യുബറിനും കരീമിനും പുതിയ എതിരാളി ടാലിക്‌സോ

യുബറിനും കരീമിനും പുതിയ എതിരാളി ടാലിക്‌സോ

എതിരാളികളില്‍ നിന്നും വ്യത്യസ്തമായി മുന്‍കൂട്ടി ബുക്ക് ചെയ്തുള്ള ഗതാഗതത്തിനാണ് ടാലിക്‌സോ പ്രാധാന്യം നല്‍കുന്നത്

അബുദാബി: പശ്ചിമേഷ്യയില്‍ യുബറിനും കരീമിനും എതിരെ ശക്തമായ മത്സരത്തിനൊരുങ്ങി യൂറോപ്യന്‍ കാര്‍ ബുക്കിംഗ് പോര്‍ട്ടലായ ടാലിക്‌സോ. തങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നാണ് പശ്ചിമേഷ്യയെന്നും പശ്ചിമേഷ്യയിലെ നിക്ഷേപകരുടെ താല്‍പര്യം പിടിച്ചുപറ്റാന്‍ സാധിക്കുന്നുണ്ടെന്നുമാണ് ടാലിക്‌സോയുടെ അവകാശവാദം.

2012ല്‍ ബെര്‍ലിനില്‍ സ്ഥാപിതമായ ടാലിക്‌സോ ഇതിനോടകം തന്നെ പശ്ചിമേഷ്യയിലെ ഒരു ഡസനോളം നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ആപ്പ് അധിഷ്ഠിത ടാക്‌സി കമ്പനികള്‍ മുന്‍കൂട്ടി നിശ്ചയിക്കാത്ത, അനൗപചാരിക യാത്രകള്‍ നടത്തുമ്പോള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തുള്ള ഗതാഗതത്തിന് മാത്രമാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ടാലിക്‌സോ അവകാശപ്പെടുന്നു. യുബറും കരീമുമായി ടാലിക്‌സോയെ വേര്‍തിരിക്കുന്ന പ്രധാനഘടകമായി കമ്പനി ചൂണ്ടിക്കാണിക്കുന്നതും അതാണ്.

പശ്ചിമേഷ്യയില്‍ മനാമ, അമ്മാന്‍, കുവൈറ്റ് സിറ്റി, ബെയ്‌റൂട്ട്, മസ്‌കറ്റ്, ദോഹ, റിയാദ്, ജിദ്ദ, ദമാം, മദീന, മക്ക, ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് ടാലിക്‌സോ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ടൂര്‍ ഓപ്പറേറ്റര്‍മാരിലൂടെയുമാണ് നിലവില്‍ കമ്പനിക്ക് ഉപഭോക്താക്കളെ ലഭിക്കുന്നത്. ഭാവിയില്‍ പ്രാദേശിക ശൃംഖലയും ഉപഭോക്താക്കളുടെ എണ്ണവും കൂട്ടാനുള്ള പദ്ധതികളെ കുറിച്ച്് കമ്പനി ആലോചിക്കുന്നുണ്ട്.

ഇതുവരെ 12.27 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാന്‍ ടാലിക്‌സോയ്ക്ക് സാധിച്ചിട്ടുണ്ട്. ജര്‍മന്‍ റെയില്‍വേ കമ്പനിയായ ഡച്ച് ബാന്‍, സ്വിസ്സ് എന്‍ജിനീയറിംഗ് കമ്പനിയായ അമ്മാന്‍ ഗ്രൂപ്പ്, സ്വകാര്യ ഓഹരി കമ്പനിയായ ടിഎ ക്യാപ്പിറ്റല്‍ എന്നീ കമ്പനികള്‍ ടാലിക്‌സോയില്‍ നിക്ഷേപകരാണ്. ഉമ്ര, ഹജ്ജ് തീര്‍ത്ഥാടനത്തെ മുന്‍നിര്‍ത്തി ഹലാല്‍ ട്രാവല്‍ എന്ന ആശയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി പ്രാദേശിക നിക്ഷേപകര്‍ കമ്പനിയെ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് ടാലിക്‌സോയിലെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ ഹെന്റി ജോസഫ് ഗ്രാന്റ് പറയുന്നു.

Comments

comments

Categories: Arabia
Tags: Talixo, Uber