മല്‍സരം കടുപ്പിക്കാന്‍ സുസുകി ജിക്‌സര്‍ എസ്എഫ് 250

മല്‍സരം കടുപ്പിക്കാന്‍ സുസുകി ജിക്‌സര്‍ എസ്എഫ് 250

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.71 ലക്ഷം രൂപ

സുസുകി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ വിപണിയില്‍ 250 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ജിക്‌സര്‍ എസ്എഫ് 250 മോഡലാണ് പുറത്തിറക്കിയത്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണി ആകാംക്ഷയോടെയാണ് സുസുകിയുടെ ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന് കാത്തിരുന്നത്. ഇന്ത്യയിലെ 250 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ സുസുകി ഇതോടെ തിരിച്ചെത്തിയെന്ന് പറയാം. 1.71 ലക്ഷം രൂപയാണ് സുസുകി ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. പാരലല്‍ ട്വിന്‍ എന്‍ജിനുമായി വന്ന സുസുകി ഇനാസുമ ആയിരുന്നു ഈ സെഗ്‌മെന്റിലെ ആദ്യ പരീക്ഷണം. എന്നാല്‍ വിപണിയില്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

200-250 സിസി സെഗ്‌മെന്റിലെ പ്രഗല്‍ഭരെ എതിരിടാനാണ് സുസുകി ജിക്‌സര്‍ എസ്എഫ് 250 വരുന്നത്. ബജാജ് പള്‍സര്‍ ആര്‍എസ് 200, യമഹ ഫേസര്‍ 25, ഹോണ്ട സിബിആര്‍250ആര്‍, കെടിഎം ആര്‍സി200 തുടങ്ങിയവരുമായി കൊമ്പുകോര്‍ക്കും. നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്ന 250 സിസി ബൈക്കുകളുടെ ഏതാണ്ട് അതേ വിലയാണ് ജിക്‌സര്‍ എസ്എഫ് 250 മോഡലിന് നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ഡിസൈന്‍ ഭാഷയിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്. പഴയ ജിഎസ്എക്‌സ് മോഡലുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് പുതിയ ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍. പ്രത്യേകിച്ച് പൂര്‍ണ്ണ എല്‍ഇഡിയായ, മൂന്ന് ഭാഗങ്ങളോടുകൂടിയ ഹെഡ്‌ലാംപ് ക്ലസ്റ്റര്‍. മുനയും മൂര്‍ച്ചയുമുള്ളതാണ് ഫെയറിംഗ്. ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഇരട്ടക്കുഴല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവ നല്‍കിയിരിക്കുന്നു.

249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, എസ്ഒഎച്ച്‌സി എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 9,000 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 22.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 161 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. മള്‍ട്ടി സ്‌പോക്ക് 17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് വരുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്.

Comments

comments

Categories: Auto