‘വിപണിക്ക് വേണ്ടത് സുസ്ഥിര സര്‍ക്കാരും ശക്തമായ പ്രതിപക്ഷവും’

‘വിപണിക്ക് വേണ്ടത് സുസ്ഥിര സര്‍ക്കാരും ശക്തമായ പ്രതിപക്ഷവും’

രാജ്യത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറാനിരിക്കയാണ്. ജനങ്ങളും വിപണിയും പലതരത്തിലുള്ള പ്രതീക്ഷകളാണ് വെച്ച്പുലര്‍ത്തുന്നത്. സുസ്ഥിരമായ സര്‍ക്കാരും ശക്തമായ പ്രതിപക്ഷവുമാണ് ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടുകയെന്ന് പറയുന്നു ഓഹരി വിപണി മേഖലയിലെ പ്രമുഖ സംരംഭകനായ അക്ഷയ് അഗര്‍വാള്‍. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും നിലിവിലെ സാമൂഹ്യ, രാഷ്ട്രീയ കാലാവസ്ഥയില്‍ ഓഹരി വിപണി ഏത് ദിശയിലാണ് ചലിക്കുന്നത് എന്നതിനെക്കുറിച്ചും ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്റ്റര്‍ കൂടിയായ അക്ഷയ് അഗര്‍വാള്‍ തുറന്ന് സംസാരിക്കുന്നു

  • നോട്ട് അസാധുവാക്കലിന് ശേഷം ജനങ്ങളുടെ നിക്ഷേപശീലത്തില്‍ മാറ്റം വന്നു
  • പരമ്പരാഗതമായി സമ്പാദ്യ ശീലമുള്ളവരാണ് മലയാളികള്‍; ഓഹരിവിപണിയോടും പ്രിയമേറുന്നു
  • സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ നിങ്ങളുടെ വരുമാനം എത്രയാണെങ്കിലും റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാം
  • കുറച്ച് പണം ബാങ്കിലും കുറച്ച് പണം സ്റ്റോക്കിലും നിക്ഷേപിക്കുകയാണ് ഉചിതം
  • എന്‍ഡിഎ ഗവണ്‍മെന്റ് തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്

അക്യുമെന്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജിബി മാത്യു, അക്ഷയ് അഗര്‍വാള്‍, അഖിലേഷ് അഗര്‍വാള്‍

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് അനുഗുണമാകുന്നത് ഏത് തരത്തിലുള്ള സര്‍ക്കാരാണ്?

നിക്ഷേപകര്‍ക്ക് എന്നും സുസ്ഥിരമായ ഗവണ്‍മെന്റിനോടാണ് താല്‍പ്പര്യം. ഇന്ത്യ പോലെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ശക്തമായ പ്രതിപക്ഷവും സുസ്ഥിരമായ സര്‍ക്കാരുമാണ് ആവശ്യം. അല്ലെങ്കില്‍ ഭീഷണിപ്പെടുത്തലുകള്‍ എപ്പോഴും തലപൊക്കും. ഭരിക്കുന്ന നേതാവിന് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റാതെയുമുള്ള സാഹചര്യങ്ങളുമുണ്ടാകും. ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചേക്കാം. ഒടുവില്‍ ഫലം നേരെ വിപരീതമാകും. നല്ല ഭരണം കാഴ്ചവെക്കുന്നതിന് പകരം സ്വന്തം നിലനില്‍പ്പിനായി മാത്രമാകും അത്തരം കൂട്ടുകക്ഷി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം. അതുകൊണ്ടു നമുക്ക് വേണ്ടത് ഒരു സുസ്ഥിര സര്‍ക്കാരാണ്. അതേസമയം, അടുത്തിടെ ദൃശ്യമായതുപോലെ ഏകാധിപത്യ ശൈലിയിലേക്ക് സുസ്ഥിര ഭരണം മാറുകയുമരുത്.

പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയുടെ പ്രകടനത്തെ എങ്ങനെ നോക്കിക്കാണുന്നു?

എന്‍ഡിഎ ഗവണ്‍മെന്റ് തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് ഓഹരി വിപണിയില്‍ കണ്ടത്. സീറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മാര്‍ക്കറ്റ് ഏത് ദിശയിലേക്ക് പോകുമെന്ന് പറയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ച് അധികാരത്തില്‍ വന്നില്ലെങ്കില്‍ 5-10 ശതമാനം ഇടിവ് പ്രതീക്ഷിക്കാം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തെ ഒരു സംരംഭകനെന്ന നിലയില്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? ഇക്കാലയളവില്‍ വിപണിയുടെ പ്രകടനം എത്തരത്തിലുള്ളതായിരുന്നു?

ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. നോട്ട് അസാധുവാക്കല്‍ പൂര്‍ണമായി ഒരു വിജയമല്ലെന്ന് പറയുന്നുണ്ടെങ്കിലും രാജ്യത്ത് സുപ്രധാനമായ ചില മാറ്റങ്ങള്‍ ഇത് മൂലം വന്നിട്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് മൂലം കള്ളപ്പണം സൂക്ഷിക്കാന്‍ ആളുകള്‍ക്ക് ഭയം തോന്നി തുടങ്ങി. ആളുകള്‍ വീട്ടില്‍ സൂക്ഷിച്ച പണം ബാങ്കുകളിലേക്കും പിന്നീട് സ്റ്റോക്ക് മാര്‍ക്കറ്റിലേക്കും എത്തി തുടങ്ങി. മുമ്പ്, ലക്ഷക്കണക്കിന് രൂപയുടെ ഫലപ്രദമല്ലാത്ത പണം നോട്ട് അസാധുവാക്കലിന് ശേഷം ഫലപ്രദമാകുകയും നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്തു. പണം വിപണിയിലേക്ക് ഒഴുകിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കഴിഞ്ഞ അന്‍പത് വര്‍ഷം തുറന്ന അത്രയും ബാങ്ക് എക്കൗണ്ടുകള്‍ പോയ അഞ്ചു വര്‍ഷം കൊണ്ട് തുറക്കാന്‍ സാധിച്ചു. ഇങ്ങനെ ഒരുപാട് പരിഷ്‌കരണങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ട്. ആദ്യം ചെറിയ തടസങ്ങള്‍ അനുഭവപ്പെട്ടെങ്കിലും പിന്നീട് എല്ലാം പഴയപോലെ ആയി. ചരക്ക് സേവന (ജിഎസ്ടി) നികുതിയിലും ഇത് തന്നെയാണ് സംഭവിച്ചത്. ഒരു വീട് പെയിന്റ് അടിച്ചു കഴിഞ്ഞാല്‍ അതില്‍ വീണ്ടും എല്ലാം സാധനങ്ങളും ക്രമത്തില്‍ സെറ്റ് ചെയ്ത് താമസിക്കാന്‍ കുറച്ച് സമയം എടുക്കും. അതുപോലെ തന്നെയാണ് 125 കോടി ജനങ്ങള്‍ വസിക്കുന്ന ഒരു രാജ്യത്ത് ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നടത്തുമ്പോള്‍ സംഭവിക്കുന്നതും. വീണ്ടും പഴയ സ്ഥിതിയില്‍ അകാന്‍ ചിലപ്പോള്‍ കുറച്ച് സമയം എടുത്തേക്കാം. മികച്ച ഭൂരിപക്ഷത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം അവര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫലം നമ്മള്‍ക്ക് കാണാം.

ഓഹരിയില്‍ നിക്ഷേപിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് എത്രമാത്രം താല്‍പ്പര്യമുണ്ട്? ഇവിടുത്തെ ട്രെന്‍ഡ് എങ്ങനെയാണ്?

