ് ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍. പരിഷ്‌കരിച്ച സിബി ഹോര്‍ണറ്റ് 160ആര്‍ കഴിഞ്ഞ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏതാനും സ്‌റ്റൈലിംഗ് മാറ്റങ്ങളോടെ അതേ വര്‍ഷം മാര്‍ച്ചില്‍ വിപണിയിലെത്തിച്ചു. എല്‍ഇഡി ഹെഡ്‌ലൈറ്റ്, പൂര്‍ണ്ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. 162.7 സിസി, എയര്‍ കൂള്‍ഡ് മോട്ടോറാണ് ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 8,500 ആര്‍പിഎമ്മില്‍ 15.09 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 14.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ജോലി കൈകാര്യം ചെയ്യുന്നത്.

പവര്‍ : 15.09 എച്ച്പി/8,500 ആര്‍പിഎം

ടോര്‍ക്ക് : 14.5 എന്‍എം/6,500 ആര്‍പിഎം

വില : 92,000 രൂപ (എബിഎസ് സ്റ്റാന്‍ഡേഡ്), 94,500 രൂപ (എബിഎസ് ഡീലക്‌സ്)

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി

സ്വന്തം സെഗ്‌മെന്റില്‍ ഏറ്റവും കരുത്തുറ്റ എന്‍ജിന്‍ തനിക്കാണ് എന്ന് മേനി നടിക്കുന്നവനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി. മാത്രമല്ല, കാര്‍ബുറേറ്റര്‍, ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ എന്നീ രണ്ട് ഓപ്ഷനുകളില്‍ ബൈക്ക് ലഭിക്കും. മിക്ക എതിരാളികളിലും 2 വാല്‍വ് ഹെഡ് ആണെങ്കില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളിന് 4 വാല്‍വ് ടെക്‌നോളജി ലഭിച്ചു. പുതിയ ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍ തലമുറ മോഡല്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ ഉപയോഗിച്ചപ്പോള്‍ പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത് മോണോഷോക്കാണ്.

ഒരു പതിറ്റാണ്ട് മുമ്പാണ് ആദ്യമായി വിപണിയില്‍ അവതിപ്പിച്ചതെങ്കിലും കാലാനുസൃതമായി ആര്‍ടിആര്‍ 160 മോടി വരുത്തുന്നതില്‍ ടിവിഎസ് താല്‍പ്പര്യം കാണിച്ചു. ആര്‍ടിആര്‍ 200 മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് ആര്‍ടിആര്‍ 160 4വി എടുത്തണിഞ്ഞിരിക്കുന്നു. ഇന്ധന ടാങ്ക്, ഹെഡ്‌ലൈറ്റ്, ടെയ്ല്‍ലൈറ്റ്, ഇന്‍സ്ട്രുമെന്റേഷന്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 മോട്ടോര്‍സൈക്കിളില്‍ കാണുന്നതുതന്നെയാണ്. ‘ഷോട്ട്ഗണ്‍’ എക്‌സോസ്റ്റ് ഡിസൈന്‍, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റ് എന്നിവയും അതേപോലെ പകര്‍ത്തിയിരിക്കുന്നു. എന്നാല്‍ സെന്റര്‍ ബോഡി പാനല്‍ വ്യത്യസ്തമാണ്. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 മോഡലിന്റെ കൂടുതല്‍ കമ്യൂട്ടര്‍ വേര്‍ഷനാണ് തെരയുന്നതെങ്കില്‍ 160 4വി വാങ്ങാവുന്നതാണ്. 159.7 സിസി എന്‍ജിനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.

പവര്‍ : 16.8 എച്ച്പി/8,000 ആര്‍പിഎം (ഇഎഫ്‌ഐ), 16.5 എച്ച്പി/8,000 ആര്‍പിഎം (കാര്‍ബുറേറ്റര്‍)

ടോര്‍ക്ക് : 14.8 എന്‍എം/6,500 ആര്‍പിഎം

വില : 89,785 രൂപ (എബിഎസ് ഡ്രം ബ്രേക്ക്), 92,785 രൂപ (എബിഎസ് ഡിസ്‌ക് ബ്രേക്ക്), 98,785 രൂപ (ഇഎഫ്‌ഐ എബിഎസ്)

സുസുകി ജിക്‌സര്‍/ജിക്‌സര്‍ എസ്എഫ്

ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന മോട്ടോര്‍സൈക്കിളുകളില്‍ മിക്കവരുടെയും ഫേവറിറ്റ് മോഡല്‍ സുസുകി ജിക്‌സര്‍ അല്ലെങ്കില്‍ അതിന്റെ ഫെയേര്‍ഡ് സഹോദരനായ ജിക്‌സര്‍ എസ്എഫ് ആയിരിക്കും. 2014 ലാണ് സുസുകി ജിക്‌സര്‍ വിപണിയിലെത്തിക്കുന്നത്. റൈഡിംഗ് സുഖം ഒന്നുകൊണ്ടുതന്നെ മിക്കവരുടെയും ഇഷ്ടപ്പെട്ട ബൈക്കുകളിലൊന്നായി സുസുകി ജിക്‌സര്‍ മാറി. പ്രായോഗികത പരിഗണിക്കുമ്പോള്‍ സുസുകി ജിക്‌സര്‍ പിന്നെയും ഏറെ മാര്‍ക്ക് വാങ്ങും.

സുഖിച്ചിരിക്കാവുന്ന സീറ്റും സീറ്റിംഗ് പൊസിഷനും സുസുകി ജിക്‌സറിന്റെ ആകര്‍ഷക ഘടകങ്ങളാണ്. 135 കിലോഗ്രാം മാത്രമാണ് കെര്‍ബ് വെയ്റ്റ്. ഓപ്ഷണലായി റിയര്‍ ഡിസ്‌ക് ബ്രേക്ക്, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവ നല്‍കി ഈയിടെ പരിഷ്‌കരിച്ചിരുന്നു. ജിക്‌സര്‍ എസ്എഫ് ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിലും ലഭിക്കും. എന്നാല്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരും. ഫെയേര്‍ഡ്, നോണ്‍ ഫെയേര്‍ഡ് രൂപങ്ങളില്‍ ഒരുപോലെ ഗംഭീര മോട്ടോര്‍സൈക്കിളാണ് സുസുകി ജിക്‌സര്‍. റേസ് പ്രചോദിതമായ നീല നിറം ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു. 154.9 സിസി എന്‍ജിനാണ് സുസുകി ജിക്‌സര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.

Comments

comments

Categories: Auto
Tags: Best bikes