എമിറേറ്റ്‌സ് എന്‍ബിഡി അടക്കം പതിനാറ് ബാങ്കുകള്‍ക്കെതിരെ സൗദിയില്‍ കേന്ദ്ര ബാങ്ക് നടപടി

എമിറേറ്റ്‌സ് എന്‍ബിഡി അടക്കം പതിനാറ് ബാങ്കുകള്‍ക്കെതിരെ സൗദിയില്‍ കേന്ദ്ര ബാങ്ക് നടപടി

വ്യക്തികള്‍ക്ക് വായ്പ നല്‍കുമ്പോള്‍ പുലര്‍ത്തേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി

റിയാദ്: കേന്ദ്ര ബാങ്ക് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ എമിറേറ്റ്‌സ് എന്‍ബിഡി അടക്കം പതിനാറോളം ബാങ്കുകള്‍ക്കെതിരെ നടപടി. വ്യക്തികള്‍ക്ക് വായ്പ നല്‍കുമ്പോള്‍ പുലര്‍ത്തേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് യുഎഇ ബാങ്ക് അടക്കം രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്കെതിരെ കേന്ദ്രബാങ്ക് പിഴ ചുമത്തിയത്. നിയമലംഘനം നടത്തിയ ബാങ്കുകള്‍ എത്രയും പെട്ടന്ന് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ സാധ്യമാക്കും വിധം നീതിയുക്തവും സുതാര്യവുമായ നയങ്ങള്‍ നടപ്പിലാക്കി ഉത്തരവാദിത്തമുള്ള ധന ഇടപാടിനോട് പൂര്‍ണ വിധേയത്വം ഉറപ്പാക്കുന്ന ധനകാര്യ നയങ്ങള്‍ ലംഘംഘിച്ചതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ക്കെതിരെ പിഴ ചുമത്തിയതെന്ന് കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ ധനകാര്യ അതോറിറ്റി(സമ) വ്യക്തമാക്കി. ധനകാര്യ സ്ഥാപനങ്ങളുടെ നീതിയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിനും നടപടിക്രമങ്ങളുടെയും ഇടപാടുകളുടെയും പ്രവര്‍ത്തനമികവ് നിലനിര്‍ത്തുന്നതിനും കൂടി വേണ്ടിയാണ് ബാങ്കുകള്‍ക്കെതിരെ നടപടിയെടുത്തതെന്ന് കേന്ദ്രബാങ്ക് അറിയിച്ചു.

നാഷ്ണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക്, അല്‍ രാജ്ഹി ബാങ്ക്, അല്‍ അഹ്ലി ബാങ്ക്, സൗദി ഫ്രാന്‍സി ബാങ്ക്, അല്‍ റിയാദ് ബാങ്ക്, അല്‍ ജസീറ ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, അലിന്‍മ ബാങ്ക്, സൗദി ഹോം ലോണ്‍സ്, ദര്‍ അല്‍ തംലീക്, അബ്ദുള്‍അലത്തീഫ് ജമീല്‍ ഫിനാന്‍സ്, സൗദി ഫ്രാന്‍സി ഫോര്‍ ഫിനാന്‍സ്, നയിഫത് ഫിനാന്‍സ് കമ്പനി, ഫ്‌ളെക്‌സിബിള്‍ മുറബാഹ ഫിനാന്‍സ്, അല്‍ ജബര്‍ ഫിനാന്‍സിംഗ് കമ്പനി, റയ ഫിനാന്‍സിംഗ് കമ്പനി എന്നീ ബാങ്കുകളാണ് കേന്ദ്രബാങ്കില്‍ നിന്നും നടപടി നേരിട്ടത്.

പിഴ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രബാങ്ക് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഉപഭോക്താക്കളുടെ അവകാശങ്ങളെയും താല്‍പര്യങ്ങളെയും ബാധിക്കാത്ത തരത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രബാങ്കിന്റെ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പൂര്‍ണമായി അനുസരിക്കണമെന്ന് സമയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയാണെന്ന് വെബ്‌സൈറ്റിലൂടെ കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു.

ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ഒന്നാംപാദ ലാഭത്തില്‍ ഈ വര്‍ഷം 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബാങ്കാണ്. ഉയര്‍ന്ന വരുമാനത്തിന്റെയും മെച്ചപ്പെട്ട ഇടപാടുകളുടെയും പശ്ചാത്തലത്തില്‍ 2.7 ബില്യണ്‍ ദിര്‍ഹത്തിന്റെ ലാഭമാണ് ഒന്നാംപാദത്തില്‍ എമിറേറ്റ്‌സ് എന്‍ബിഡി കൊയ്തത്. വായ്പകളിലുള്ള വളര്‍ച്ച മൂലം ഇവിടുത്തെ വാര്‍ഷിക വരുമാനം 15 ശതമാനം വര്‍ധിച്ച് 4.7 ബില്യണ്‍ ദിര്‍ഹമായിരുന്നു.കഴിഞ്ഞ നവംബറില്‍ റിയാദില്‍ രണ്ടാമത്തെ ശാഖ ആരംഭിച്ചതോടെ സൗദി അറേബ്യയിലെ എമിറേറ്റ്‌സ് എന്‍ബിഡി ശാഖകള്‍ നാലായി വളര്‍ന്നു. യുഎഇയ്ക്കും ഈജിപ്തിനും ശേഷം ഏറ്റവും കൂടുതല്‍ എമിറേറ്റ്‌സ് എന്‍ബിഡി ശാഖകള്‍ സൗദി അറേബ്യയിലാണ്. ഇന്ത്യ, സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളിലും എമിറേറ്റ്‌സ് എന്‍ബിഡിയ്ക്ക് ഓഫീസുകളുണ്ട്. സൗദി ആസ്ഥാനമായി റീറ്റെയ്ല്‍, സ്വകാര്യം, ബിസിനസ്, ഹോള്‍സെയില്‍ ബാങ്കിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും എമിറേറ്റ്‌സ് എന്‍ബിഡി ധനസഹായം നല്‍കി വരുന്നു.

Comments

comments

Categories: Arabia