പരമ്പരാഗതമായി കേരളത്തിലെ ജനങ്ങള്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ മലയാളികളുടെ പങ്ക് വര്‍ധിച്ചു വരികയുമാണ്. യുവാക്കള്‍ ഈ മേഖലയിലേക്ക് കൂടുതല്‍ കടന്നുവന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച്-എട്ട് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കേരളം ആസ്ഥാനമാക്കിയ സ്ഥാപനങ്ങള്‍ (ഉദാഹരണത്തിന്-വി ഗാര്‍ഡ്, കിറ്റെക്സ്, ജിയോജിത്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ്, മണപ്പുറം) നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് നല്‍കിവരുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നിരവധി ലിസ്റ്റഡ് കമ്പനികള്‍ കേരളത്തില്‍ നിന്നും ഉയര്‍ന്നുവന്നു. സംസ്ഥാനത്ത് നിന്ന് കൂടുതല്‍ നിക്ഷേപകര്‍ ഓഹരിവിപണിയിലെത്തുന്നതിനും ഇത് ഉത്‌പ്രേരകമായി. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം കൊണ്ട് ഉണ്ടാവുന്ന വന്‍ നേട്ടങ്ങളെ കുറിച്ച് ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയതും പരസ്യങ്ങളില്‍ വന്ന മാറ്റങ്ങളുമൊക്കെ ഈ മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതും മലയാളികളുടെ നിക്ഷേപക സ്വഭാവം മെച്ചപ്പെടുത്തി. സ്വന്തം വീട്ടില്‍ സൂക്ഷിച്ച പണം പലരും ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായും ധനകാര്യ സ്ഥാപനങ്ങളില്‍ മ്യൂച്ചല്‍ ഫണ്ടായുമെല്ലാം നിക്ഷേപിക്കാന്‍ തുടങ്ങി. നോട്ട് അസാധുവാക്കല്‍ കാരണം ഭൂമിയുടെ വിലയിലും സ്വര്‍ണത്തിന്റെ വിലയിലും കാര്യമായ മാറ്റങ്ങളോ വര്‍ദ്ധനവോ ഉണ്ടായില്ല. ഇത് കാരണം ആളുകള്‍ സ്ഥിരനിക്ഷേപത്തെയും ഓഹരി വിപണിയെയും എല്ലാം ആശ്രയിക്കുന്ന പ്രവണത ശക്തമാകാന്‍ തുടങ്ങി. ഫിക്സഡ് ഡിപ്പോസിറ്റില്‍ നിന്നും വെറും ആറ് ശതമാനം റിട്ടേണ്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതുകൊണ്ട് ആളുകള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ പ്രിയം കൂടുന്നുണ്ട്. നിക്ഷേപകര്‍ക്ക് ലാഭം കിട്ടി തുടങ്ങിയതോടെ അവര്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ ഒരു നിക്ഷേപ മാര്‍ഗമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്.

മാര്‍ക്കറ്റ് ഇടിയുമ്പോളും എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍)യെ അത് ബാധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. എസ്ഐപി നിക്ഷേപം കൃത്യമായി പിന്തുടരുന്ന നിരവധി പേരുണ്ട്. ഇതൊരു പോസിറ്റീവ് ട്രെന്‍ഡാണ്. ആദ്യം ഇന്ത്യന്‍ മാര്‍ക്കറ്റ് പൂര്‍ണമായും എഫ്ഐഐ (വിദേശ സ്ഥാപക നിക്ഷേപകര്‍-ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) നിയന്ത്രണത്തിലായിരുന്നു. എഫ്ഐഐ ഒരു 5000 കോടി വിറ്റാല്‍ നിഫ്റ്റി രണ്ടു ശതമാനം കുറയും. എന്നാല്‍ കഴിഞ്ഞ വര്‍ഷം എഫ്ഐഐ ഭീമമായ തുക വിറ്റെങ്കിലും മാര്‍ക്കറ്റിനെ അതത്ര ബാധിച്ചില്ല. അതിന് പ്രധാന കാരണം ഇന്ത്യക്കാരുടെ പണം വിപണിയിലേക്ക് എത്തുന്നുണ്ട് എന്നതായിരുന്നു. വിദേശ പണത്തിന്റെ വില്‍പ്പനയും ഇന്ത്യന്‍ പണത്തിന്റെ വാങ്ങലും ചേര്‍ന്ന് പോകുന്നുണ്ടായിരുന്നു. ഇത് മാര്‍ക്കറ്റിനെ മികച്ച നിലയില്‍ നിര്‍ത്തി.

ഭാവിയില്‍ മികച്ച സാധ്യതയുള്ള കമ്പനികളില്‍ മുന്‍കൂട്ടി നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്?

ഒരു കമ്പനിയുടെ വളര്‍ച്ചാനിരക്കും പ്രവര്‍ത്തനവും നിരീക്ഷിച്ച ശേഷമാണ് ഞങ്ങള്‍ പണം നിക്ഷേപിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചാ നിരക്ക് വ്യവസായ മാനദണ്ഡങ്ങളേക്കാള്‍ മുകളിലും അവയ്ക്ക് മികച്ച പ്രവര്‍ത്തന ചരിത്രവും ഉണ്ടെങ്കില്‍ ധൈര്യമായി നിക്ഷേപിക്കാം. അഞ്ചു കൊല്ലം സ്ഥിരമായി എസ്ഐപി ചെയ്തിട്ടുണ്ടെങ്കില്‍ പണം നഷ്ടപ്പെടില്ല.

അക്യുമെനിലെ ഒരു പരിശീലന ക്ലാസ്‌

ബാങ്ക് നിക്ഷേപവും ഓഹരി നിക്ഷേപവും താരതമ്യം ചെയ്യാമോ?

