യുദ്ധമാണെങ്കില്‍ ഇറാന്റെ അവസാനമെന്ന് ട്രംപിന്റെ താക്കീത്

യുദ്ധമാണെങ്കില്‍ ഇറാന്റെ അവസാനമെന്ന് ട്രംപിന്റെ താക്കീത്

ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ്

അമേരിക്കന്‍ താല്‍പര്യങ്ങളെ ലക്ഷ്യമാക്കി ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇറാനെ തകര്‍ത്തു കളയുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളെ എതിരിടാന്‍ കഴിയുമെന്ന വ്യാമോഹം ഒരു രാജ്യത്തിനും ഇല്ലെന്ന ഇറാന്‍ വെല്ലുവിളിക്ക് തൊട്ടുപിന്നാലെയാണ് ഇറാന് പ്രത്യക്ഷത്തിലുള്ള താക്കീതുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

യുദ്ധമാണ് ഇറാന് വേണ്ടതെങ്കില്‍, ഇറാന്റെ ഔദ്യോഗികമായുള്ള അവസാനമായിരിക്കും അത്. വീണ്ടുമൊരിക്കല്‍ അമേരിക്കയെ ഭീഷണിപ്പെടുത്തരുത് ട്വിറ്ററിലൂടെ ട്രംപ് ഭീഷണി മുഴക്കി.

സൗദി അറേബ്യയുടെ ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെയും നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും എംബസികളും ഉള്‍പ്പെടുന്ന ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സംരക്ഷിത മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഇറാന് നേരെ ട്രംപ് കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. റോക്കറ്റ് ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബാഗ്ദാദ് എംബസിയിലും വടക്കന്‍ ഇറാഖിലെ എര്‍ബില്‍ കോണ്‍സുലേറ്റിലുമുള്ള അടിയന്തര ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ വാഷിംഗ്ടണ്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം സൗദിയില്‍ എണ്ണ പൈപ്പ്‌ലൈനുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂത്തി കലാപകാരികള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ യുഎഇയിലെ ഫുജെയ്‌റ തുറമുഖത്ത് സൗദി അറേബ്യയുടെ എണ്ണക്കപ്പലുകള്‍ അടക്കമുള്ള ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ആരും ഏറ്റെടുത്തിട്ടില്ല. ഈ ആക്രമണങ്ങളുടെയെല്ലാം പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്കയുടെ ആരോപണം.

ഇറാനുമായി ഒരു ഏറ്റുമുട്ടലിനുള്ള സാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യന്‍ മേഖലയില്‍ ഈ മാസം ആദ്യം വിമാനവാഹിനിക്കപ്പലുകളും ബോബര്‍ വിമാനങ്ങളും വാഷിംഗ്ടണ്‍ വിന്യസിച്ചിരുന്നു.

Comments

comments

Categories: Arabia