കുറച്ച് പണം ബാങ്കിലും കുറച്ച് പണം സ്റ്റോക്കിലും നിക്ഷേപിക്കാം എന്നാണ് എന്റെ അഭിപ്രായം. പെട്ടന്ന് ഒരു ആവശ്യം വരുമ്പോള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പറ്റണം. നാല്-അഞ്ചു വര്‍ഷത്തെ വരുമാനം എങ്കിലും ബാങ്കില്‍ വേണം. ബാക്കി സ്റ്റോക്കില്‍ നിക്ഷേപ്പിക്കുന്നതാണ് ഉത്തമം. കാരണം അവിടെയാണ് കൂടുതല്‍ നേട്ടം ലഭിക്കുന്നത്. ഓഹരി വ്യാപാരത്തില്‍ നിന്നുള്ള ലാഭം നമ്മുടെ ബാങ്കിലെ നിക്ഷേപത്തേക്കാള്‍ ഇരട്ടി വരും.

ഓഹരി ഇടപാടിന് പുറമേ അക്യുമെന്‍ മറ്റന്തെല്ലാം സേവനങ്ങളാണ് നല്‍കുന്നത്?

അവധി വ്യാപാരം, ഡിപ്പോസിറ്ററി സേവനം, ലോണ്‍സ് ആന്‍ഡ് ഫണ്ടിംഗ്, മൂ്യച്വല്‍ ഫണ്ട്, ഐപിഒ ഇന്‍വെസ്റ്റ്‌മെന്റ്‌സ് തുടങ്ങിയ രംഗങ്ങളിലെല്ലാം അക്യുമെന്റെ സേവനമുണ്ട്. വെല്‍ത്ത് മാനേജ്‌മെന്റ് മേഖലയില്‍ അക്യുമെന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ന് 30 ബ്രാഞ്ചുകളും 520 ട്രേഡിംഗ് ലൊക്കേഷനുകളുമാണ്‌ അക്യുമെനുള്ളത്. ഇവയുടെയെല്ലാം സഹകരണത്തോടെ ജനങ്ങളില്‍ ഓഹരി നിക്ഷേപത്തെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ട്രെയ്‌നിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത് കമ്പനിയുടെ വളര്‍ച്ചയ്ക്കും സഹായകമാകുന്നു. ഞങ്ങളുടെ ട്രെയ്‌നിംഗ് ഡിവിഷന്‍ എല്ലാ മാസവും പത്തു മണിക്കൂര്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. പരിശീലന ക്ലാസുകള്‍ കൂടുതല്‍ ആരംഭിച്ചതോടെ പലര്‍ക്കും ഓഹരി വ്യാപാരത്തെകുറിച്ച് മികച്ച ധാരണ ലഭിച്ചു. വിപണിയുമായി പരിചയമില്ലാത്ത സാധാരണക്കാരന് നല്ല അവസരമായിരുന്നു അത്.

കോളെജുകളില്‍ ട്രെയ്‌നിംഗ് ക്ലാസുകള്‍ ആരംഭിച്ചതോടെ ധാരാളം കുട്ടികള്‍ക്ക് ഈ രംഗത്തേക്ക് വരാനുള്ള താല്‍പ്പര്യമുണ്ടായി. പലരും പിന്നീട് ഈ കമ്പനിയില്‍ തന്നെ എത്തി. സൗത്ത് ഇന്ത്യയില്‍ പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായി അക്യുമെന്‍ വളര്‍ന്നു കഴിഞ്ഞു.

അക്യുമെന്‍ കാപിറ്റല്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസും കൊച്ചിയിലെ സെലിബ്രസ് കാപിറ്റലുമായുള്ള ലയന നടപടികള്‍ ആരംഭിച്ചു. ലയനം പൂര്‍ത്തിയാകുന്നതോടെ അക്യുമെന്‍ കാപിറ്റല്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിക്കും.

താങ്കള്‍ക്ക് പുതിയ തലമുറയ്ക്ക് നല്‍കാനുള്ള നിക്ഷേപ ഉപദേശം എന്താണ്?

കുറച്ചു പണം സ്റ്റോക്കില്‍ നിക്ഷേപിക്കുക. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ പഠിക്കണം. സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ നിങ്ങളുടെ വരുമാനം എത്രയാണെങ്കിലും റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാം. ആദ്യ വരുമാനം ലഭിക്കുമ്പോള്‍ തന്നെ അത് എങ്ങനെ ചെലവാക്കണമെന്നും എത്ര സേവ് ചെയ്യണമെന്നും പ്ലാന്‍ ചെയ്യുക.

Categories: FK Special, Slider